Eye strain at Winter: തണുപ്പല്ലേ… പുറത്തിറങ്ങേണ്ട, മടിപിടിച്ചു ഫോണുമായി ഇരിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക
Digital Eye Strain: തണുപ്പ് കാരണം പുറത്തിറങ്ങുന്നത് കുറയുന്നതോടെ ജോലിക്കും വിനോദത്തിനുമായി ദീർഘനേരം സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് കണ്ണിന്റെ പേശികൾക്ക് ക്ഷീണമുണ്ടാക്കുന്നു.
ശൈത്യകാലത്ത് പലർക്കും ഉണ്ടാകുന്ന പ്രശ്നമാണ് കണ്ണിന്റെ അസ്വസ്ഥത. ഇതിന് പല കാരണങ്ങളുമുണ്ട്. പകൽ സമയം കുറവായതിനാലും തണുപ്പ് കൂടുതലായതിനാലും നാം കൂടുതൽ സമയവും വീടിനുള്ളിൽ ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, ഫോൺ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾക്കൊപ്പം ചിലവഴിക്കുന്നുണ്ട്. ഇത് ഡിജിറ്റൽ ഐ സ്ട്രെയിൻ അഥവാ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.
എന്തുകൊണ്ടാണ് ശൈത്യകാലത്ത് കണ്ണിന് ആയാസം കൂടുന്നത്?
തണുപ്പ് കാരണം പുറത്തിറങ്ങുന്നത് കുറയുന്നതോടെ ജോലിക്കും വിനോദത്തിനുമായി ദീർഘനേരം സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് കണ്ണിന്റെ പേശികൾക്ക് ക്ഷീണമുണ്ടാക്കുന്നു. സ്വാഭാവിക വെളിച്ചം കുറയുന്നതും വീടിനുള്ളിലെ മങ്ങിയ വെളിച്ചത്തിൽ തെളിച്ചമുള്ള സ്ക്രീനുകളിലേക്ക് നോക്കുന്നതും കണ്ണിലെ കൃഷ്ണമണിക്ക് അമിത ജോലി നൽകുന്നു.
Also Read: മുഖത്തെ തിളക്കം എന്നും നിലനിർത്താം; ഈ ഒരെണ്ണം മതി, കഴിക്കാൻ മടിക്കല്ലേ
റൂം ഹീറ്ററുകളുടെ ഉപയോഗം വായുവിലെ ഈർപ്പം കുറയ്ക്കുന്നു. ഇത് കണ്ണിലെ കണ്ണുനീർ വേഗത്തിൽ വറ്റിപ്പോകാനും കണ്ണ് വരണ്ടുപോകാനും കാരണമാകുന്നുണ്ട്. സാധാരണ മിനിറ്റിൽ 15-20 തവണ നാം കണ്ണ് ചിമ്മാറുണ്ട്. എന്നാൽ സ്ക്രീനിലേക്ക് ശ്രദ്ധിച്ചു നോക്കുമ്പോൾ ഇത് പകുതിയായി കുറയുന്നു. ഇത് കണ്ണിലെ ഈർപ്പം നഷ്ടപ്പെടുത്തുന്നു.
പ്രധാന ലക്ഷണങ്ങൾ
- കണ്ണുകളിൽ വരൾച്ച, പുകച്ചിൽ അല്ലെങ്കിൽ തരിപ്പ്.
- ഇടയ്ക്കിടെയുള്ള കാഴ്ച മങ്ങൽ.
- തലവേദന (പ്രത്യേകിച്ച് നെറ്റിയുടെ വശങ്ങളിൽ).
- കഴുത്ത്, തോൾ വേദന.
- പ്രകാശത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്.
പരിഹാര മാർഗ്ഗങ്ങൾ
ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിന് ശേഷവും 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കി നിൽക്കുക. ഇത് കണ്ണിന്റെ പേശികൾക്ക് വിശ്രമം നൽകുന്നു. കണ്ണ് വരണ്ടുപോകുന്നത് തടയാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്സ് ഉപയോഗിക്കാം.
സ്ക്രീനിലെ വെളിച്ചം മുറിയിലെ വെളിച്ചത്തിന് അനുസൃതമായി ക്രമീകരിക്കുക. ഗ്ലെയർ (Glare) ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഒപ്പം ഫോണ്ട് സൈസ് കൂട്ടുക, സ്ക്രീൻ കണ്ണിന്റെ നിരപ്പിൽ നിന്ന് അല്പം താഴെയായി വയ്ക്കുക. മുറിയിലെ വായുവിൽ ഈർപ്പം നിലനിർത്താൻ ഹ്യുമിഡിഫയറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. ഓരോ 30-45 മിനിറ്റിലും എഴുന്നേറ്റു നടക്കുകയും ശരീരം സ്ട്രെച്ച് ചെയ്യുകയും വേണം.