AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manali Trip: നഫീസുമ്മയുടെ മണാലിയിലേക്ക് പോയാലോ; യാത്രയ്ക്ക് മുമ്പ് അറിഞ്ഞിരിക്കണം

Best Time To Travel Manali: വേനലിലാണ് ഏറ്റവുമധികം സഞ്ചാരികളും മണാലി തേടിയെത്തുന്നത്. കാരണം വേനലായാലും മണാലിയിൽ സുഖകരമായ കാലാവസ്ഥയായിരിക്കും. വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് സുന്ദരമായ കാഴ്ചകൾ മാത്രമല്ല, ട്രെക്കിങ്, റിവർ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ മറ്റ് സാഹസിക വിനോദങ്ങളുമുണ്ട്.

Manali Trip: നഫീസുമ്മയുടെ മണാലിയിലേക്ക് പോയാലോ; യാത്രയ്ക്ക് മുമ്പ് അറിഞ്ഞിരിക്കണം
ManaliImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 09 Apr 2025 20:29 PM

മണാലി യാത്ര നടത്തിയ നമ്മുടെ നഫീസുമ്മയെ ആർക്കാണ് അറിയാത്തത്. അങ്ങനൊരു യാത്ര നിങ്ങളും ആ​ഗ്രഹിക്കുന്നില്ലേ? തണുപ്പും മഞ്ഞുവീഴ്ചയും മണാലിക്ക് പ്രകൃതി സമ്മാനിച്ച വരദാനമാണ്. മഞ്ഞുവീഴ്ച്ച കാണമെങ്കിൽ ഏകദേശം ഡിസംബർ ജനുവരിയോടെ മണാലിയിലേക്ക് പോകണം. അതിശയിപ്പിക്കുന്ന ഈ കാലാവസ്ഥ ആസ്വദിക്കാൻ പറ്റിയ സമയം അതാണ്. ശിശിരക്കാലം അവസാനിക്കുന്നതോടെ മഞ്ഞണിഞ്ഞ മണാലി മെല്ലെ മായാൻ തുടങ്ങും. എങ്കിലും തണുപ്പിന് യാതൊരു കുറവും ഉണ്ടാകുകയില്ല.

കാഴ്ചകൾ കാണാനും ട്രക്കിങ്ങിനും പറ്റിയ നിരവധി സ്ഥലങ്ങളുണ്ട് മണാലിയിൽ. ഹിമാചൽപ്രദേശിലെ കുളു താഴ്‍‍‍‍വരയിലാണാ മണാലി സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്നും ഏകദേശം പത്ത് മണിക്കറിലധികം യാത്രയുണ്ട് ഇവിടേയ്ക്ക്. വേനലിലാണ് ഏറ്റവുമധികം സഞ്ചാരികളും മണാലി തേടിയെത്തുന്നത്. വേനലായാലും മണാലിയിൽ സുഖകരമായ കാലാവസ്ഥയായിരിക്കും. 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെയാണ് ഈ സമയത്തെ അവിടുത്തെ താപനില. ഇത് കേട്ടാൽ 36 ഡി​ഗ്രിയും 40 ഡി​ഗ്രിയുമുള്ള നാട്ടിലെ ഏതൊരാൾക്കും ഒരു മോഹം തോന്നും. മനോഹരമായ കാലാവസ്ഥ തന്നെയാണ് വിനോദസഞ്ചാരികളെ മണാലിയിലേക്ക് ആകർഷിക്കുന്നത്.

സുഖകരമായ കാലാവസ്ഥ മാത്രമല്ല മനോഹരമായ പ്രകൃതിയും ഇവിടെയെത്തുന്നവരുടെ മനസ്സ് കുളിരണിയിക്കും. പകൽ സമയത്തെ ചെറുവെയിലും രാത്രിയിലെ ശൈത്യവും കൂടി ചേരുമ്പോൾ അവധി ആഘോഷിക്കാൻ പറ്റിയ മൂഡാകും. വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് സുന്ദരമായ കാഴ്ചകൾ മാത്രമല്ല, ട്രെക്കിങ്, റിവർ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ മറ്റ് സാഹസിക വിനോദങ്ങളുമുണ്ട്. മണാലിയിലെത്തിയാൽ ആദ്യം പോവുന്ന ഒരിടമാണ് റോഹ്താങ് പാസ്.

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും ചുരത്തിന്റെ അതിമനോഹരമായ കാഴ്ച്ചകളും ഏതൊരാളെയും അതിശയിപ്പിക്കുന്നതാണ്. മഞ്ഞിന്റെ മായിക കാഴ്ചകൾക്കപ്പുറം പുരാതന ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ചൂട് നീരുറവകൾ എന്നിങ്ങനെ വിസ്മയിപ്പിക്കുന്ന മറ്റു കാഴ്ചകളും മണാലിയുടെ പ്രത്യേകതകളാണ്. ഭക്ഷണപ്രേമികൾക്ക് വ്യത്യസ രൂചി ആസ്വദിക്കാൻ പറ്റിയ ഇടമാണ്. അവർക്കായി തനതു രുചിയിൽ തയാറാക്കിയെടുക്കുന്ന സിദ്ധു, തേന്തുക്, മോമോസ് തുടങ്ങിയ വിഭവങ്ങളും മണാലിക്ക് സ്വന്തമാണ്.