AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഇന്ത്യയിലെ എല്ലാ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

അടുത്തിടെ 'ടോക്സിക്സ് ലിങ്ക്' നടത്തിയ പഠനത്തിൽ രാജ്യത്തെ എല്ലാ ഉപ്പ് പഞ്ചസാര ബ്രാൻഡുകളിലും, 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെ വലിപ്പമുള്ള മൈക്രോ പ്ലാസ്റ്റിക്‌സിനെയാണ് കണ്ടെത്തിയത്.

ഇന്ത്യയിലെ എല്ലാ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
(Image Courtesy: Pinterest)
Nandha Das
Nandha Das | Updated On: 14 Aug 2024 | 02:12 PM

 

ഇന്ത്യയിലെ എല്ലാ ഉപ്പ്, പഞ്ചസാര ബ്രാൻഡുകളിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി പുതിയ പഠന റിപ്പോർട്ട്. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ‘ടോക്സിക്സ് ലിങ്ക്’ നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. കടകളിൽ നിന്നും ഓൺലൈനായും വാങ്ങിയ പത്ത് തരം ഉപ്പുകളും അഞ്ചു തരം പഞ്ചസാരയുമാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്.

പഠനത്തിൽ, ടേബിൾ സാൾട്, റോക്ക് സാൾട്, കടൽ ഉപ്പ്, അസംസ്കൃത ഉപ്പ് എന്നിവയുൾപ്പെടെ എല്ലാത്തരം ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്സിന്റെ സാന്നിധ്യം കണ്ടെത്തി. ഫൈബർ, പെല്ലറ്റ്സ്, ഫിലിംസ് തുടങ്ങി വിവിധ രൂപങ്ങളിലുള്ള പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ് മൈക്രോപ്ലാസ്റ്റിക്സിന്റെ വലിപ്പം.

അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. ഒരു കിലോഗ്രാം ഉപ്പിൽ കണ്ടെത്തിയത് 89.15 മൈക്രോപ്ലാസ്റ്റിക് കഷ്ണങ്ങളാണ്. ഏറ്റവും കുറവ് പ്ലാസ്റ്റിക് കണ്ടെത്തിയത് ഓർഗാനിക് കല്ലുപ്പിലാണ്. ഇവയിൽ ഒരു കിലോഗ്രാമിൽ 6.70 മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമാണ് കണ്ടെത്തിയത്. പഞ്ചസാരയിൽ, ഒരു കിലോഗ്രാമിൽ 11.85 മുതൽ 68.25 കഷണങ്ങൾ വരെയാണ് മൈക്രോപ്ലാസ്റ്റിക്സിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് കണ്ടെത്തിയത് നോൺ-ഓർഗാനിക് പഞ്ചസാരയിലാണ്.

മൈക്രോ പ്ലാസ്റ്റിക്സിന്റെ ഉപയോഗത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായും അടിയന്തരമായും ഗവേഷണം ആവശ്യമാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ആരോഗ്യത്തെയും പരിസ്ഥിതിയെയും ഒരുപോലെ ദോഷം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ പ്രശ്നം ആഗോളതലത്തിൽ ആശങ്ക ഉയർത്തുന്നു.

READ MORE: വായ്പ്പുണ്ണ് നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്

അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ, ശ്വാസകോശം, ഹൃദയം തുടങ്ങിയ മാനുഷയാവയവങ്ങളിലും മുലപ്പാലിലും ഗർഭസ്ഥ ശിശുക്കളിലും വരെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൈക്രോ പ്ലാസ്റ്റിക്‌സ് എന്ന ഈ ചെറിയ പ്ലാസ്റ്റിക് കണികകൾക്ക് വെള്ളം, വായു, ഭക്ഷണം എന്നിവയിലൂടെ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കും.

 

എന്താണ് മൈക്രോ പ്ലാസ്റ്റിക്

 

അഞ്ചു മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോപ്ലാസ്റ്റിക് എന്ന വിളിക്കുന്നത്. അൾട്രാവയലറ്റ് വികിരണങ്ങൾ വഴിയും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ വഴിയുമാണ് വലിയ പ്ലാസ്റ്റിക്ക് കഷ്ണങ്ങൾ ചെറിയ പ്ലാസ്റ്റിക് തരികളയായി മാറുന്നത്. ഇത് വലിയ പ്ലാസ്റ്റിക് കഷ്ണങ്ങളെക്കാളും വലിയ ദോഷമാണ് മണ്ണിനും മനുഷ്യനും പ്രകൃതിക്കും ഉണ്ടാക്കുന്നത്.

 

മൈക്രോപ്ലാസ്റ്റിക്സ് മൂലം വരാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ

മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നത് ഇപ്പോഴും പഠനവിധേയമാണ്. ചില ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് സൂചനകൾ ഉണ്ട്, എന്നാൽ അവയൊന്നും 100 ശതമാനം തെളിയിച്ചിട്ടില്ല. എങ്കിലും വരാൻ സാധ്യതയുള്ള ചില ആരോഗ്യപ്രശ്ങ്ങൾ നോക്കാം:

1. മൈക്രോ പ്ലാസ്റ്റിക്ക് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയാം, ഇതോടെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുന്നു.

2. മൈക്രോ പ്ലാസ്റ്റിക്കിലെ വിഷാംശങ്ങൾ ചിലപ്പോൾ കാൻസറിന് കാരണമാകാം.

3. ഹോർമോണുകളുടെ പ്രവർത്തനം തടസ്സപ്പെടാൻ കാരണമായേക്കാം.

4. മൈക്രോ പ്ലാസ്റ്റിക്കുകൾ ശ്വാസകോശത്തിൽ ചെന്ന് ആസ്തമ പോലുള്ള ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാം.

5. മൈക്രോ പ്ലാസ്റ്റിക്കുകളിൽ ഉള്ള രാസവസ്തുക്കൾ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കാം, ഇത് ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം.

 

ടിവി 9 മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ.