Sabarimala Season 2025: മല ഓടിക്കയറരുത്, വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കരുത്; അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Sabarimala Mandala Kalam Temple Visit: മഴയുള്ളപ്പോൾ മല കയറുന്നതും ഇറങ്ങുന്നതും മാത്രമല്ല അപകടം ഒഴിവാക്കാൻ റോഡ് യാത്രയിലും പ്രത്യേക ശ്രദ്ധവേണം. മഴ പെയ്തതോടെ പമ്പാനദിയിൽ വെള്ളത്തിൻ്റെ ഒഴുക്കും ശക്തമായി തുടങ്ങും. മലവെള്ളപ്പാച്ചിലിന് ശക്തി കൂടുതലായതിനാൽ വെള്ളത്തിലേക്ക് ഇറങ്ങുന്നത് വളരെ ശ്രദ്ധയോടെ വേണം.

Sabarimala
വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തർ വിശ്വാസത്തിൻ്റെ ആത്മീയതയുടെയും മനോഹരമായ ശബരിമല ദർശനത്തിനൊരുങ്ങുകയാണ്. എന്നാൽ മലകയറുമ്പോൾ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ തീർത്ഥാടകർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കാടും മലയും കയറിയുള്ള യാത്ര തന്നെയാണ് മറ്റ് ക്ഷേത്ര ദർശനങ്ങളിൽ നിന്ന് ശബരിമലയെ വ്യത്യസ്തമാക്കുന്നത്. 41 ദിവസത്തെ കഠിനവൃതത്തിന് ശേഷം മലകയറുന്ന ഓരോ ഭക്തരുടെ മനസ്സിൽ അയ്യപ്പസ്വാമിയും ശരണവിളികളും മാത്രമാണുള്ളത്.
എന്നാൽ മലകയറി തിരിച്ചിറങ്ങുന്നത് വരെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അധികം നടക്കാത്ത ഒരു വ്യക്തി ആദ്യമായി മലകയറാൻ പോവുകയാണെങ്കിൽ തീർച്ചയായും ആരോഗ്യ അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ മുൻകരുതൽ എന്നോണം പല കാര്യങ്ങളും ശ്രദ്ധിക്കുക. നിങ്ങൾ മല കയറാനൊരുങ്ങുന്നതിന് മുമ്പ് അതികഠിനമല്ലാത്ത രീതിയിൽ വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. കാരണം പെട്ടെന്ന് ശരീരത്തിന് ആയാസം നൽകുന്നത് ഒരു പക്ഷേ ചിന്തിക്കുന്നതിലും അപ്പുറമുള്ള അസ്വസ്ഥതയ്ക്ക് കാരണമാകുന്നു.
മഴയുള്ളപ്പോൾ
കൂടാതെ മഴ സമയമാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഴയുള്ളപ്പോൾ മല കയറുന്നതും ഇറങ്ങുന്നതും മാത്രമല്ല അപകടം ഒഴിവാക്കാൻ റോഡ് യാത്രയിലും പ്രത്യേക ശ്രദ്ധവേണം. മഴ പെയ്തതോടെ പമ്പാനദിയിൽ വെള്ളത്തിൻ്റെ ഒഴുക്കും ശക്തമായി തുടങ്ങും.
മലവെള്ളപ്പാച്ചിലിന് ശക്തി കൂടുതലായതിനാൽ വെള്ളത്തിലേക്ക് ഇറങ്ങുന്നത് വളരെ ശ്രദ്ധയോടെ വേണം. നീന്താനോ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങാനോ ശ്രമിക്കരുത്. പ്രവേശന കവാടത്തിലൂടെ മാത്രമേ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങാവു. പരിചയമില്ലാത്തതിനാൽ ചില സ്ഥലങ്ങളിലുണ്ടാകുന്ന ചുഴിയും അപകട കെണിയും നമ്മൾ അറിഞ്ഞെന്ന് വരില്ല. പൊലീസിന്റെ നിർദേശങ്ങൾ കർശനമായി ഈസമയം പാലിക്കുക.
ALSO READ: സ്വാമിമാർ കറുത്ത വസ്ത്രം ധരിക്കുന്നതെന്തിന്? ഐതീഹ്യം അറിയാം
വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്
പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങുന്നവർ വസ്ത്രം ഉപേക്ഷിക്കുന്ന ആചാരം ഒഴിവാക്കുക. കുളിക്കാൻ ഇറങ്ങുന്നവർ വസ്ത്രം നദിയിൽ ഉപേക്ഷിക്കരുത്. ഇത് നദിയെ മലിനമാക്കുന്ന പ്രവർത്തിയാണെന്ന് പ്രത്യേകം ഓർക്കണം.
റോഡ് അപകടം
മഴ സമയത്ത് ശബരിമലയിലേക്കുള്ള റോഡ് യാത്ര വളരെ കഠിനമാണ്. ഡ്രൈവർ ഉറങ്ങി പോകുന്നതും അമിതവേഗവും പല അപകടങ്ങൾക്കും മുൻ വർഷങ്ങളിൽ കാരണമായിട്ടുണ്ട്. ഡ്രൈവർമാർക്ക് ശരിയായ ഉറക്കം കിട്ടാതെയും വിശ്രമം ഇല്ലാതെയും വണ്ടി ഓടിക്കരുത്. ക്ഷീണം തോന്നിയാൽ വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക.
മല ഓടിക്കയറരുത്
മലകയറുമ്പോൾ ആവേശത്തിന് ഓടി മലകയറുന്ന പ്രവണത ഒഴിവാക്കുക. പരമാവധി വിശ്രമിച്ച് പതുക്കെ മാത്രം മല കയറുക. പരിചയമില്ലാത്ത വ്യക്തികളെ സംബന്ധിച്ച് വേഗത്തിൽ കയറുമ്പോൾ ഹൃദയമിടിപ്പ് കൂടും. അതു ഹൃദ്രോഗത്തിന് പോലും കാരണമായേക്കാം. കാലിനു ബലം കൊടുത്താണ് പല അയ്യപ്പന്മാരും മലയിറങ്ങുന്നത്. ഇത് പിന്നീട് മുട്ടുവേദനയ്ക്ക് ഇടയാക്കും. അതിനാൽ വിശ്രമിച്ച ശേഷം സാവധാനത്തിൽ മലചവിട്ടുക.
കൂട്ട് പിരിയാതെ
ശബരിമല സീസണിൽ കുഞ്ഞുങ്ങളെയും കൊണ്ടുള്ള യാത്ര വളരെയധികം ശ്രദ്ധിക്കുക. കൊച്ചു കുട്ടികൾ മുതിർന്നവരിൽ നിന്ന് കൂട്ട് പിരിയാതെ പ്രത്യേകം ശ്രദ്ധിക്കണം.