Plastic Ban In Ooty: ഊട്ടിയിലും കൊടൈക്കനാലിലും പോകുന്നവരുടെ ശ്രദ്ധയ്ക്ക്! നിയന്ത്രണങ്ങൾ എന്തെല്ലാം
Plastic Ban on Ooty and Kodaikanal: അവധികാലമായതിനാൽ ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഏപ്രിൽ, മെയ് മാസങ്ങളിൽ, യാത്രകാർക്ക് ഇ-പാസ് നിർബന്ധമാക്കിയിരുന്നു. പ്രാദേശിക വാഹനങ്ങൾക്ക് പുറമെ പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമാണ് മേഖലകളിലേക്ക് പ്രവേശനം ലഭിക്കുന്നുള്ളൂ.

ചെന്നൈ: വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലും കൊടൈകനാലിലും കടുത്ത നിയന്ത്രണങ്ങൾ. പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിനായി മദ്രാസ് ഹൈക്കോടതി കർശനമായ ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഊട്ടി, കൊടൈക്കനാൽ എന്നിവയുൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 28 തരം പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗമാണ് വിലക്കിയിരിക്കുന്നത്.
കുടിവെള്ള കുപ്പികൾ, പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയ വസ്തുക്കൾ ഇനി അവിടെ ഉപയോഗിക്കാൻ കഴിയില്ല. കോടതിയുടെ ഉത്തരവ് ലംഘിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വിനോദസഞ്ചാരികൾക്ക് കുടിവെള്ളവുമായുള്ള കുപ്പികൾ അടങ്ങിയ ബാഗുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതി നടപ്പിലാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മാർച്ച് 14 ന്, കൊടൈക്കനാലിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഊട്ടി സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നിയന്ത്രണം.
അവധികാലമായതിനാൽ ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഏപ്രിൽ, മെയ് മാസങ്ങളിൽ, യാത്രകാർക്ക് ഇ-പാസ് നിർബന്ധമാക്കിയിരുന്നു. ഊട്ടിയിൽ പ്രവൃത്തി ദിവസങ്ങളിൽ 6,000 ടൂറിസ്റ്റ് വാഹനങ്ങളും വാരാന്ത്യങ്ങളിൽ 8,000 വാഹനങ്ങളും, കൊടൈക്കനാലിൽ പ്രവൃത്തി ദിവസങ്ങളിൽ 4,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും അനുവദിക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. പ്രാദേശിക വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമായിരുന്നില്ല. കൂടാതെ സർക്കാർ ബസുകളിലും ട്രെയിനുകളിലും വരുന്ന വിനോദസഞ്ചാരികൾക്കും നിയന്ത്രണമുണ്ടായിരുന്നില്ല.
ടൂറിസം വെറും വിനോദം മാത്രമല്ലെന്നും, ഒരു സാമൂഹിക ഉത്തരവാദിത്തവുമാണെന്നും, അതിനാൽ നമ്മുടെ സ്വന്തം ആസ്വാദനത്തിനായി പ്രകൃതിയെ നശിപ്പിക്കരുത്, മറിച്ച് അവ സംരക്ഷിക്കുകയും വരും തലമുറയ്ക്ക് അത് ആസ്വദിക്കാൻ അനുവദിക്കുകയും ചെയ്യണമെന്നും കോടതി ചൂണ്ടികാട്ടി. നിലവിൽ ഇ-പാസ് അനുസരിച്ച് മാത്രമേ ഊട്ടിയിലും കൊടൈക്കനാലിലും വാഹനങ്ങൾക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. പ്രാദേശിക വാഹനങ്ങൾക്ക് പുറമെ പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമാണ് മേഖലകളിലേക്ക് പ്രവേശനം ലഭിക്കുന്നുള്ളൂ.
ഊട്ടി, കൊടൈക്കനാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ https://epass.tnega.org/home എന്ന ഓൺലൈൻ സൈറ്റ് വഴി പാസിന് അപേക്ഷിക്കേണ്ടതാണ്. അതേസമയം ഹിൽ സ്റ്റേഷനുകളിൽ പ്രവേശിക്കാൻ ഇ-പാസുകൾ നൽകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.