നിങ്ങൾ ജനിച്ച കുടുംബം നിങ്ങളുടെ ഭാവിയെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്?
ഇന്ത്യയിൽ ഈ സ്കോർ ജനറൽ/ഒബിസി വിഭാഗങ്ങളിൽ ഏകദേശം 0.61-ഉം, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ 0.55-ഉം ആണ്. താരതമ്യത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് 0.4-ഉം, ചൈനയിൽ 0.5-ഉം, ഒഇസിഡി വികസിത രാജ്യങ്ങളുടെ ശരാശരി 0.38-ഉം ആണ്. ഇതിനർത്ഥം, ഇന്ത്യയിലെ സാമ്പത്തിക ചലനാത്മകത സമ്പന്ന രാജ്യങ്ങളേക്കാൾ മാത്രമല്ല, സാമ്പത്തിക വളർച്ചയിൽ നാം നിരന്തരം മത്സരിക്കുന്ന ചൈനയേക്കാളും വളരെ പിന്നിലാണ് എന്നാണ്.

പ്രതീകാത്മക ചിത്രം
ബിഹാറിലെ ഒരു ഉൾഗ്രാമത്തിലെ കുട്ടിയോടും ബെംഗളൂരു നഗരത്തിലെ കുട്ടിയോടും നമ്മൾ മുതിർന്നവർ പലപ്പോഴും ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്: “കഠിനാധ്വാനം മാത്രമാണ് തുല്യതയിലേക്കുള്ള വഴി; കഴിവും പരിശ്രമവും നിങ്ങളെ എവിടെ എത്തിക്കണമെന്ന് തീരുമാനിക്കും.” രണ്ട് കുട്ടികളും ഒരുപോലെ അധ്വാനിച്ചേക്കാം. എന്നാൽ ഒടുവിൽ ജീവിതത്തിൽ അവർ എവിടെയെത്തുമെന്ന കാര്യത്തിലെ സാധ്യതകൾ ഒട്ടും തുല്യമല്ല. മെരിറ്റിനെക്കുറിച്ചുള്ള നമ്മുടെ പതിവ് ചർച്ചകൾ സമ്മതിക്കാൻ മടിക്കുന്ന, കടുത്ത ചില യാഥാർഥ്യങ്ങൾ ഇതിന് പിന്നിലെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
കുട്ടിയുടെ സാമ്പത്തിക ഭാവി
സാമ്പത്തിക ശാസ്ത്രജ്ഞർ അളക്കുന്ന ‘തലമുറകൾക്കിടയിലെ സാമ്പത്തിക ചലനാത്മകത’ അതായത് ഒരു കുട്ടിയുടെ സാമ്പത്തിക ഭാവിയെ മാതാപിതാക്കളുടെ സാമ്പത്തിക നിലവാരം എത്രത്തോളം സ്വാധീനിക്കുന്നു എന്നത്—പരിശോധിച്ചാൽ ഇന്ത്യയിലെ ചിത്രം ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിൽ ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ 3 ശതമാനത്തിന് മാത്രമേ വളർന്നു വലുതാകുമ്പോൾ സമ്പന്നരായ 20 ശതമാനത്തിലേക്ക് എത്താൻ കഴിയുന്നുള്ളൂ. എന്നാൽ, ആ ദരിദ്ര വിഭാഗത്തിൽ ജനിക്കുന്ന 52 ശതമാനം പേരും തങ്ങളുടെ ദാരിദ്ര്യത്തിൽ നിന്ന് ഒരടി പോലും മുന്നേറാനാകാതെ അവിടെത്തന്നെ തുടരുകയാണ്. മറുവശത്ത്, ഏറ്റവും സമ്പന്നരായ കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ 54 ശതമാനവും ആ സമ്പന്നതയിൽത്തന്നെ തുടരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം തുറന്നുസമ്മതിക്കാൻ ഭയപ്പെടുന്ന ഒന്നാണ് നമ്മുടെ യാഥാർഥ്യം: നമ്മൾ എവിടെ ജനിക്കുന്നു എന്നത് നമ്മുടെ ഭാവിയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്.
