Chitharal Jain Temple: പാറക്കെട്ടുകളിൽ തീർത്ത കാഴ്ചവസന്തം, ജൈന സംസ്കാരത്തിൻ്റെ ഓർമ്മ; പോകാം ചിതറാളിലേക്ക്
Tamilnadu Chitharal Jain Temple: മധ്യഭാഗത്തായി ചുവർ ശില്പങ്ങളും പൂജയ്ക്കും മറ്റ് പ്രാർത്ഥനകൾക്കുമുള്ള ഇടവുമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ജൈന സംസ്കാരത്തിന്റെ ചരിത്രമുള്ള ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഈ സ്മാരകങ്ങൾ ചരിത്രപ്രേമികൾക്കും കൊത്തുപണികൾ ഇഷ്ടപ്പെടുന്നവർക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല.

Chitharal Jain Temple
തമിഴ്നാടിനും കേരളത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട ഒരിടമാണ് കന്യാകുമാരി. കന്യാകുമാരിയിലേക്കുള്ള യാത്രയിൽ വേറെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. നിങ്ങൾ തമിഴ്നാട്ടിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഈ സ്ഥലം കണ്ടിരിക്കേണ്ടതാണ്. എവിടെയാണെന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. അതാണ് ചിതറാൾ ജൈൻ ക്ഷേത്രം.
പ്രകൃതിയുടെ അനുഗ്രഹമായ തിരുച്ചനാട്ടിലാണ് ചിതറാൽ ജൈന സ്മാരകമായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ചിതറാൽ ഗ്രാമത്തിനടുത്തുള്ള തിരുച്ചനാട്ട് മലയിലാണ് ഈ ക്ഷേത്രം. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര, കളിയകാവിള, മാർത്താണ്ഡം, തൃക്കുറിശ്ശി വഴി പോയാൽ ഏകദേശം 50 കിലോമീറ്റർ അടുത്ത് ദൂരമാണ് ഇവിടേയ്ക്കുള്ളത്. ജൈനക്ഷേത്രത്തോടൊപ്പം മലമുകളിലെ കാഴ്ചകളും ഏതൊരു സഞ്ചാരിയുടേയും മനസിളക്കുന്നതാണ്.
ഒമ്പതാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ് ഈ ജൈനക്ഷേത്രം എന്നാണ് വിശ്വസിക്കുന്നത്. പ്രധാനകവാടത്തിലെത്തിയാൽ ഒന്നര കിലോമീറ്ററോളം നടന്നുവേണം ജൈന ക്ഷേത്രത്തിലേക്കെത്താൻ. ഇളം കാറ്റിൻ്റെ തലോടലും വൻ മരങ്ങളുടെ തണലുമേറ്റ് കരിങ്കൽ പാകിയ വഴിയിലൂടെ യാത്ര ചെയ്യാം. കുത്തനെയുള്ള കയറ്റമല്ലെങ്കിലും ചെറിയ ഒരു ട്രെക്കിങ് അനുഭവം ഈ വഴി തരുന്നുണ്ട്.
ഒത്ത മുകളിലെത്തുമ്പോൾ തണൽ വിരിക്കുന്ന ആൽമരം കൈകൾ വീശി നിൽക്കുന്നത് കാണാം. പാറക്കല്ലിനോട് ചേർന്ന് നിൽക്കുന്ന അരയാലിന് തലമുറകളുടെ പഴക്കമുണ്ട്. മുന്നോട്ടുചെല്ലുമ്പോൾ കല്ലിൽ തീർത്ത കവാടവും കണ്ടാൽ വിസ്മയം തോന്നിക്കുന്ന കൊത്തുപണികളും ഇവിടുത്തെ പ്രത്യേകതയാണ്. പാറക്കെട്ടുകൾക്ക് മേൽ ശില്പങ്ങളുടെ എടുത്തുവച്ച പോൽ മനോഹരമാണ് മേൽകൂരകൾ. വലിയ പാറയുടെ ഒരു വശത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
ക്ഷേത്രത്തിൻ്റെ മുൻ കവാടത്തിലെത്തണമെങ്കിൽ കൂറ്റൻ കല്ലുകൾക്കിടയിലൂടെ സാഹസികമായി ഇറങ്ങിചെല്ലണം. മണൽതരികളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിൻ്റെ മുന്നിൽ ഒരു കുളമുണ്ട്. മൂന്ന് നിലകളായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെയും വൈകിട്ടും പൂജ നടക്കുന്ന ക്ഷേത്രമാണിത്. എന്നാൽ ഇട സമയങ്ങളിൽ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട താവളവുമാണ്.
മധ്യഭാഗത്തായി ചുവർ ശില്പങ്ങളും പൂജയ്ക്കും മറ്റ് പ്രാർത്ഥനകൾക്കുമുള്ള ഇടവുമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിൻ്റെ അരികിലൂടെ പോയാൽ മറ്റൊരു മലയുടെ മുകളിൽ കേറാൻ സാധിക്കും. അവിടെയെത്തിയാൽ ആരുടെയും മനം കവരുന്ന കാറ്റിൻ്റെ തലോടലാണ്. ജൈന സംസ്കാരത്തിന്റെ ചരിത്രമുള്ള ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഈ സ്മാരകങ്ങൾ ചരിത്രപ്രേമികൾക്കും കൊത്തുപണികൾ ഇഷ്ടപ്പെടുന്നവർക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല.