World Heart Day 2025: ഹെൽത്തി ഹാർട്ട്, ഹാപ്പി ലൈഫ്: വീട്ടിലിരുന്ന് ഹൃദയം കാക്കാം! വിദഗ്ധർ പറയുന്ന ഈ കാര്യങ്ങൾ പതിവാക്കൂ
Importance of Heart Health: ജിമ്മിൽ വച്ച് ഉണ്ടാകുന്ന ഹൃദയാഘാതങ്ങളുടെ കണക്കും അടുത്തകാലത്തായി വർധിച്ചുകൊണ്ടിരിക്കുകയാണ്. നാം ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഹൃദയത്തെ മോശമായ രീതിയിൽ ബാധിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഈ അവസ്ഥ ഒരേ പോലെ തുടരുന്നു

World Heart Day
ഇന്ന് ലോക ഹൃദയ ദിനം. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. എന്നാൽ നാം പലപ്പോഴും കരുതാതെ പോകുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തെയാണ്. മാറിയ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹൃദയത്തെയാണ്. ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുകൊണ്ടിരുന്ന ഹൃദയസംബന്ധമായ പല രോഗങ്ങളും ഇന്ന് കുട്ടികളിലും യുവാക്കളിൽ പോലും കണ്ടുവരുന്നു. ഇതിന്റെ പ്രധാന കാരണം ജീവിതശൈലി തന്നെയാണ്.
നീണ്ട ജോലി സമയം. അതും ശരീരം അധികം ഇളകാതെ ഇരുന്നു കൊണ്ടുള്ള ജോലിയാണ് ഇന്ന് പലർക്കും. ഉറക്കമില്ലായ്മ, വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ അമിത ഉപയോഗം ഇവയെല്ലാം ഇതിന്റെ പ്രധാന കാരണങ്ങളാണ്. മാത്രമല്ല ജിമ്മിൽ വച്ച് ഉണ്ടാകുന്ന ഹൃദയാഘാതങ്ങളുടെ കണക്കും അടുത്തകാലത്തായി വർധിച്ചുകൊണ്ടിരിക്കുകയാണ്. നാം ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഹൃദയത്തെ മോശമായ രീതിയിൽ ബാധിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഈ അവസ്ഥ ഒരേ പോലെ തുടരുന്നു.
സ്ത്രീകളുടെ ഹൃദയാരോഗ്യം….
30ളം 40ഉം പ്രായമുള്ള സ്ത്രീകൾക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുന്നത് ഇന്ന് വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ആദിത്യ ബിർള മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റായ ഡോ. അന്നപൂർണ്ണ കാലിയ, ഗർഭധാരണവും സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന് മറ്റൊരു സങ്കീർണ്ണത കൂടി നൽകുന്നുവെന്ന് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട്. ഗർഭത്തിന്റെ മൂന്നാം മാസത്തിൽ വർദ്ധിക്കുന്ന രക്തസമ്മർദ്ദം ചിലപ്പോൾ സ്ത്രീകളിൽ അപസ്മാരത്തിനും മരണത്തിനും പോലും കാരണമായേക്കാം. ഏകദേശം 30% സ്ത്രീകൾക്ക് പ്രസവശേഷവും രക്തസമ്മർദം വർദ്ധിക്കുന്നു എന്നാണ് പഠനം. ഇത് അവരെ കാലക്രമേണ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഇരയാക്കുന്നു. അതിനാൽ തന്നെ ഗർഭധാരണ സമയത്ത് ഉണ്ടാകുന്ന രക്തസമ്മർദ്ദം ഒരു താൽക്കാലിക പ്രശ്നമല്ല അത് സ്ത്രീകളെ വർഷങ്ങളോളം ബാധിക്കുന്നു. അതിനാൽ സ്ത്രീകളിലെ ഗർഭകാലത്തെ ഇത്തരം മാറ്റങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നും ഡോക്ടർ കാലിയ കൂട്ടിച്ചേർത്തു.
വീട്ടിൽ നിന്നു തുടങ്ങണം…
ഹൃദയസംബന്ധമായ രോഗങ്ങൾ അകറ്റാനും ഹൃദയം ആരോഗ്യത്തോടെ വയ്ക്കാനും വീട്ടിൽ നിന്നും തുടങ്ങണം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ അനാവശ്യമായ ഓയിലുകളും മറ്റു ഉൾപ്പെടുത്താതിരിക്കുക. സമീകൃത ആഹാരം പാലിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ധാരാളം കഴിക്കുന്നത് ഒഴിവാക്കുക. ദിനവും ഒരു 30 മിനിറ്റ് എങ്കിലും നടക്കുവാൻ ശ്രമിക്കുക. അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ പതിവായി ഹൃദയ പരിശോധനകൾ നടത്തുന്നതും ഹാർട്ട് അറ്റാക്ക് പക്ഷാഘാതം പോലുള്ള രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും.