AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Stampede : തിക്കിലും തിരക്കിലും പൊലിഞ്ഞ് ജീവനുകള്‍; അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം? ജീവിതം തിരികെ പിടിക്കാം ഈ മുന്‍കരുതലുകളിലൂടെ

What To Do A Crowd Crush: തിക്കിലും തിരക്കിലുമുണ്ടായ അപകടങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് ഡല്‍ഹിയില്‍ സംഭവിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ എന്തൊക്കെ മുന്‍കരുതലുകളാണ് നാം പാലിക്കേണ്ടത്. വിശദമാക്കാം

Stampede : തിക്കിലും തിരക്കിലും പൊലിഞ്ഞ് ജീവനുകള്‍; അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം? ജീവിതം തിരികെ പിടിക്കാം ഈ മുന്‍കരുതലുകളിലൂടെ
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്ക്‌ Image Credit source: (PTI Photo/Arun Sharma)
Jayadevan AM
Jayadevan AM | Updated On: 17 Feb 2025 | 02:31 PM

ല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ ദുരന്തം ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടങ്ങളില്‍ സമീപകാലത്ത് നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അതില്‍ ഒടുവിലത്തേതാണ് ഡല്‍ഹിയില്‍ സംഭവിച്ചത്. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്നതാണ് പ്രധാന ചോദ്യം. വന്‍തോതില്‍ ആള്‍ക്കൂട്ടം രൂപപ്പെടാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതാണ് ഇതില്‍ പ്രധാനം. എന്നാല്‍ പല സാഹചര്യങ്ങളിലും ഇത് സാധ്യമല്ല. അതുകൊണ്ട് തന്നെ ഇത് പ്രാക്ടീക്കലുമല്ല. തിക്കിലും തിരക്കിലും ചില മുന്‍കരുതലുകള്‍ സ്വീകരിക്കുക മാത്രമാണ് ഇതില്‍ സാധ്യമാകുന്നത്‌. ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്തെല്ലാമാണ്? പരിശോധിക്കാം.

ഒരു സ്‌ക്വയര്‍ മീറ്ററില്‍ ഏകദേശം ആറു പേരുണ്ടെങ്കില്‍ അത് അപകടകരമായ ആള്‍ക്കൂട്ടമായി കണക്കാക്കാം. പരസ്പരം ഞെരിഞ്ഞമരുന്ന ഒരു സാഹചര്യത്തിലേക്ക് ഇത് നയിക്കും. ശ്വസനം തടസപ്പെടും. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ട ചില നിര്‍ദ്ദേശങ്ങള്‍ യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നോട്ട് വച്ചിട്ടുണ്ട്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് മനസിലാക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.

ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ആ ഇവന്റിന്റെ സ്വഭാവം, സ്ഥലം എന്നിവയെക്കുറിച്ച് ചെറുതായെങ്കിലും ‘ഗവേഷണം’ നടത്തണം. വേദിക്കുള്ളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ, അകത്തേക്കും പുറത്തേക്കും പോകുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ആദ്യം തന്നെ അറിഞ്ഞിരിക്കണം. ഇത് മനസിലുണ്ടായിരിക്കണം.

അതീവ ശ്രദ്ധാലുവായിരിക്കേണ്ടതും അതിപ്രധാനം തന്നെ. അപ്രതീക്ഷിതമായി ജനക്കൂട്ടം രൂപപ്പെട്ടാല്‍ അത് ആദ്യം തന്നെ മനസിലാക്കി മുന്‍കരുതല്‍ സ്വീകരിക്കണം. ‘രക്ഷപ്പെടാനുള്ള’ വഴി എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ചുരുക്കം.

