India vs England: നാലാം ടെസ്റ്റിൽ ഋഷഭ് പന്ത് കളിക്കുമോ?; താരത്തിൻ്റെ പരിക്ക് ഭേദപ്പെട്ടിട്ടില്ലെന്ന് മാനേജ്മെൻ്റ്
Will Rishabh Pant Play In The 4th Test: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് കളിക്കുമോ എന്ന സംശയമുയരുകയാണ്. ഇക്കാര്യത്തിൽ സഹപരിശീലകൻ റയാൻ ടെൻ ഡോഷറ്റ് നിലപാടറിയിച്ചിരിക്കുകയാണ്.

ലോർഡ്സ് ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ ബാക്ക്ഫൂട്ടിലാണ്. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 1-2 എന്ന എന്ന സ്കോറിന് ഇന്ത്യ പിന്നിലാണ്. ഇതിനിടെയാണ് ഋഷഭ് പന്തിന് പരിക്കേറ്റത്. കയ്യിന് പരിക്കേറ്റ താരം രണ്ട് ഇന്നിംഗ്സിലും ബാറ്റ് ചെയ്തെങ്കിലും കീപ്പ് ചെയ്തിരുന്നില്ല. (Image Credits - PTI)

നാലാം ടെസ്റ്റിൽ താരം കളിക്കുമോ ഇല്ലയോ എന്ന് സംശയമാണ്. പന്തിന് പകരം വിക്കറ്റ് സംരക്ഷിച്ച ധ്രുവ് ജുറേൽ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇതോടെ നാലാം ടെസ്റ്റിൽ ധ്രുവ് ജുറേൽ കളിച്ചേക്കുമെന്നും പന്തിന് വിശ്രമം അനുവദിച്ചേക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നു.

ഈ വിഷയത്തിൽ സഹപരിശീലകൻ റയാൻ ടെൻ ഡോഷറ്റ് കഴിഞ്ഞ ദിവസം കൃത്യമായ നിലപാടറിയിച്ചു. മാഞ്ചസ്റ്റർ ടെസ്റ്റിൽ പന്ത് തന്നെ കീപ്പ് ചെയ്യുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കൈവിരലിനേറ്റ പരിക്ക് ഗൗരമായിത്തന്നെയാണ് ടീം മാനേജ്മെൻ്റ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.

"മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപ് പന്ത് ബാറ്റ് ചെയ്യും. ഒരു കാരണവശാലും അദ്ദേഹത്തെ ടെസ്റ്റിൽ കളിപ്പിക്കാതിരിക്കാനാവില്ല. മൂന്നാം ടെസ്റ്റിൽ വേദനിച്ചാണ് അദ്ദേഹം കളിച്ചത്. വിരലിനേറ്റ പരിക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു. കീപ്പിങ് ഈ പ്രോസസിൻ്റെ അവസാന ഭാഗമാണ്."- അദ്ദേഹം പറഞ്ഞു.

"അദ്ദേഹത്തിന് കീപ്പ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പിക്കേണ്ടതുണ്ട്. അതിന് ആവശ്യമുള്ള വിശ്രമം നൽകുന്നുണ്ട്. അദ്ദേഹം ഫിറ്റാണെങ്കിൽ രണ്ട് ടെസ്റ്റും കളിക്കും. രണ്ടാം ടെസ്റ്റിലേത് പോലെ ഒരു ഇന്നിംഗ്സിൻ്റെ ഇടയ്ക്ക് വച്ച് വിക്കറ്റ് കീപ്പറെ മാറ്റാൻ ആഗ്രഹിക്കുന്നില്ല."- ടെൻ ഡോഷറ്റ് കൂട്ടിച്ചേർത്തു.