Health Tips: ശർക്കര അമിതമായി കഴിച്ചാൽ എന്ത് സംഭവിക്കും? ആരും പറയാത്ത ചില യാഥാർത്ഥ്യങ്ങൾ
Side Effects Of Eating Too Much Jaggery: ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ശർക്കര ശരീരത്തിന് ഉന്മേഷം നൽകാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും എന്നതിൽ സംശയമില്ല. എന്നാൽ അമൃതും അധികമായാൽ വിഷം എന്ന് പറയുന്നതുപോലെ, പഞ്ചസാരയേക്കാൾ നല്ലതാണെന്ന് കരുതി ശർക്കര അമിതമായി കഴിച്ചാൽ അത് ശരീരത്തിന് വരുത്തിവെക്കുന്ന അപകടങ്ങൾ പലർക്കും അറിയില്ല.
പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഏറ്റവും മികച്ചതും ആരോഗ്യകരവുമായ ഒന്നാണ് ശർക്കര (Jaggery). ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ശർക്കര ശരീരത്തിന് ഉന്മേഷം നൽകാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും എന്നതിൽ സംശയമില്ല. എന്നാൽ അമൃതും അധികമായാൽ വിഷം എന്ന് പറയുന്നതുപോലെ, പഞ്ചസാരയേക്കാൾ നല്ലതാണെന്ന് കരുതി ശർക്കര അമിതമായി കഴിച്ചാൽ അത് ശരീരത്തിന് വരുത്തിവെക്കുന്ന അപകടങ്ങൾ പലർക്കും അറിയില്ല. പലർക്കും അറിയാത്ത ആ രഹസ്യം എന്താണെന്ന് നമുക്ക് നോക്കാം.
ശർക്കര അമിതമായാൽ സംഭവിക്കുന്നത്
പഞ്ചസാരയേക്കാൾ സുരക്ഷിതമാണ് ശർക്കരയെങ്കിലും പ്രമേഹമുള്ളവർ ഇത് അമിതമായി കഴിക്കുന്നത് ഒട്ടും നല്ലതല്ല. കാരണം ശർക്കരയിൽ ഉയർന്ന അളവിൽ സുക്രോസ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമായേക്കാം. പഞ്ചസാരയുടെ അത്രയും തന്നെ കലോറി ശർക്കരയിലുമുണ്ട്. അതുകൂടാതെ കടകളിൽ നിന്ന് വാങ്ങുന്ന ശർക്കര എപ്പോഴും ശുദ്ധമാകണമെന്നില്ല. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചസാര ഒഴിവാക്കി പകരം വലിയ അളവിൽ ശർക്കര ചായയിലും പലഹാരങ്ങളിലും ചേർക്കാറുണ്ട്. നിങ്ങൾ മനസ്സിലാക്കേണ്ടത് 100 ഗ്രാം ശർക്കരയിൽ ഏകദേശം 383 കലോറി അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി ദിവസവും കൂടുതൽ അളവിൽ ശർക്കര കഴിച്ചാൽ ശരീരഭാരം കുറയുന്നതിന് പകരം വൻതോതിൽ കൂടാനാണ് സാധ്യത.
ALSO READ: പ്രമേഹ രോഗികൾക്ക് തണ്ണിമത്തൻ കഴിക്കാമോ? ഇതറിയാതെ പോകരുത്!
ചില ആളുകളിൽ അമിതമായ ശർക്കര ഉപയോഗം വയറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ശർക്കരയ്ക്ക് ശരീരത്തെ ചൂടാക്കാനുള്ള ഒരു സ്വഭാവമുണ്ട്. ചൂടുകാലത്ത് ഇത് അമിതമായി കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനും ദഹനക്കേട്, വയറിളക്കം എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം, പരമ്പരാഗതമായ രീതികളിൽ കൃത്യമായ ശുചിത്വമില്ലാതെ നിർമ്മിക്കുന്ന ശർക്കരകൾ വിപണിയിൽ ലഭ്യമാണ്. ശരിയായി ശുദ്ധീകരിക്കാത്ത ശർക്കരയിൽ സൂക്ഷ്മജീവികളും മറ്റ് ബാക്ടീരിയകളും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് കുട്ടികളിലും മുതിർന്നവരിലും വയറ്റിലെ അണുബാധയ്ക്ക് കാരണമായേക്കാം.
ശരിയായ അളവ് അറിയാം
പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി ചായയിലും കാപ്പിയിലും കുറഞ്ഞ അളവിൽ ശർക്കരയോ പനംകൽക്കണ്ടമോ ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യവാനായ വ്യക്തി ദിവസവും 10 മുതൽ 15 ഗ്രാം വരെ (ഏകദേശം ഒരു ചെറിയ ടീസ്പൂൺ) ശർക്കര മാത്രമേ പരമാവധി കഴിക്കാൻ പാടുള്ളൂ. രാസവസ്തുക്കൾ ചേർക്കാത്ത കടും തവിട്ടുനിറമുള്ള ഓർഗാനിക് ശർക്കര മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. വെളുത്തതോ ഇളം മഞ്ഞയോ ആയ ശർക്കരയിൽ കെമിക്കലുകൾ കൂടുതൽ ഉണ്ടാകാം.
പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുമ്പോഴും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശം തേടുന്നത് നന്നായിരിക്കും. ശർക്കരയിൽ വിറ്റാമിനുകളും മിനറലുകളും ഉണ്ടെന്നത് ശരിയാണെങ്കിലും, അത് അളവിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഏത് വസ്തുവും പരിമിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കില്ല. മറിച്ച്, നല്ലതാണെന്ന് കരുതി അമിതമാകുമ്പോൾ അത് ശരീരത്തിൽ ചില വിപത്തുകൾ വരുത്തിവയ്ക്കും.
English Summary:
Jaggery Is Full of iron and minerals, excess jaggery can heavily impact your metabolism. Discover the alarming side effects of consuming too much jaggery daily, from unexpected weight gain to sudden blood sugar spikes.