IPL 2025 : ധോണി ഇനി അൺകാപ്പ്ഡ് താരം; ചെന്നൈ സൂപ്പർ കിംഗ്സിന് വൻ നേട്ടം
IPL 2025 MS Dhoni Uncapped Player : സൂപ്പർ താരം എംഎസ് ധോണിയെ അൺകാപ്പ്ഡ് താരമായി പരിഗണിക്കുന്ന നിയമം പരിഗണിച്ച് ബിസിസിഐ. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായ താരങ്ങളെ അൺകാപ്പ്ഡ് താരമായി പരിഗണിക്കാമെന്ന പഴയ നിയമമാണ് ബിസിസിഐ തിരികെ കൊണ്ടുവരുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ് മുൻ ക്യാപ്റ്റനും സൂപ്പർ താരവുമായ എംഎസ് ധോണിയെ ഇനി അൺകാപ്പ്ഡ് താരമായി പരിഗണിക്കുമെന്ന് സൂചന. പഴയ ഒരു നിയമം തിരികെ കൊണ്ടുവരാനാണ് ബിസിസിഐയുടെ നീക്കം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായ താരങ്ങളെ അൺകാപ്പ്ഡ് താരമായി പരിഗണിക്കാമെന്നതാണ് നിയമം.

ഈ നിയമം അനുസരിച്ച് എംഎസ് ധോണിയെ അൺകാപ്പ്ഡ് താരമായി രജിസ്റ്റർ ചെയ്യാൻ ചെന്നൈ സൂപ്പർ കിംഗ്സിന് സാധിക്കും. അതുകൊണ്ട് തന്നെ ആ സ്ഥാനത്ത് ഒരു രാജ്യാന്തര താരത്തെ ടീമിൽ ഉൾപ്പെടുത്താം. ധോണി കളി തുടരുന്നത് ബിസിസിഐക്കും ഗുണം ചെയ്യും. പരസ്യം, ടിക്കറ്റ് വില്പന തുടങ്ങിയവയിൽ നിന്നൊക്കെ പണം വാരാം.

ഇക്കാര്യം ചെന്നൈ സൂപ്പർ കിംഗ്സാണ് മുന്നോട്ടുവച്ചത്. മറ്റ് ഫ്രാഞ്ചൈസികളൊന്നും ഈ നിയമത്തെ അനുകൂലിച്ചിരുന്നില്ല. എന്നാൽ, ബിസിസിഐ ഈ അഭിപ്രായത്തെ അനുകൂലിച്ചു. ഇതോടെയാണ് ധോണി അൺകാപ്പ്ഡ് താരമായി അടുത്ത സീസൺ കളിക്കാനുള്ള വഴി തെളിയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

ഐപിഎലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് എംഎസ് ധോണി. 235 മത്സരങ്ങളിലാണ് ധോണി ചെന്നൈയെ നയിച്ചിട്ടുള്ളത്. ചെന്നൈക്കൊപ്പം ആകെ 5 തവണ കിരീടം നേടിയ ധോണി അഞ്ച് തവണ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.

ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. നിലവിൽ ഋതുരാജ് ഗെയ്ക്വാദ് ആണ് ടീമിൻ്റെ നായകൻ. കഴിഞ്ഞ സീസണിലാണ് ധോണിക്ക് പകരം ഋതുരാജ് ക്യാപ്റ്റനാവുന്നത്.