Pakistan Cricket: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായത് മാത്രമല്ല പ്രശ്‌നം, പാകിസ്ഥാനെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ദിനങ്ങള്‍
PCB's next biggest challenge: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായിരിക്കുകയാണ് പാകിസ്ഥാന്‍. പുറത്തായതിന്റെ നാണക്കേട് മാത്രമല്ല പാകിസ്ഥാനെ അലട്ടുന്നത്. സാമ്പത്തിക വെല്ലുവിളികളും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. ടീമിന് ഒരു സ്‌പോണ്‍സറെ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായി മാറിയേക്കാമെന്ന് റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ന്യൂസിലന്‍ഡിനോടും ഇന്ത്യയോടും പരാജയപ്പെട്ടതിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ് പാകിസ്ഥാന്‍. ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ കീഴടക്കുകയും ചെയ്തതോടെ പാകിസ്ഥാന്റെ സാധ്യതകള്‍ പൂര്‍ണമായി അടഞ്ഞു. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന്റെ നാണക്കേട് മാത്രമല്ല പാകിസ്ഥാനെ അലട്ടുന്നത്. സാമ്പത്തിക വെല്ലുവിളികളും പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നേരിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട് (Image Credits : PTI)

പുരുഷ ടീമിന് ഒരു സ്‌പോണ്‍സറെ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായി മാറിയേക്കാമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നോക്കൗട്ടില്‍ തിരിച്ചടി നേരിടുന്നതിന് മുമ്പ് ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരം കാണാന്‍ നിരവധി പേരെത്തിയിരുന്നു. ഇത് പാക് ക്രിക്കറ്റ് ബോര്‍ഡിന് ആത്മവിശ്വാസവും പകര്‍ന്നിരുന്നു (Image Credits : PTI)

പാകിസ്ഥാന്റെ മത്സരം അല്ലാഞ്ഞിട്ട് പോലും നിരവധി കാണികളെത്തിയത് ആവേശകരമായ അനുഭവമായിരുന്നുവെന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ പാകിസ്ഥാന്‍ പുറത്തായതോടെ, ശേഷിക്കുന്ന മത്സരങ്ങള്‍ കാണികള്‍ എത്തുന്നത് ഉറപ്പാക്കുക എന്നതാണ് തങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി (Image Credits : PTI)

സാമ്പത്തികം കുറഞ്ഞാലും വലിയ തിരിച്ചടിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബ്രാന്‍ഡ് മൂല്യത്തിന് തിരിച്ചടിയുണ്ടായേക്കും. ഗേറ്റ് രസീതുകളും ഗ്രൗണ്ട് വരുമാനത്തിന്റെ മറ്റ് മാര്‍ഗങ്ങളെയും ഇത് ബാധിച്ചേക്കാമെന്നാണ് ആശങ്ക. ആതിഥേയ ഫീസ്, ടിക്കറ്റ് വില്‍പന ഉള്‍പ്പെടെയുള്ള ഐസിസി വരുമാനത്തിന്റെ പങ്ക് പിസിബിക്ക് ലഭിക്കും. എന്നാല്‍ ആളുകള്‍ക്ക് മത്സരങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുമോയെന്ന ആശങ്ക പിസിബിക്കുണ്ട് (Image Credits : PTI)

ഭാവിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഒരു ബ്രാന്‍ഡായി വില്‍ക്കുക എളുപ്പമായിരിക്കില്ലെന്ന് പിസിബി വൃത്തങ്ങള്‍ വ്യക്തമാക്കി. ആരാധകരെ ടീമുമായി ബന്ധിപ്പിക്കുക എന്നതാണ് വെല്ലുവിളിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു (Image Credits : PTI)