Gold Deposite in Kerala: വിശ്വസിച്ചേ പറ്റൂ… കേരളത്തിലുമുണ്ട് സ്വർണം വിളയുന്ന സ്ഥലങ്ങൾ
Gold Deposits in Kerala: ഭൂമിയിൽ വളരെക്കുറച്ചു സ്വർണമേ ഉള്ളൂ. സ്വർണത്തിന്റെ സ്വഭാവവും ഭൂമിയുടെ ഉൽപത്തി മുതലുള്ള രൂപവൽക്കരണ ചരിത്രവും ഇതിനു കാരണമാണ്.

കേരളത്തിൽ പല സ്ഥലങ്ങളിലും സ്വർണ നിക്ഷേപമുണ്ടെന്ന് എത്ര പേർക്കറിയാം? ഇതിൽ പ്രധാനപ്പെട്ടത് നിലമ്പൂർ-പന്തലൂർ മേഖലയാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ നിക്ഷേപ മേഖലയാണിത്. ടണ്ണിന് 0.5 മുതൽ 4.5 ഗ്രാം വരെ സ്വർണ സാന്നിധ്യം ഇവിടെ കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിലമ്പൂരിലെ വഴിക്കടവ്, പുന്നപ്പുഴ, പോത്തുകല്ല് തുടങ്ങിയ ഭാഗങ്ങളിൽ ഖനനം നടന്നിരുന്നു. ഇന്നും ഇവിടുത്തെ പുഴകളിൽ നിന്ന് സ്വർണം അരിച്ചെടുക്കുന്ന പതിവുണ്ട്.

വയനാട് സ്വർണ ബെൽറ്റ്: നിലമ്പൂർ മേഖലയുടെ വടക്കൻ തുടർച്ചയായിട്ടാണ് വയനാടിനെ കണക്കാക്കുന്നത്. മാനന്തവാടി, തരിയോട്, മേപ്പാടി എന്നീ പ്രദേശങ്ങളിലെ മണ്ണിലും പാറകളിലും സ്വർണത്തിന്റെ സാന്നിധ്യം ഭൗമശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

അട്ടപ്പാടി ഭവാനി മേഖല: അട്ടപ്പാടിയിലെ ഭവാനി ഷിയർ സോണിന്റെ വശങ്ങളിലാണ് സ്വർണ നിക്ഷേപമുള്ളത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ച് ഇവിടെ ടണ്ണിന് 0.2 മുതൽ 1.2 ഗ്രാം വരെ സ്വർണം അടങ്ങിയിരിക്കുന്നു.

തെക്കൻ കേരളത്തിലെ സാന്നിധ്യം: പുനലൂർ, നെല്ലിക്കുട്ട എന്നീ പ്രദേശങ്ങളിൽ വെള്ളാരം കല്ലുകൾക്കൊപ്പം സ്വർണത്തിന്റെ ചെറിയ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെ അളവ് വളരെ കുറവായതിനാൽ ഖനനം ലാഭകരമല്ല.

തീരദേശത്തെ സ്വർണ നിക്ഷേപം: ചവറ, ആലപ്പുഴ മേഖലകളിലെ തീരമണലിലും സ്വർണത്തിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇൽമെനൈറ്റ്, മോണോസൈറ്റ് തുടങ്ങിയ ധാതുക്കൾക്കൊപ്പമാണ് ഇവ കാണപ്പെടുന്നത്. അളവ് തീരെ കുറവായതിനാൽ ഖനനത്തിന് ഇവ ഉപയോഗപ്പെടുത്താറില്ല.