ഇതിനെ അളക്കാൻ സാമ്പത്തിക വിദഗ്ധർ ഉപയോഗിക്കുന്ന സാങ്കേതിക മാനദണ്ഡമാണ് ‘തലമുറകൾ തമ്മിലുള്ള വേതന ഇലാസ്തികത’ ലളിതമായി പറഞ്ഞാൽ, ഒരു അച്ഛന്റെ വരുമാനം മകന്റെ വരുമാനത്തെ എത്രത്തോളം മുൻകൂട്ടി പ്രവചിക്കുന്നു എന്ന കണക്കാണിത്. ഈ സ്കോർ ‘പൂജ്യം’ ആണെങ്കിൽ ജനനം ഒന്നിനെയും ബാധിക്കുന്നില്ലെന്നും പശ്ചാത്തലം നോക്കാതെ തുല്യ അവസരം ലഭിക്കുന്നുവെന്നും അർത്ഥം. സ്കോർ ‘ഒന്ന്’ ആണെങ്കിൽ ജീവിതം പൂർണ്ണമായും ജനനത്തെ ആശ്രയിച്ചിരിക്കുന്നു, മുന്നേറാൻ അവസരങ്ങളില്ല.
ഇന്ത്യയിൽ ഈ സ്കോർ ജനറൽ/ഒബിസി വിഭാഗങ്ങളിൽ ഏകദേശം 0.61-ഉം, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ 0.55-ഉം ആണ്. താരതമ്യത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് 0.4-ഉം, ചൈനയിൽ 0.5-ഉം, ഒഇസിഡി വികസിത രാജ്യങ്ങളുടെ ശരാശരി 0.38-ഉം ആണ്. ഇതിനർത്ഥം, ഇന്ത്യയിലെ സാമ്പത്തിക ചലനാത്മകത സമ്പന്ന രാജ്യങ്ങളേക്കാൾ മാത്രമല്ല, സാമ്പത്തിക വളർച്ചയിൽ നാം നിരന്തരം മത്സരിക്കുന്ന ചൈനയേക്കാളും വളരെ പിന്നിലാണ് എന്നാണ്.
1984-ൽ ജനിച്ചവരിൽ
തൊഴിൽ മേഖല പരിശോധിച്ചാലും ഇതേ വേർതിരിവ് കാണാം. 1984-ൽ ജനിച്ചവരിൽ, വൈറ്റ് കോളർ (ഓഫീസ്) ജോലി ചെയ്യുന്ന അച്ഛന്മാരുടെ മക്കളിൽ ഏകദേശം 39.3 ശതമാനം പേരും വൈറ്റ് കോളർ ജോലികളിലേക്ക് എത്തി. എന്നാൽ അവിദഗ്ദ്ധ തൊഴിലാളികളുടെ (Unskilled workers) മക്കളിൽ വെറും 4.9 ശതമാനം പേർക്ക് മാത്രമാണ് അത്തരം ജോലികളിൽ എത്താനായത്. കർഷകരുടെ മക്കളിലാകട്ടെ ഇത് 6.4 ശതമാനം മാത്രമാണ്. അതേസമയം, അവിദഗ്ദ്ധ തൊഴിലാളികളുടെ മക്കളിൽ 58.5 ശതമാനവും അതേ അവിദഗ്ദ്ധ തൊഴിലുകളിൽത്തന്നെ തളയ്ക്കപ്പെട്ടു. ഇത് വ്യക്തിപരമായ തെരഞ്ഞെടുപ്പല്ല, മറിച്ച് വ്യവസ്ഥിതി തലമുറകളായി സ്വയം ആവർത്തിക്കുന്നതിന്റെ തെളിവാണ്.
ഭൂമിശാസ്ത്രപരമായ അന്തരം ഇതിന്റെ ആഘാതം കൂട്ടുന്നു. കാർഷിക പശ്ചാത്തലമുള്ള ഗ്രാമീണ യുവാക്കളിൽ 10.5 ശതമാനം പേർ മാത്രമാണ് ക്ലറിക്കൽ അല്ലെങ്കിൽ സമാനമായ ജോലികളിലേക്ക് മാറിയത്; എന്നാൽ സമാനമായ സാമ്പത്തിക ചുറ്റുപാടിൽ നഗരങ്ങളിൽ വളർന്നവരിൽ 26.8 ശതമാനം പേർ ഇത്തരം മേഖലകളിലേക്ക് എത്തി. ചുരുക്കത്തിൽ, ഒരാൾ സ്വന്തം ഭാവി സ്വയം നിർണ്ണയിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ, അയാൾ താമസിക്കുന്ന സ്ഥലത്തിന്റെ പിൻകോഡ് (PIN code) ആ ഭാവിയെ തീരുമാനിച്ചു തുടങ്ങുന്നു.
