IPL 2025: മുംബൈ – ഡൽഹി മത്സരത്തിലും മഴസാധ്യത; കളി മുടങ്ങിയാൽ ഇരു ടീമുകൾക്കും തിരിച്ചടി
MI vs DC Match May Get Cancelled Due To Rain: മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരം മഴയിൽ മുടങ്ങിയേക്കും. മുംബൈയിൽ കനത്ത മഴസാധ്യതയാണുള്ളത്.

ഐപിഎലിൽ വീണ്ടും മഴ സാധ്യത. ഇന്ന് (മെയ് 21) മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിലാണ് മഴസാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. അവസാന പ്ലേ ഓഫ് സ്പോട്ടിനായി മത്സരിക്കുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. (Image Courtesy - Social Media)

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഈ സമയത്ത് കനത്ത മഴയും കാറ്റും മുംബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടാവുമെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് വാംഖഡെയിലെ മുംബൈ - ഡൽഹി മത്സരത്തെയും ബാധിക്കും.

കനത്ത മഴയിൽ ഇരു ടീമുകളുടെയും കഴിഞ്ഞ ദിവസത്തെ പരിശീലനം മുടങ്ങിയിരുന്നു. രാത്രി 8.30ന് തന്നെ വാംഖഡെയിലെ ഫ്ലഡ്ലൈറ്റ് ഓഫായി. ഫാസ്റ്റ് ബൗളർമാരുടെ റണ്ണപ്പ് ഏരിയ അടക്കം ഗ്രൗണ്ടിൻ്റെ പല സ്ഥലങ്ങളും കവർ ചെയ്തിരിക്കുകയായിരുന്നു. ഇത് പരിശീലനത്തെ ബാധിച്ചു.

കളി നടന്നില്ലെങ്കിൽ ഇരു ടീമുകളുടെയും പ്ലേഓഫ് സാധ്യതകൾ അവതാളത്തിലാവും. ഒരു പ്ലേ ഓഫ് സ്പോട്ടാണ് ഇനി അവശേഷിക്കുന്നത്. ഈ സ്പോട്ടിലേക്ക് മത്സരിക്കുന്ന ടീമുകളാണ് ഇത്. ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ് എന്നീ ടീമുകളാണ് സീസണിൽ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ.

12 മത്സരങ്ങൾ വീതമാണ് മുംബൈയും ഡൽഹിയും കളിച്ചത്. ഇതിൽ ഏഴെണ്ണം വിജയിച്ച് 14 പോയിൻ്റുമായി മുംബൈ നാലാം സ്ഥാനത്താണ്. ഇത്ര തന്നെ മത്സരങ്ങളിൽ ആറ് ജയം സഹിതം 13 പോയിൻ്റുള്ള ഡൽഹി അഞ്ചാമതുണ്ട്. ഇരു ടീമുകൾക്കും ഇനി രണ്ട് മത്സരങ്ങൾ കൂടിയുണ്ട്.