Santa Claus’s wife: സാന്റാക്ലോസിനു ഭാര്യയോ? സാന്റയെ ഉപദേശിക്കുന്ന വാത്സല്യനിധിയായ മിസിസ് ക്ലോസ് ആരാണ്?
1849-ൽ ജെയിംസ് റീസ് എഴുതിയ 'എ ക്രിസ്മസ് ലെജൻഡ്' എന്ന കഥയിലാണ് ആദ്യമായി ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
ഇത്തവണത്തെ ക്രിസ്മസ് വിപണിയിൽ സാന്റയ്ക്കൊപ്പം തന്നെ മിസിസ് ക്ലോസ് പ്രതിമകളും അലങ്കാരങ്ങളും തരംഗമാകുന്നുണ്ട്. എന്നാൽ സാന്റാക്ലോസിന്റെ ചരിത്രം പോലെ പുരാതനമായ ഒന്നല്ല മിസിസ് ക്ലോസിന്റേത്. നാലാം നൂറ്റാണ്ടിലെ സെന്റ് നിക്കോളാസിൽ നിന്നാണ് സാന്റാക്ലോസ് എന്ന സങ്കല്പം വന്നതെങ്കിൽ, മിസിസ് ക്ലോസ് 19-ാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യത്തിന്റെ സൃഷ്ടിയാണ്. 1849-ൽ ജെയിംസ് റീസ് എഴുതിയ ‘എ ക്രിസ്മസ് ലെജൻഡ്’ എന്ന കഥയിലാണ് ആദ്യമായി ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
Also read – വൈനും കേക്കുമെല്ലാം ഔട്ടായോ ? ഈ ക്രിസ്മസിനു ജെൻസികൾക്ക് പ്രിയം ക്രാക്കർ സ്നാക്കുകൾ
1851 ആയപ്പോഴേക്കും ‘യാങ്കി ഡൂഡിൽ’ പോലുള്ള പ്രസിദ്ധീകരണങ്ങൾ അവരെ ‘മിസിസ് സാന്റാ ക്ലോസ്’ എന്ന് വിളിക്കാൻ തുടങ്ങി. പിന്നീട് 1889-ൽ കാതറിൻ ലീ ബേറ്റ്സ് എഴുതിയ ‘ഗുഡി സാന്റാ ക്ലോസ് ഓൺ എ സ്ലീഗ് റൈഡ്’ എന്ന കവിതയിലൂടെയാണ് ഈ കഥാപാത്രം ജനപ്രിയമാവുകയും ക്രിസ്മസ് കഥകളിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തത്.
വെറുമൊരു ഭാര്യ മാത്രമല്ല, സാന്റയുടെ ഉപദേശക
കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന ആ കാലഘട്ടത്തിൽ, ലോകം മുഴുവൻ ബഹുമാനിക്കുന്ന സാന്റയെ ഒരു ‘കുടുംബനാഥൻ’ ആയി അവതരിപ്പിക്കാനാണ് എഴുത്തുകാർ മിസിസ് ക്ലോസിനെ സൃഷ്ടിച്ചത്. കാലക്രമേണ അവരുടെ ഉത്തരവാദിത്തങ്ങളും വർദ്ധിച്ചു. ഭക്ഷണം പാചകം ചെയ്യുക, വിഭവങ്ങൾ ഒരുക്കുക. കുട്ടികൾ അയക്കുന്ന കത്തുകൾ വായിക്കുക, സാന്റയ്ക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുക, വസ്ത്രങ്ങൾ തുന്നുക, സാന്റയുടെ സഹായികളായ എൽഫുകളെ പരിചരിക്കുക അങ്ങനെ പല ജോലികളും മിസിസ്സിന്റേതായി.
ഇന്ന് സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും അതിശക്തമായ ഒരു കഥാപാത്രമായി മിസിസ് ക്ലോസ് വളർന്നു കഴിഞ്ഞു. വെറുമൊരു തുണയല്ല, സാന്റാക്ലോസിന്റെ ദൗത്യങ്ങളിൽ തുല്യ പങ്കാളിയായ ഒരു വ്യക്തിത്വമായാണ് അവർ ഇന്ന് അറിയപ്പെടുന്നത്.