Puberty Health: 10 വയസ്സിന് മുൻപേ ആർത്തവമോ? പെൺകുട്ടികളിലെ ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ
Puberty Before Age 10: എന്തുകൊണ്ടാണ് നമ്മുടെ പെൺകുട്ടികളിൽ ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്? ഇതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. 10 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുമ്പോൾ, അത് ആരോഗ്യകരമാണോ അല്ലയോ എന്ന് പല മാതാപിതാക്കളുടെ മനസ്സിലും ഉയരുന്ന സംശയമാണ്. ജങ്ക് ഫുഡുകളുടെയും മധുരപലഹാരങ്ങളുടെയും അമിത ഉപയോഗം ഇതിന് പലപ്പോഴും കാരണമാകാറുണ്ട്.
പത്ത് വയസ്സിന് മുൻപേ പെൺകുട്ടികൾ പ്രായപൂർത്തിയാകുന്ന പ്രവണത ഇന്ന് നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരികയാണ്. പണ്ട് 13-14 വയസ്സുകളിൽ കണ്ടിരുന്ന ഈ ശാരീരിക മാറ്റം എട്ടും ഒമ്പതും വയസ്സുകളിലേക്ക് ചുരുങ്ങുന്നത് മാതാപിതാക്കളിൽ വലിയ ആശങ്ക പലപ്പോഴും സൃഷ്ടിക്കുന്നുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ പെൺകുട്ടികളിൽ ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്? ഇതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. 10 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുമ്പോൾ, അത് ആരോഗ്യകരമാണോ അല്ലയോ എന്ന് പല മാതാപിതാക്കളുടെ മനസ്സിലും ഉയരുന്ന സംശയമാണ്. ആസ്റ്റർ വൈറ്റ്‌ഫീൽഡ് ആശുപത്രിയിലെ പ്രസവചികിത്സ, ഗൈനക്കോളജി കൺസൾട്ടന്റായ ഡോ. ദീപ്തി അശ്വിൻ, ഇതേക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.
ഭക്ഷണരീതിയും അമിതവണ്ണവും
കുട്ടികളിലെ അമിതവണ്ണം പലപ്പോഴും നേരത്തെയുള്ള ആർത്തവത്തിന് കാരണമാകാറുണ്ട്. ശരീരത്തിലെ കൊഴുപ്പ് കൂടുമ്പോൾ ‘ലെപ്റ്റിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുകയും ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും പ്രായപൂർത്തിയാകാൻ സഹായിക്കുന്ന ഈസ്ട്രജൻ ഹോർമോണുകളുടെ പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്യുന്നു. ജങ്ക് ഫുഡുകളുടെയും മധുരപലഹാരങ്ങളുടെയും അമിത ഉപയോഗം ഇതിന് പലപ്പോഴും കാരണമാകാറുണ്ട്.
ALSO READ: ചർമ്മത്തിന് നെയ്യല്ലാതെ മറ്റാരുണ്ട്?; ആരും പറയാത്ത ഈ പരമ്പരാഗത രഹസ്യം അറിയാം
ആരോഗ്യ പ്രശ്നങ്ങൾ
ജീവിതശൈലി പ്രശ്നങ്ങൾക്ക് പുറമേ, ചില ആരോഗ്യ പ്രശ്നങ്ങളും നേരത്തെയുള്ള ആർത്തവത്തിന് കാരണമാകാറുണ്ട്. തൈറോയ്ഡ് തകരാറുകൾ, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്), അഡ്രീനൽ ഗ്രന്ഥി തകരാറുകൾ, ഓവേറിയൻ സിസ്റ്റുകൾ, തലച്ചോറുമായി ബന്ധപ്പെട്ട അപൂർവ തകരാറുകൾ തുടങ്ങിയ അവസ്ഥകളിലൂടെ ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകും. ഇത് പത്ത് വയസിന് മുമ്പേ പെൺകുട്ടികളിൽ ആർത്തവത്തിന് കാരണമാകുന്നു.
എൻഡോക്രൈൻ ഡിസ്‌റപ്റ്റേഴ്സ്
നമ്മുടെ ചുറ്റുമുള്ള പല നിത്യോപയോഗ വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെ ഹോർമോണുകളെ മാറ്റിമറിക്കാറുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളിലെ ബിപിഎ (BPA) ഘടകങ്ങൾ മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളിലെ വരെ നമ്മുടെ ഹോർമോൺ വ്യതിയാനത്തിന് കാരണമാകുന്നു. ചില തരം പെർഫ്യൂമുകൾ, ലോഷനുകൾ എന്നിവയിലെ പാരാബെൻസ്, ഫത്താലേറ്റുകൾ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാവും. ഇവ ശരീരത്തിലെ സ്വാഭാവിക ഹോർമോൺ സന്തുലിതാവസ്ഥ തെറ്റിക്കുന്നു.
വ്യായാമക്കുറവ്
സ്ക്രീൻ ടൈം കൂടുന്നതും ശാരീരികമായിട്ടുള്ള വ്യായാമം കുറയുന്നതും ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. കൃത്യമായ ഉറക്കം ലഭിക്കാത്തത് മെലാറ്റോണിൻ ഹോർമോണിൻ്റെ അളവിൽ മാറ്റം വരുത്തുകയും ഇത് പ്രായപൂർത്തിയാകുന്ന പ്രക്രിയയെ സ്വാധീനിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. ഇത് ഭാവിയിൽ കുട്ടികളിൽ പിസിഒഡി പോലുള്ള അവസ്ഥകൾക്കും കാരണമായേക്കാം.
മാനസിക സമ്മർദ്ദം
കുട്ടികളാണെന്ന് കരുതി അവർക്ക് മാനസികമായി സമ്മർദ്ദം ഇല്ലെന്ന് പറയാൻ നമുക്ക് സാധിക്കില്ല. കാരണം കുടുംബത്തിലെ അശാന്തിയോ മറ്റ് സാഹചര്യങ്ങൾ മൂലമുള്ള കടുത്ത മാനസിക സമ്മർദ്ദമോ കുട്ടികളിലെ ഹോർമോൺ ഗ്രന്ഥികളെ നേരത്തെ ഉത്തേജിപ്പിക്കാൻ കാരണമാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് 10 വയസിന് മുമ്പ് തന്നെ ആർത്തവത്തിന് കാരണമാകും.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
- ആരോഗ്യകരമായ ഭക്ഷണം: പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ നാടൻ ഭക്ഷണരീതി കുട്ടികളെ ചെറുപ്പം മുതൽക്കേ ശീലിപ്പിക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
- ശാരീരിക അധ്വാനം: കുട്ടികൾ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഓടിക്കളിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് അമിതവണ്ണം കുറയ്ക്കാനും ഇത്തരം ഹോർമോൺ മാറ്റങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.
- പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക: ചൂടുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ നൽകുന്നത് ഒഴിവാക്കി സ്റ്റീലോ ഗ്ലാസിലോ നൽകുക.
- തുറന്ന സംസാരം: കുട്ടികളോട് മാതാപിതാക്കൾ എപ്പോഴും സംസാരിക്കണം. അവർക്ക് മാനസികമായ പിന്തുണ നൽകുക.
English Summary:
Getting periods too early may point towards underlying girls health problems. Find out why young girls are getting their periods earlier than usual nowadays. Gynecologist explains why periods may begin before age 10 and the main reason.