Kozhippara Waterfalls: ഒന്ന് നനയാൻ…. മനസ്സിന് കുളിരായി കാടിനുള്ളിലെ ജലധാര; പോകാം കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്
Malappuram Kozhippara Waterfalls: പന്തീരായിരം വനമേഖലയിൽ നിന്ന് ഉദ്ഭവിക്കുന്ന കുറാൻ പുഴ പാറക്കെട്ടുകളിലൂടെ ഒഴുകി പതിക്കുന്ന മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇത്തരത്തിൽ ഇവിടെയുള്ളത്. വേനലായാൽ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടും. മഴക്കാലത്ത് അതീവ ശ്രദ്ധ വേണ്ട സ്ഥലം കൂടിയാണിത്.

Kozhippara Waterfalls
കേരളത്തിൽ ഒട്ടേറെ വെള്ളച്ചാട്ടങ്ങളാണുള്ളത്. വെള്ളച്ചാട്ടമെന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് അതിരപ്പിള്ളി ഓർമ്മവെരും. എന്നാൽ അതിനപ്പുറം ആരും ശ്രദ്ധിക്കാത്തതും അധികം കേട്ടുപരിചയം ഇല്ലാത്തതുമായ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളും കേരളത്തിൻ്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. അതിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ കോഴിപ്പാറ വെള്ളച്ചാട്ടം. മലപ്പുറംകാർക്ക് സുപരിചിതമാണെങ്കിലും മറ്റ് ജില്ലകാർക്ക് അധികം ഈ സ്ഥലത്തെക്കുറിച്ച് അറിവില്ല.
കണ്ണാടി പോലെ തെളിഞ്ഞൊഴുകി രൗദ്രഭാവങ്ങളില്ലാതെ പ്രകൃതിയുടെ സൗന്ദര്യത്തെ വശ്യതയോടെ സഞ്ചാരികൾക്ക് കാട്ടിതരുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറ. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിർത്തിയിലായി സൈലന്റ് വാലി ദേശീയോദ്യാനത്തിനടുത്തായാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരുവശത്തും പാറയും മരത്തണലുമുള്ള ഇവിടം സഞ്ചാരികളുടെ ഇഷിടകേന്ദ്രമാണ്. കുട്ടികളുമായും കുടുംബമായും എത്താൻ പറ്റിയ ഇടം.
പന്തീരായിരം വനമേഖലയിൽ നിന്ന് ഉദ്ഭവിക്കുന്ന കുറാൻ പുഴ പാറക്കെട്ടുകളിലൂടെ ഒഴുകി പതിക്കുന്ന മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇത്തരത്തിൽ ഇവിടെയുള്ളത്. വേനലായാൽ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടും. മഴക്കാലത്ത് അതീവ ശ്രദ്ധ വേണ്ട സ്ഥലം കൂടിയാണിത്. അധികൃതരുടെ നിർദ്ദേശപ്രകാരം മാത്രം ഈ സമയങ്ങളിൽ യാത്ര ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കോഴിപ്പാറ വെള്ളച്ചാട്ടത്തിലെ ചാട്ടക്കയം എന്ന് അറിയപ്പെടുന്ന ഒരു അപകടകരവുമായ കയമുണ്ട്. അവിടേക്ക് അധികം പോകാതെ ശ്രദ്ധിക്കുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കും.
മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ചോക്കാട് അരുവിയോട് ചേർന്ന് നിൽക്കുന്ന ഈ വെള്ളച്ചാട്ടം. സാഹസിക വനയാത്രക്കും നീന്തലിനുമായി നിരവധി പേർ ഇവിടെ എത്താറുണ്ട്. ഏകദേശം രണ്ടര കിലോമീറ്റർ യാത്ര ചെയ്താൽ കക്കാടംപൊയിലിൽ നിന്ന് കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കെത്താം. വയനാടിനോട് സാമ്യമുള്ള തണുത്ത കാലാവസ്ഥയാണ് ഇവിടേക്ക് യാത്രക്കാരെ ഏറെയും ആകർഷിക്കുന്നത്.
ടിക്കെറ്റെടുത്ത് വേണം വെള്ളച്ചാട്ടം കാണാൻ പോകാൻ. പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ ഉള്ളിലേക്ക് നടക്കേണ്ടതുണ്ട്. ഇൻഫർമേഷൻ സെന്റർ, ശുചിമുറികൾ എന്നിവ സഞ്ചാരികൾക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇവിടെ പ്രവേശനം അനുവദനീയമാണ്.