ഇത് രണ്ട് യുവാക്കളുടെ യഥാർത്ഥ ജീവിതത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചിന്തിക്കുക:
ഒരു കുട്ടി വളരുന്നത് മികച്ച സ്കൂളുകളും സമീപത്ത് ഇംഗ്ലീഷ് മീഡിയം സൗകര്യങ്ങളുമുള്ള ഒരു നഗരത്തിലാണ്. ഒരു ഇന്റർവ്യൂ എങ്ങനെ നേരിടണമെന്ന് പറഞ്ഞുനൽകാൻ കഴിയുന്ന, ഓഫീസുകളിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ ആ കുട്ടിക്കുണ്ട്; ഒപ്പം എളുപ്പത്തിൽ എത്തിപ്പെടാവുന്ന തൊഴിൽ വിപണിയും ചുറ്റുമുണ്ട്. എന്നാൽ മറ്റൊരു കുട്ടി വളരുന്ന ഗ്രാമത്തിൽ ഏറ്റവും അടുത്തുള്ള ഹൈസ്കൂളിലേക്ക് പോകാൻ തന്നെ ഒരു മണിക്കൂർ യാത്ര വേണം; കുടുംബത്തിലോ ബന്ധത്തിലോ ആരും ഇന്നുവരെ ഒരു ഓഫീസ് ജോലി ചെയ്തിട്ടില്ല; കൃഷിയും കൂലിപ്പണിയും അല്ലാതെ മറ്റൊരു തൊഴിലവസരവും ആ പ്രദേശത്ത് നിലവിലില്ല.
സ്വയം തെരഞ്ഞെടുത്തതല്ല
ഈ രണ്ട് കുട്ടികളും തങ്ങളുടെ ജീവിത തുടക്കം സ്വയം തെരഞ്ഞെടുത്തതല്ല. രണ്ടുപേരും ഒരേ നിശ്ചയദാർഢ്യത്തോടെ അധ്വാനിച്ചാലും, അവരുടെ മുന്നിലുള്ള വഴികൾ തുല്യമല്ല. വ്യക്തിപരമായ കഠിനാധ്വാനം കൊണ്ടുമാത്രം നികത്താൻ കഴിയുന്നതല്ല ഈ വിടവ്.ഇത് കഠിനാധ്വാനത്തിനോ വലിയ സ്വപ്നങ്ങൾക്കോ എതിരെയുള്ള വാദമല്ല; ഏതൊരു തുടക്കത്തിലും അവ രണ്ടും വളരെ പ്രധാനമാണ്. എന്നാൽ നമ്മുടെ സമൂഹത്തിലെ തുടക്കങ്ങൾ എത്രത്തോളം അസമത്വങ്ങൾ നിറഞ്ഞതാണെന്ന് തുറന്നു സമ്മതിക്കാനുള്ള ആഹ്വാനമാണിത്. അതുകൊണ്ടാണ് ഗ്രാമീണ വിദ്യാഭ്യാസം, അപ്രന്റീസ്ഷിപ്പ് അവസരങ്ങൾ, കുടിയേറ്റ സഹായങ്ങൾ, ഗ്രാമ-നഗര അടിസ്ഥാനസൗകര്യ വിടവുകൾ നികത്തൽ എന്നിവ വ്യക്തിപരമായ പരിശ്രമം പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന നയങ്ങളാകുന്നത്.
ആഭ്യന്തര കുടിയേറ്റ കണക്കുകളിലും ശ്രദ്ധേയമായ മറ്റൊരു യാഥാർത്ഥ്യമുണ്ട്. ഇന്ത്യയ്ക്കുള്ളിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കുടിയേറിയവരിൽ വെറും 14.7 ശതമാനം പേർ മാത്രമാണ് തൊഴിൽ തേടി മാറിത്താമസിച്ചത്. സ്ത്രീകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 2 ശതമാനം മാത്രമാണ്. തലമുറകളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താൻ ലോകമെമ്പാടും വലിയ പങ്കുവഹിച്ച ‘അവസരങ്ങൾ തേടിയുള്ള കുടിയേറ്റം’ ഇന്ത്യയിൽ, പ്രത്യേകിച്ച് ഇന്ത്യൻ സ്ത്രീകൾക്കിടയിൽ, ഇപ്പോഴും വളരെ ചുരുക്കം ആളുകൾക്ക് മാത്രം സാധ്യമാകുന്ന വഴിയാണ്.
ഇത് വായിക്കുന്ന ഓരോ പൗരനും മുന്നിലുള്ള യഥാർത്ഥ ചോദ്യം കഴിവിനും കഠിനാധ്വാനത്തിനും വിലയുണ്ടോ എന്നതല്ല; തീർച്ചയായും ഉണ്ട്. മറിച്ച്, ജനിച്ച കുടുംബമോ ഗ്രാമമോ വരുമാന പരിധിയോ തടസ്സമാകാതെ, ആ കഴിവിനെ അത് അർഹിക്കുന്ന ഉയരങ്ങളിലേക്ക് എത്തിക്കാൻ നമ്മുടെ രാജ്യം പാകപ്പെട്ടിട്ടുണ്ടോ എന്നതാണ്.