India vs England: അഞ്ചാം ടെസ്റ്റിൽ ഋഷഭ് പന്ത് കളിക്കില്ല; പകരമെത്തുന്നത് നിർഭാഗ്യവാനായ താരം
No Rishabh Pant For Final Test: ഋഷഭ് പന്തിന് പകരം അഞ്ചാം ടെസ്റ്റിൽ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. പന്ത് കളിക്കില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഋഷഭ് പന്ത് കളിക്കില്ലെന്ന് സ്ഥിരീകരണം. ലണ്ടനിലെ കെനിങ്ടൺ ഓവലിൽ ഈ മാസം 30ന് ആരംഭിക്കുന്ന മത്സരത്തിൽ താരം ഉണ്ടാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. നാലാം ടെസ്റ്റിനിടെ കാൽവിരലിനേറ്റ പരിക്കാണ് കാരണം. (Image Credits- PTI)

ഋഷഭ് പന്തിന് പകരം തമിഴ്നാടിൻ്റെ വിക്കറ്റ് കീപ്പർ ബാറ്റർ നാരായൺ ജഗദീശനെ ടീമിലെത്തിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുകളുള്ള ജഗദീശന് ഇതുവരെ ദേശീയ ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ നിർഭാഗ്യവാനായ താരമെന്നാണ് ജഗദീശൻ അറിയപ്പെടുന്നത്.

ടീമിലുണ്ടാവുമെങ്കിലും സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ ആയതിനാൽ താരമാവും പന്തിൻ്റെ അഭാവത്തിൽ ലണ്ടൻ ടെസ്റ്റിൽ കളിക്കുക. കഴിഞ്ഞ രണ്ട് കളിയും പന്തിന് പകരം ജുറേലാണ് വിക്കറ്റ് സംരക്ഷിച്ചത്. ജഗദീശൻ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിനൊപ്പം തുടരും.

52 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ജഗദീശൻ 47.5 ശരാശരിയിൽ 3373 റൺസ് നേടിയിട്ടുണ്ട്. ലിസ്റ്റ് എയിൽ 46 ശരാശരിയുള്ള താരം ടി20യിലും മികച്ച റെക്കോർഡുകൾ സൂക്ഷിക്കുന്നു. വളരെ മുൻപ് തന്നെ ജഗദീശൻ ഇന്ത്യക്കായി കളിക്കേണ്ട താരമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

പരമ്പരയിൽ നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 2-1 എന്ന നിലയിൽ ലീഡ് ചെയ്യുകയാണ്. ആദ്യ കളിയും മൂന്നാമത്തെ കളിയും ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാമത്തെ കളി ഇന്ത്യ ജയിച്ചു. ഇന്നലെ അവസാനിച്ച നാലാമത്തെ ടെസ്റ്റ് മത്സരം സമനില ആയിരുന്നു.