IPL 2025: ‘ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്തുകഴിഞ്ഞു; ഇനിയൊന്നും തെളിയിക്കേണ്ടതില്ല’; രോഹിത് ശർമ്മയുടെ പ്രതികരണം വൈറൽ
Rohit Sharmas Response To Zaheer Khan: സഹീർ ഖാനുമായുള്ള രോഹിതിൻ്റെ സംഭാഷണം വൈറൽ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ ഐപിഎൽ മത്സരത്തിന് മുന്നോടിയായാണ് സഹീർ ഖാനോട് രോഹിതിൻ്റെ പ്രതികരണം.

താൻ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിനെത്തിയ രോഹിത് എൽഎസ്ജി ഉപദേശകൻ സഹീർ ഖാനുമായി സംസാരിച്ചിരുന്നു. ഇതിനിടെയാണ് രോഹിതിൻ്റെ പ്രതികരണം. ഇവർ തമ്മിലുള്ള സംസാരത്തിൻ്റെ വിഡിയോ മുംബൈ ഇന്ത്യൻസ് തന്നെ തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ പങ്കുവച്ചു. (Image Courtesy - Social Media)

"ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്തുകഴിