Gardening Tips: ബീറ്റ്റൂട്ട് ഇനി കടയിൽ നിന്ന് വാങ്ങേണ്ട, വീട്ടിലെ ഈ സ്ഥലം വെറുതെ കളയല്ലേ….
ബാൽക്കണിയിലെ ചെറിയ സ്ഥലത്തും എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നാണ് ബീറ്റ്റൂട്ട്. കുറഞ്ഞ പരിചരണവും കുറച്ച് സൂര്യപ്രകാശവും ഉണ്ടെങ്കിൽ വീടുകളിൽ തന്നെ വിഷരഹിതമായ ബീറ്റ്റൂട്ട് വിളവെടുക്കാം. ബീറ്റ്റൂട്ട് വിത്തുകൾ നേരിട്ട് ചട്ടിയിൽ പാകുന്നതാണ് നല്ലത്. ബാൽക്കണിയിലെ ബീറ്റ്റൂട്ട് കൃഷിയിൽ അറിയേണ്ട പ്രധാന കാര്യങ്ങൾ പരിശോധിച്ചാലോ....

ബാൽക്കണിയിലെ ചെറിയ സ്ഥലത്തും എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നാണ് ബീറ്റ്റൂട്ട്. കുറഞ്ഞ പരിചരണവും കുറച്ച് സൂര്യപ്രകാശവും ഉണ്ടെങ്കിൽ വീടുകളിൽ തന്നെ വിഷരഹിതമായ ബീറ്റ്റൂട്ട് വിളവെടുക്കാം. ബാൽക്കണിയിലെ ബീറ്റ്റൂട്ട് കൃഷിയിൽ അറിയേണ്ട പ്രധാന കാര്യങ്ങൾ പരിശോധിച്ചാലോ....

കുറഞ്ഞത് 8-10 ഇഞ്ച് ആഴമുള്ള ഗ്രോ ബാഗുകളോ ചട്ടികളോ തിരഞ്ഞെടുക്കുക. പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ചകിരിച്ചോറ്, ചാണകപ്പൊടി/കമ്പോസ്റ്റ്, മണ്ണ് എന്നിവ തുല്യ അനുപാതത്തിൽ ചേർത്ത് മണ്ണ് നല്ലവണ്ണം ഇളക്കി നൽകണം.

ബീറ്റ്റൂട്ട് വിത്തുകൾ നേരിട്ട് ചട്ടിയിൽ പാകുന്നതാണ് നല്ലത്. വിത്തുകൾ നടുന്നതിന് മുൻപ് 4-6 മണിക്കൂർ വെള്ളത്തിൽ കുതിർത്തുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും. അര ഇഞ്ച് ആഴത്തിൽ വിത്തുകൾ പാകി നേരിയ തോതിൽ മണ്ണ് ഇട്ടു മൂടുക.

ദിവസവും 4-5 മണിക്കൂറെങ്കിലും നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലത്ത് ചട്ടികൾ വെക്കുക. മണ്ണിലെ ഈർപ്പം നിലനിർത്താൻ ദിവസവും ആവശ്യത്തിന് മാത്രം വെള്ളം ഒഴിക്കുക. വിത്തുകൾ മുളച്ച് 2 ആഴ്ചയാകുമ്പോൾ അധികമുള്ള ചെറിയ തൈകൾ പറിച്ച് മാറ്റി തൈകൾ തമ്മിൽ 3-4 ഇഞ്ച് അകലം ഉറപ്പാക്കുക

15 ദിവസത്തിലൊരിക്കൽ ജൈവ വളങ്ങളോ പുളിപ്പിച്ച പിണ്ണാക്ക് വെള്ളമോ നൽകാം. വിത്ത് പാകി 60-75 ദിവസത്തിനുള്ളിൽ ബീറ്റ്റൂട്ട് വിളവെടുക്കാൻ പാകമാകും. അതായത് ഇനി തോരനും കിച്ചടി വയ്ക്കാനും പൊന്നുംവില കൊടുത്ത് ബീറ്റ്റൂട്ട് കടയിൽ നിന്ന് വാങ്ങേണ്ട