Crocs: നിറയെ ദ്വാരങ്ങളുള്ള മോശം ഡിസൈനിൽ നിന്നും ഫാഷന്‍ ട്രെന്റിലേക്ക്; ക്രോക്സിന്‍റെ തലവരമാറ്റിയ കഥ
Success Story of Crocs: ബോട്ട് തൊഴിലാളികളെ ലക്ഷ്യമിട്ട് നിർമിച്ച ചെരുപ്പിന്റെ വാര്‍ഷിക വരുമാനം ഇന്ന് ബില്യണ്‍ ഡോളറുകളാണ്. ലക്ഷ്വറി ബ്രാൻഡായ ക്രോക്സ് ഫുട്ട് വെയറിന്റെ കഥ അറിയാം...

ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വൃത്തിക്കെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ഒരു ചെരിപ്പ്, ഇന്ന് ഫാഷൻ ലോകത്തെ ട്രെന്റായ വാഴുന്നു. ബോട്ട് തൊഴിലാളികളെ ലക്ഷ്യമിട്ട് നിർമിച്ച ചെരുപ്പിന്റെ വാര്‍ഷിക വരുമാനം ഇന്ന് ബില്യണ്‍ ഡോളറുകളാണ്. ലക്ഷ്വറി ബ്രാൻഡായ ക്രോക്സ് ഫുട്ട് വെയറിന്റെ കഥയാണിത്. ആ അവിശ്വസനീയമായ യാത്രയെ കുറിച്ച് അറിഞ്ഞാലോ…
അമേരിക്കയിലെ കൊളാറോഡോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ ഫൂട്‌വെയര്‍ ബ്രാന്‍ഡ് ആണ് ക്രോക്‌സ്. ക്യൂബേക്കിൽ പ്രവർത്തിച്ചിരുന്ന ഫോം ക്രിയേഷൻ കമ്പനിയിലെ ആൻഡ്രൂ റെഡ്ഡിഹോഫാണ് ക്രോക്സിന്റെ ആദ്യ രൂപം ഡിസൈൻ ചെയ്തത്. അന്ന് ബൂട്ട് ഷൂ എന്നായിരുന്നു അവ അറിയപ്പെട്ടിരുന്നത്. വെള്ളത്തിൽ ജോലി ചെയ്യുന്നവർക്കായി സുഖപ്രദവും വഴുതിപ്പോവാത്ത തരത്തിൽ സ്ലിപ് റെസിസ്റ്റന്റ് ആയതും വെള്ളത്തില്‍ പൊങ്ങിക്കിടക്കാനായി ലൈറ്റ് വെയ്റ്റ് ആയതുമായ രീതിയിലായിരുന്നു നിർമാണം.
ക്രോക്സ് എന്ന പേരിന്റെ പിന്നിൽ
ആദ്യകാലത്ത് വെറും ബൂട്ട് ഷൂവായി അറിയപ്പെട്ടിരുന്ന ഈ പാദരക്ഷകൾക്ക് അവിചാരിതമായാണ് ക്രോക്സ് എന്ന പേരിട്ടത്. ഷൂസിനെ ഒരുവശത്ത് നിന്ന് നോക്കുമ്പോള്‍ മുതലയുടെ മുന്‍വശം പോലെയുണ്ടെന്ന കണ്ടെത്തലിലാണ് അതിനാലാണ് ക്രോക്‌സ് എന്ന പേരിട്ടത്. ക്രോക്‌സ് നിര്‍മിക്കുന്ന മെറ്റീരിയലിന്റെ പേരായ ക്രോസ്‌ലൈറ്റിനോട് സമാനമായ പേരാണ് ക്രോക്‌സ് എന്നതും യാദൃശ്ചികം.
ALSO READ: ഈഫൽ ടവറിനേക്കാൾ ഉയരത്തിലൂടെ യാത്ര; ചെനാബ് പാലത്തിലൂടെ വന്ദേഭാരത് യാത്രയ്ക്ക് നൽകേണ്ടത് എത്ര?
ക്രോക്സിന്റെ പിറവി
2000ല്‍ സ്‌കോട്ട് സീമാന്‍സ്, ലിന്റന്‍ ഹാന്‍സണ്‍, ജോര്‍ജ് ബോഡെക്കര്‍ എന്ന് മൂന്ന് സുഹൃത്തുക്കളുടെ ബിസിനസ് താൽപര്യമാണ് ക്രോക്സിന്റെ പിറവിക്ക് കാരണം. കരീബിയന്‍ കടലിലൂടെ ഒരു യാത്രയ്ക്കിടെയാണ് ബോട്ട് ഡ്രൈവര്‍ ധരിച്ചിരുന്ന ഒരു പ്രത്യേക തരം ബോട്ട് ഷൂ ഇവരുടെ കണ്ണിലുടക്കിയത്. ആ കാഴ്ച, ക്രോസ്‌ലൈറ്റ് മെറ്റീരിയില്‍ ഉപയോഗിച്ച് ചെരിപ്പുകള്‍ നിര്‍മിച്ച് വില്‍പന നടത്തിയാലോ എന്ന ആലോചനയില്‍ കൊണ്ടെത്തിച്ചു. തുടർന്ന് അവര്‍ ഷൂവിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയും പാറ്റന്റ് വാങ്ങുന്നതടക്കമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് കാനഡക്കാരനായ ആന്‍ഡ്രൂ റെഡ്ഡിഹോഫില്‍ നിന്ന് ഫോം ക്രിയേഷന്‍സിനെ ഏറ്റെടുത്ത് 2002ൽ ക്രോക്സ് കമ്പനിക്ക് രൂപം നൽകുകയായിരുന്നു.
