Asia Cup 2025: ഏഷ്യാ കപ്പ് ട്രോഫി എസിസി ആസ്ഥാനത്ത് പൂട്ടിവച്ച് മൊഹ്സിൻ നഖ്‌വി; തൻ്റെ അനുവാദമില്ലാതെ എടുക്കരുതെന്ന് നിർദ്ദേശം
Mohsin Naqvi Locks Away Asia Cup Trophy: ഏഷ്യാ കപ്പ് ദുബായിലെ എസിസി ആസ്ഥാനത്ത് പൂട്ടിവച്ച് ചെയർമാൻ മൊഹ്സിൻ നഖ്‌വി. ചില നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്.

ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പുതിയ വഴിത്തിരിവ്. ദുബായിലെ എസിസി ആസ്ഥാനത്ത് എസിസി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫി പൂട്ടിവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ അനുവാദമില്ലാതെ ട്രോഫി എടുക്കരുതെന്ന നിർദ്ദേശവും നഖ്‌വി നൽകിയിട്ടുണ്ട്. (Image Credits - PTI)

ഫൈനൽ മത്സരത്തിന് ശേഷം തൻ്റെ കയ്യിൽ നിന്ന് ഇന്ത്യൻ ടീം ട്രോഫി വാങ്ങാതിരുന്നതിനെ തുടർന്ന് നഖ്‌വി ട്രോഫി തിരികെ കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളുമുണ്ടായി. ഒടുവിലാണ് മൊഹ്സിൻ നഖ്‌വി ഇപ്പോൾ ട്രോഫി പൂട്ടിവച്ചിരിക്കുന്നത്.

വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. "ഇന്നത്തെ വിവരമനുസരിച്ച് ട്രോഫി ഇപ്പോഴും ദുബായിലെ എസിസി ഓഫീസിലാണ്. തൻ്റെ അനുവാദവും സാന്നിധ്യവുമില്ലാതെ ട്രോഫി എടുക്കരുതെന്നും ആർക്കും കൈമാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്."

"ബിസിസിഐയ്ക്കോ ഇന്ത്യൻ ടീമിനോ ട്രോഫി കൈമാറുകയാണെങ്കിൽ താൻ തന്നെ അത് ചെയ്യുമെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ട്."- നഖ്‌വിയുമായി ബന്ധപ്പെട്ടയാൾ പറഞ്ഞതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഇക്കാര്യത്തിൽ പുതിയ വിവാദത്തിനാണ് തുടക്കമായത്.

ഏഷ്യാ കപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിർത്തി മത്സരത്തിൽ വിജയിച്ചു. 69 റൺസ് നേടിയ തിലക് വർമ്മയാണ് വിജയശില്പി.