India vs England: ഋഷഭ് പന്ത് ഇനി കളിക്കുമോ?; താരത്തിൻ്റെ പരിക്കിൽ അപ്ഡേറ്ററിയിച്ച് ബിസിസിഐ
Will Rishabh Pant Play Again In This Series?: കാൽവിരലിന് പരിക്കേറ്റ ഋഷഭ് പന്ത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. താരം പരമ്പരയിൽ ഇനി കളിച്ചേക്കില്ലെന്നാണ് സൂചനകൾ.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് പുരോഗമിക്കുകയാണ്. പരമ്പര പരിഗണിക്കുമ്പോൾ ഇന്ത്യക്ക് വളരെ നിർണായകമായ ഒരു മത്സരമാണിത്. ഈ കളി തോറ്റാലോ സമനില ആയാലോ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ജയിച്ചാൽ അടുത്ത കളിയിലേക്ക് ആയുസ് നീളും. (Image Credits- PTI)

നന്നായിത്തുടങ്ങിയ ഇന്ത്യ ആദ്യ സെഷനിൽ പൂർണ ആധിപത്യം പുലർത്തി. രണ്ടാം സെഷനിൽ അല്പം ഒന്ന് പിന്നാക്കം പോയെങ്കിലും മൂന്നാം സെഷനിൽ വീണ്ടും ഇന്ത്യ തിരികെവന്നു. സായ് സുദർശനും ഋഷഭ് പന്തുമാണ് മൂന്നാം സെഷനിൽ ഇന്ത്യയുടെ പോരാട്ടം മുന്നിൽ നിന്ന് നയിച്ചത്.

സായ് 61 റൺസ് നേടി പുറത്തായപ്പോൾ ഋഷഭ് പന്ത് (37) റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയായിരുന്നു. ക്രിസ് വോക്സിനെ റിവേഴ്സ് സ്കൂപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് നേരിട്ട് ബൂട്ടിൽ പതിച്ചതിനെ തുടർന്ന് പന്ത് കളം വിട്ടു. താരം വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഗ്രൗണ്ടിൽ നിന്ന് മിനി ആംബുലൻസിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. കാൽവിരലിൽ ഒടിവുണ്ടോ എന്ന് സംശയമുണ്ട്. താരത്തെ സ്കാനിങിന് കൊണ്ടുപോയെന്ന് ബിസിസിഐ അറിയിച്ചെങ്കിലും പരിക്കിൻ്റെ ഗുരുതരാവസ്ഥ എത്രത്തോളമാണെന്ന് ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല.

ഋഷഭ് പന്ത് ഇനി ഈ പരമ്പരയിൽ കളിക്കുമോ എന്ന് സംശയമാണ്. നേരത്തെ താരത്തിൻ്റെ കൈവിരലിൽ പരിക്കേറ്റിരുന്നു. ഇപ്പോൾ താരത്തിൻ്റെ കാൽവിരലിലും പരിക്കേറ്റിരിക്കുകയാണ്. ഇതോടെ പന്ത് പരമ്പരയിൽ ഇനി കളിച്ചേക്കില്ല. നിലവിലെ ടെസ്റ്റിൽ താരം ഇനി കളിക്കില്ലെന്നുറപ്പാണ്.