Labubu Doll: വർഷങ്ങളോളം വിറ്റുപോകാതിരുന്ന ‘ലബുബു’ പാവകൾ, ‘ലിസ’യുടെ കൈയിൽ എത്തിയതോടെ കഥ മാറി, ഇന്ന് ഒരു ദിവസം 13,000 കോടി
LABUBU doll Story: 2019ൽ വിപണിയിലെത്തിയിട്ടും വിറ്റുപോകാതെ കെട്ടിക്കിടന്നിരുന്ന പാവ ഇന്നൊരു ആഗോള ട്രെന്റായി മാറാൻ കാരണമെന്താകും. സത്യത്തിൽ എന്താണ് ഈ ലബുബു പാവകൾ?

വെറുമൊരു പാവ വിറ്റ് ഒറ്റ ദിവസം കൊണ്ട് നേടിയത് 13,000 കോടി രൂപ. സംഭവം സത്യമാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ലബുബു’ പാവകളുടെ കഥയാണിത്. 2019ൽ വിപണിയിലെത്തിയിട്ടും വിറ്റുപോകാതെ കെട്ടിക്കിടന്നിരുന്ന പാവ ഇന്നൊരു ആഗോള ട്രെന്റായി മാറാൻ കാരണമെന്താകും. സത്യത്തിൽ എന്താണ് ഈ ലബുബു പാവകൾ?
ഉണ്ട കണ്ണുകളും കൂർത്ത ചെവികളും നിഗൂഢമായ ചിരിയുമുള്ളൊരു പാവയാണിവ. സാധാരണ വിലപിടിപ്പുള്ള പാവകളെ പോലെ ലൈറ്റ് കത്തുകയോ, പാട്ട് പാടുകയോ, സംസാരിക്കുകയോ ഒന്നും ചെയ്യില്ല. എന്നിട്ടും ഈ പാവ മുംബൈ, ന്യൂയോർക്ക്, പാരിസ് തുടങ്ങിയ ആഗോളവിപണിയിൽ തരംഗം സൃഷ്ടിക്കുകയാണ്.
ചൈനയിലെ വാങ് നിങ് എന്ന ചെറുപ്പക്കാരനാണ് ലബുബു പാവകൾ നിർമിച്ചത്. 2015ൽ വാങ് ഒരു കളിപ്പാട്ട കട തുടങ്ങുന്നു. എന്നാൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്ക് പകരം യുവതീയുവാക്കൾക്കുള്ള ഒരു ലൈഫ് സ്റ്റൈൽ സ്റ്റേറ്റ്മെന്റായിട്ടാണ് വാങ് തന്റെ കളിപ്പാട്ടങ്ങൾ വിപണിയിൽ എത്തിച്ചത്. അദ്ദേഹം ആ കടയെ പോപ്പ് മാർട്ട് എന്ന് വിളിച്ചു. അന്ന് വെറും പത്ത് ഡോളറായിരുന്നു പാവയുടെ വില. ഒരു ബോക്സിലായിരുന്നു പാവകൾ വിറ്റിരുന്നത്. ബോക്സിന് പുറത്ത് പാവകളെ പറ്റിയുള്ള ഒരു വിവരവും നൽകിയിരുന്നില്ല. ചുരുക്കി പറഞ്ഞാൽ വാങ്ങിക്കുന്നയാൾക്ക് ബോക്സ് പൊട്ടിക്കുമ്പോൾ മാത്രമേ പാവയുടെ നിറം, വലിപ്പം തുടങ്ങിയവ അറിയാൽ കഴിയൂ.
ഈ നിഗൂഢതയാണ് ലബുബു പാവകളുടെ പ്രശസ്തിക്ക് പിന്നിലെ ഒരു കാരണം. തുടക്കക്കാലത്ത് വലിയ നഷ്ടങ്ങളാണ് വാങിന് നേരിട്ടത്. അങ്ങനെയിരിക്കെയാണ് കാസിങ് ലൂങ് എന്ന ആർട്ടിസ്റ്റ് തന്റെ പുതിയ സീരീസായ മോൺസ്റ്റർ റിലീസ് ചെയ്യുന്നത്. അതിലെ പല മോൺസ്റ്റർ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ലബുബു. എന്നാൽ അന്ന് ലബുബു ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല, എന്തിനേറെ പറയുന്നു വാങ് പോലും അത് ശ്രദ്ധിച്ചില്ല.
2024ൽ ടിക് ടോക്കിൽ ഒരു വീഡിയോ വൈറലായി. ലബുബു ബോക്സ് പൊട്ടിച്ച് കരയുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ആയിരുന്നു അത്. എന്നാൽ അവിടെയും പാവകളെക്കാളും അവളുടെ വാക്കുകളാണ് ആളുകൾ ശ്രദ്ധിച്ചത്. എന്റെ ഉള്ളിലെ വികാരമാണ് ഞാനീ കുഞ്ഞ് പാവയിൽ കാണുന്നത്. ലക്ഷക്കണക്കിനാളുകൾ ആ വീഡിയോയ്ക്ക് താഴെ കമന്റിട്ടു. ലബുബു പാവകളുടെ വളർച്ച അവിടെ ആരംഭിച്ചു.
എന്നാൽ, കെ പോപ്പ് ഗേൾസ് ബാൻഡായ ബ്ലാക്ക് പിങ്കിലെ അംഗം ലിസയുടെ കൈയിൽ ഈ പാവ കണ്ടതോടെയാണ് ഫാഷൻ ലോകത്ത് ലബുബു പാവകൾ ചർച്ചയായത്. ലക്ഷ്വറി ബാഗിനൊപ്പം ലിസ ഇത് ആക്സസറീസ് ചെയ്യുന്നത് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി സെലിബ്രിറ്റികൾ ഈ സ്റ്റൈൽ പിന്തുടർന്നു. ഇതോടെയാണ് ലബുബു പാവകൾ ഇന്ന് കാണുന്ന തരത്തിൽ ആഗോളവിപണികൾ കീഴടക്കിയത്.