പരിഭ്രാന്തി പാടില്ല

തിക്കിലും തിരക്കിലും സംഭവിക്കുന്ന മരണങ്ങള്‍ പ്രധാനമായും ശ്വാസതടസം (compressive asphyxia) നേരിട്ടാണ് സംഭവിക്കുന്നത്‌. ആളുകള്‍ പരസ്പരം തള്ളിനില്‍ക്കുമ്പോള്‍ വായുപ്രവാഹം തടസപ്പെടും. ഇതോടെ ആളുകള്‍ക്ക് ശ്വസിക്കാന്‍ കഴിയാതെ വരും. ഇത് അപകടത്തിലേക്കും നയിക്കും. ഇത്തരം സാഹചര്യങ്ങളില്‍, ഓക്‌സിജന്‍ ലഭിക്കേണ്ടത് പ്രധാനമാണ്. നിലവിളിക്കുന്നതും പരിഭ്രാന്തിപ്പെടുന്നതും ഒഴിവാക്കി ശ്വസനത്തിന് സാധ്യമായ മാര്‍ഗങ്ങളാണ് ഇവിടെ തേടേണ്ടത്. ആള്‍ക്കൂട്ടത്തില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ശ്രമിക്കുന്നത് ഉപകാരപ്പെടുമെന്ന് സിഡിസിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിസാരമല്ല ബോക്‌സിംഗ് പൊസിഷന്‍

എല്ലാ വശങ്ങളില്‍ നിന്നും ‘പ്രഷര്‍’ ഉയരാന്‍ തുടങ്ങിയെന്ന് തോന്നിയാല്‍, കാലുറച്ച് നിന്ന്, ഒരു ബോക്‌സറെ പോലെ നിങ്ങളുടെ കൈകള്‍ നെഞ്ചിന് മുന്നില്‍ മടക്കണം. ഈ ബോക്‌സര്‍ പൊസിഷന്‍ വാരിയെല്ലുകളെ സംരക്ഷിക്കും. ശ്വസനം സാധ്യമാകുന്ന തരത്തില്‍ ഒരു സ്‌പേസ് ലഭിക്കാനും ഇത് സഹായകരമാകും. ഇത് ശ്വാസംമുട്ടല്‍ തടയുന്നതിന് പ്രയോജനപ്പെടും.

തിരിച്ച് ബലം പ്രയോഗിക്കരുത്

തിക്കും തിരക്കും രൂപപ്പെടുമ്പോള്‍ ജനം പിന്നില്‍ നിന്ന് തള്ളുക സ്വഭാവികമാണ്. പിന്നില്‍ നിന്ന് തള്ളലുണ്ടാകുമ്പോള്‍ ബലപ്രയോഗത്തെ ചെറുക്കരുതെന്ന് സിഡിസി നിര്‍ദ്ദേശിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ബാലന്‍സ് നിലനിര്‍ത്തി ആ ‘ഫോഴ്‌സി’നൊപ്പം പോകാനാണ് ശ്രദ്ധിക്കേണ്ടത്.

Read Also : മരിച്ചവരിൽ 11 സ്ത്രീകളും നാല് കുട്ടികളും; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു

തിക്കിലും തിരക്കിലും അയവുണ്ടാകുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ അരികിലേക്ക് ഡയഗണലായി നീങ്ങാന്‍ ശ്രമിക്കണം. തിക്കിലും തിരക്കിലും പെട്ട് വീണാല്‍ ഇടതുവശം ചരിഞ്ഞ് കിടക്കാന്‍ ശ്രമിക്കണമെന്ന് ക്രൗണ്ട് സേഫ്റ്റി വിദഗ്ധനായ പോള്‍ വെര്‍ത്തൈമര്‍ പറയുന്നു. ഇത് ശ്വാസകോശം സംരക്ഷിക്കാന്‍ സഹായകരമാകും.

നിങ്ങള്‍ നേരെയാണ് കിടക്കുന്നതെങ്കില്‍ ആളുകള്‍ നിങ്ങളുടെ മുകളിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. ഇത് നെഞ്ചിലെ ‘കംപ്രഷനു’ള്ള സാധ്യത വര്‍ധിപ്പിക്കും. നിങ്ങളുടെ നെഞ്ച് സംരക്ഷിക്കുന്നതിന് ഒരു പന്തുപോലെ ചുരുണ്ടുകൂടികിടക്കുന്നത് നല്ലതാണെന്നും സിഡിസി നിര്‍ദ്ദേശിക്കുന്നു.