AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC Onam Tour: വള്ളസദ്യയും ഒപ്പം ഓണസദ്യയും; ഓണം കളറാക്കാൻ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര

KSRTC Special Onam Tour Package: ഓണത്തോട് അനുബന്ധിച്ചുള്ള പാക്കേജിൽ വാഗമൺ യാത്രയുണ്ട്. സെപ്റ്റംബർ അഞ്ചിന് ഓണസദ്യ ഉൾപ്പെടുന്ന പൊന്മുടി യാത്ര. കൊല്ലത്തുനിന്ന് രാവിലെ ആറിന് യാത്ര ആരംഭിക്കും. സെപ്റ്റംബർ ഏഴ്‌, 27 തീയതികളിൽ നാലുമണിക്കൂർ നെഫർറ്റിറ്റി കപ്പൽ യാത്രാ ടൂർ പാക്കേജും ഇക്കൂട്ടത്തിലുണ്ട്.

KSRTC Onam Tour: വള്ളസദ്യയും ഒപ്പം ഓണസദ്യയും; ഓണം കളറാക്കാൻ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര
KSRTC Image Credit source: Facebook (Minister Ganeshkumar)
neethu-vijayan
Neethu Vijayan | Updated On: 22 Aug 2025 21:46 PM

ഓണക്കാലം മലയാളികൾക്കൊപ്പെ ആടിത്തിമിർക്കാൻ വിനോദയാത്രകളുമായി നമ്മുടെ സ്വന്തം ആനവണ്ടി. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഓണക്കാല പാക്കേജിലാണ് നാട് കാണാനും ഓണം ആഘോഷിക്കാനും സുവർണാവസരം ഒരുങ്ങിയിരിക്കുന്നത്. ഈ മാസം 23 മുതൽ സെപ്റ്റംബർ 14 വരെയാണ് യാത്ര സജ്ജമാക്കിയിരിക്കുന്നത്. യാത്ര പ്രേമികളെ സംബന്ധിച്ച് ഇതൊരു സുവർണാവസരമാണ്. 26 യാത്രയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഇത്തവണത്തെ ഓണ സമ്മാനമായി ഒരുക്കിയിരിക്കുന്നത്.

വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രദർശനത്തോടെയാണ് യാത്രയുടെ തുടക്കം. അഞ്ച്‌ മഹാവിഷ്ണുക്ഷേത്രങ്ങളിൽ ദർശനം നടത്തി, ആറന്മുള വള്ളസദ്യയും കഴിച്ചാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. കൂടാതെ തിരുവല്ലയിലെ തൃക്കാക്കുടി ഗുഹാക്ഷേത്രവും ഈ യാത്രയുടെ ഭാ​ഗമാണ്. 23, സെപ്റ്റംബർ മൂന്ന്, ആറ്, 11 തീയതികളി നിശ്ചയിച്ചിരിക്കുന്ന ഈ യാത്രയുടെ നിരക്ക് 910 രൂപയാണ്.

ഓണത്തോട് അനുബന്ധിച്ചുള്ള പാക്കേജിൽ വാഗമൺ യാത്രയുണ്ട്. ഇരുപത്തിമൂന്നിനും, സെപ്റ്റംബർ ആറ്‌, 14 തീയതികളിലുമായി ഒരുക്കുന്ന ഈ യാത്രയ്ക്ക് ഉച്ചഭക്ഷണം ഉൾപ്പെടെ 1020 രൂപയാണ് നിരക്ക്. സെപ്റ്റംബർ 24ന് രാമക്കൽ മേട്, പൊന്മുടി യാത്രകൾ സജ്ജമാക്കിയിട്ടുണ്ട്. ഗവിയിലേക്ക് ഈ മാസം 27, 31, സെപ്റ്റംബർ നാല്, എട്ട് തീയതികളിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്.

അടവി ഇക്കോ ടൂറിസം സെന്റർ, ഗവി, പരുന്തുംപാറ എന്നിവ ഉൾപ്പെടുന്ന ഈ കിടിലൻ യാത്രയ്ക്ക് വെറും 1750 രൂപ മാത്രം നൽകിയാൽ മതി. ഉച്ചഭക്ഷണം ഉൾപ്പെടെയാണിത്. കൂടാതെ ബോട്ടിങ്, എല്ലാ എൻട്രി ഫീസുകളും, ഗൈഡിന്റെ ഫീസും ഇതിൽ തന്നെയാണ് ഈടാക്കുന്നത്.

മറ്റ് യാത്രകളും നിരക്കുകളും

വിനായക ചതുർഥി ദിവസമായ 27ന് മള്ളിയൂർ ഗണപതി ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസിയുടെ തീർഥാടനയാത്രയുണ്ട്. നിരക്ക് 630 രൂപയാണ്. ഇതിൽ ആദിത്യനാരായണ സൂര്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം, തിരുവല്ല മഹാവിഷ്ണു ക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം എന്നിവ ഉൾപ്പെടുന്നു.

ഈ മാസം 28ന് മലരിക്കൽ ആമ്പൽപ്പാടം യാത്ര ഉൾപ്പെടെ 890 രൂപയുടെ പാക്കേജും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ ഹിൽ പാലസ് മ്യൂസിയം, അരീക്കൽ വെള്ളച്ചാട്ടം, കൊച്ചരീക്കൽ ഗുഹ എന്നിവയും ഉൾപ്പെടും.

820 രൂപ നിരക്കിൽ 28ന് ഇല്ലിക്കൽകല്ല് – ഇലവീഴാപൂഞ്ചിറ യാത്ര

2380 രൂപ നിരക്കിൽ രണ്ട് ദിവസത്തെ മൂന്നാർ യാത്ര. 30ന് ആരംഭിച്ച് 31നു രാത്രി മടങ്ങിയെത്തുന്നു. ഇതിൽ കാന്തല്ലൂർ- മറയൂർ ജീപ്പ് റൈഡ്, കാന്തല്ലൂർ ഉച്ചഭക്ഷണം, എസി ഡോർമെറ്ററി താമസവും ഉൾപ്പെടും. സെപ്റ്റംബർ 13നും മൂന്നാർ യാത്ര ഉണ്ടാകും.

സെപ്റ്റംബർ അഞ്ചിന് ഓണസദ്യ ഉൾപ്പെടുന്ന പൊന്മുടി യാത്ര. കൊല്ലത്തുനിന്ന് രാവിലെ ആറിന് യാത്ര ആരംഭിക്കും. 875 രൂപയാണ് നിരക്ക്.

സെപ്റ്റംബർ ആറ് റോസ്‌മല യാത്ര. 520രൂപ ഈടാക്കുന്ന യാത്രയിൽ പാലരുവി, തെന്മല എന്നിവയും പുനലൂർ തൂക്കുപാലവും ഉൾപ്പെടും.

സെപ്റ്റംബർ ഏഴ്‌, 27 തീയതികളിൽ നാലുമണിക്കൂർ നെഫർറ്റിറ്റി കപ്പൽ യാത്ര. കൊല്ലത്തുനിന്ന്‌ രാവിലെ 10ന് എസി ലോ ഫ്ലോർ ബസിൽ യാത്ര ആരംഭിക്കും. 4200 രൂപയാണ് നിരക്ക്.

സെപ്റ്റംബർ ഏഴ്‌, 13 ദിവസങ്ങളിലായി 500 രൂപ നിരക്കിൽ തെന്മല, ജടായുപ്പാറ, വർക്കല എന്നിവിടങ്ങളിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്.