നിറയെ ദ്വാരങ്ങളുള്ള വിചിത്രമായ ഡിസൈനിൽ 2002ൽ ക്രോക്‌സ് ‘ദി ബീച്ച്’ എന്ന പേരിൽ ആദ്യത്തെ ഷൂ പുറത്തിറക്കി. അമേരിക്കയില്‍ നടന്ന ഫോര്‍ട്ട് ലൊഡേര്‍ഡേല്‍ ബോട്ട് ഷോയില്‍ ആണ് ഷൂ ലോഞ്ച് ചെയ്തത്. പല ബ്രാൻഡഡ് ഷൂകളും ഫാഷൻ ലോകത്ത് വാഴുന്ന കാലത്ത് തങ്ങളുടെ ഷൂ ആരെങ്കിലും വാങ്ങുമോ എന്ന സംശയം ക്രോക്സ് സംഘത്തിനുണ്ടായിരുന്നു. എന്നാൽ മികച്ച പ്രതികരണമാണ് ക്രോക്സിന് കിട്ടിയത്.
ധരിക്കുമ്പോള്‍ കിട്ടുന്ന സമാനതകളില്ലാത്ത സുഖം ക്രോക്സിനെ ഉപഭോക്താക്കളുടെ ഇടയിൽ ആകർഷിച്ചു. പിന്നാലെ ക്രോക്സ് കൂടുതല്‍ ഫൂട്‌വെയറുകള്‍ പുറത്തിറക്കുകയും റീബ്രാന്‍ഡിങ്ങില്‍ ശ്രദ്ധിക്കുകയും ചെയ്തു. 2005ലാണ് ആദ്യത്തെ ലോഗോ പുതുക്കി പുറത്തിറക്കിയത്. ‘അഗ്ലി കാന്‍ ബി ബ്യൂട്ടിഫുള്‍’എന്ന പരസ്യ ക്യാംപയ്നും ശ്രദ്ധേയമായി. പിന്നീടങ്ങോട്ട് വച്ചടിവച്ചടി കയറ്റമായിരുന്നു. ഫാഷൻ ലോകത്തെയും ഓഹരി വിപണികളെയും കീഴടക്കി ക്രോക്സ് മുന്നേറി
തിരിച്ചടി
എന്നാല്‍ 2007-08 കാലത്ത് അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി ക്രോക്‌സിന് നേരിടേണ്ടി വന്നു. കമ്പനിയുടെ വരുമാനം കുറയുകയും ഓഹരി വിലയില്‍ 30 ശതമാനം വരെ ഇടിവുണ്ടാവുകയും ചെയ്തു. ഡിമാൻഡ് കുറവുള്ള പാദരക്ഷകൾ നിർത്തലാക്കി. മറ്റ് ഫാഷൻ ബ്രാൻഡുകളുമായി സഹകരിച്ച് ക്രോക്സിനെ റീലോഞ്ച് ചെയ്തു. ഇത്തരത്തിൽ വിപണി പിടിക്കാൻ പല പരിഷ്കാരങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ക്രോക്സിന്റെ ഉയിർത്തെഴുന്നേൽപ്പ്
വലിയ തോതിൽ തിരിച്ചടി നേരിട്ട സമയത്താണ്, നീലനിറത്തിലുള്ള കുഞ്ഞു ക്രോക്‌സ് ഷൂ ധരിച്ച് ഉല്ലസിക്കുന്ന ബ്രിട്ടണിലെ ജോര്‍ജ് രാജകുമാരന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. സുഖത്തിനും സൗകര്യത്തിനുമൊപ്പം ഫാഷനും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന രാജകുടുംബത്തിന്റെ വാഡ്‌റോബില്‍ ക്രോക്‌സും ഇടം നേടിയത് കമ്പനിക്ക് രാജകീയ പരിവേഷം നൽകി. വമ്പൻ മാർക്കന്റിംഗ് തന്ത്രങ്ങളിലൂടെ ഇന്നും ക്രോക്സ് ഫാഷൻ ലോകത്തെ സ്റ്റേന്റ്മെന്റായി നിലനിൽക്കുകയാണ്.