XChat: എക്സ്ചാറ്റിലുണ്ടാവുക ഏറ്റവും ഉയർന്ന സുരക്ഷ; ഇപ്പോൾ പെയ്ഡ് സബ്സ്ക്രൈബർമാർക്ക് മാത്രം
Elon Musk Reveals XChat features: എക്സ് പ്ലാറ്റ്ഫോമിൻ്റെ ഏറ്റവും പുതിയ ഡയറക്റ്റ് മെസേജിങ് സേവനം എക്സ്ചാറ്റിൻ്റെ ഫീച്ചറുകൾ പ്രഖ്യാപിച്ച് ഇലോൺ മസ്ക്. സുരക്ഷയാണ് ആപ്പിൻ്റെ പ്രധാന പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.

എക്സ് പ്ലാറ്റ്ഫോം പുതുതായി അവതരിപ്പിച്ച എക്സ്ചാറ്റിലുണ്ടാവുക ഏറ്റവും ഉയർന്ന സുരക്ഷയെന്ന് ഉടമ ഇലോൺ മസ്ക്. ആദ്യ ഘട്ടത്തിൽ പെയ്ഡ് സബ്സ്ക്രൈബർമാർക്ക് മാത്രമാവും എക്സ്ചാറ്റ് ലഭ്യമാവുക. മറ്റ് യൂസർമാർക്ക് എപ്പോൾ മുതൽ ഇത് ലഭ്യമായിത്തുടങ്ങുകയെന്ന് വ്യക്തമല്ല. (Image Courtesy - Social Media)

ബിറ്റ്കോയിന് സമാനമായ എൻക്രിപ്ഷനാവും എക്സ്ചാറ്റിൽ ഉണ്ടാവുക എന്നാണ് മസ്ക് വെളിപ്പെടുത്തിയത്. വാനിഷിങ് മെസേജസ്, ഓഡിയോ, വിഡിയോ കോളിങ്, ഫയൽ ഷെയറിങ് തുടങ്ങി വിവിധ ഫീച്ചറുകൾ എക്സ്ചാറ്റിലുണ്ടാവും. സുരക്ഷാ ഫീച്ചർ എങ്ങനെയാവുമെന്നത് വ്യക്തമല്ല.

വാട്സപ്പിലും ഇൻസ്റ്റഗ്രാമിലുമാണ് ഇപ്പോൾ വാനിഷിങ് മെസേജ് ഓപ്ഷനുകൾ ഉള്ളത്. ഒരു നിശ്ചിത സമയത്തിന് ശേഷം ചാറ്റുകൾ അപ്രത്യക്ഷമാവുന്ന ഫീച്ചറാണിത്. ഇതും എക്സ്ചാറ്റിലുണ്ടാവും. ക്രോസ് പ്ലാറ്റ്ഫോം ഓഡിയോ, വിഡിയോ കോളുകൾ ചെയ്യാനും ആപ്പിലൂടെ സാധിക്കും.

നിലവിൽ എക്സ് പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമേ എക്സ്ചാറ്റ് ലഭിക്കൂ. ബേസിക്, പ്രീമിയം, പ്രീമിയം പ്ലസ് എന്നിങ്ങനെ മൂന്ന് സ്ബ്സ്ക്രിപ്ഷനാണ് എക്സിനുള്ളത്. ഇതിൽ ഏതൊക്കെ സബ്സ്ക്രിപ്ഷനിൽ എക്സ് ചാറ്റ് ലഭിക്കുമെന്നതിലും ഇപ്പോൾ വ്യക്തതയില്ല.

എക്സ്ചാറ്റ് ഏറെ വൈകാതെ തന്നെ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വാട്സപ്പിന് സമാനമായ ഡയറക്ട് മെസേജിങ് ആപ്പാണ് എക്സ്ചാറ്റ്. വാട്സപ്പിന് വെല്ലുവിളി ആയിട്ടാണ് ആപ്പ് പുറത്തുവരുന്നത്. അതിനനുസരിച്ചുള്ള ഫീച്ചറുകളും ആപ്പിലുണ്ടാവുമെന്ന് സൂചനയുണ്ട്.