Uses Of Toothpaste: പല്ല് മാത്രമല്ല അടുക്കളയും തിളങ്ങും; ടൂത്ത് പേസ്റ്റ് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
Uses Of Toothpaste: പല്ല് വൃത്തിയാക്കാൻ മാത്രമല്ല ടൂത്ത് പേസ്റ്റ് കൊണ്ട് മറ്റ് ചില ഉപയോഗവുമുണ്ട്. വീട്ടിലെ ചില സാധനങ്ങൾ വൃത്തിയാക്കാനും ടൂത്ത് പേസ്റ്റ് നമുക്ക് ഉപയോഗിക്കാം.

ഫർണിച്ചറുകൾ പോളിഷ് ചെയ്യുന്നത് മുതൽ കൈകളിലെ ഭക്ഷണ ഗന്ധം കളയുന്നതിന് വരെ ടൂത്ത് പേസ്റ്റ് നമുക്ക് ഉപയോഗിക്കാം. കൂടാതെ സ്‌റ്റെയിൻലെസ് സ്റ്റീൽ സിങ്കിലെ അഴുക്കും കറയും കളയാൻ ഏറ്റവും മികച്ച മാർഗമാണ് ടൂത്ത് പേസ്റ്റ്.

സിങ്ക് കൂടുതൽ വൃത്തിയുള്ളതാക്കുകയും തിളക്കമുള്ളതാക്കുന്നതിനും ടൂത്ത് പേസ്റ്റ് നല്ലൊരു പ്രതിവിധിയാണ്. നനഞ്ഞ തുണിയിലോ സ്പോഞ്ചിലോ ചെറിയ അളവിൽ ടൂത്ത് പേസ്റ്റ് പുരട്ടി സിങ്കിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്.

ഗ്ലാസുകളിലെയും സെറാമിക് സ്റ്റൗടോപ്പുകളിലെയും അഴുക്കും കറകളും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ടൂത്ത് പേസ്റ്റ് മികച്ച മാർഗമാണ്. സ്റ്റൗടോപ്പിൽ അൽപം ടൂത്ത് പേസ്റ്റ് പുരട്ടി സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക. ഇത് അഴുക്ക് നീക്കം ചെയ്യുന്നതിന് ഗുണം ചെയ്യും.

മഗ്ഗുകളിലെയും കാപ്പിയുടെയും ചായയുടെയും കറ കളയാനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. കറകളുള്ള മഗ്ഗിനുള്ളിൽ ഒരു തുണി അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് ടൂത്ത് പേസ്റ്റ് തേക്കുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയാം.

പച്ചക്കറികൾ അരിയാൻ ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡുകൾ വൃത്തിയാക്കാനും ടൂത്ത് പേസ്റ്റ് വളരെ നല്ലതാണ്. ടൂത്ത് പേസ്റ്റ് അവയെ വൃത്തിയും പുതുമയും നിലനിർത്താൻ സഹായിക്കും. ടൂത്ത് പേസ്റ്റിൻ്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ദുർഗന്ധം ഇല്ലാതാക്കാനും ഉപരിതലം വൃത്തിയാക്കാനും സഹായിക്കും.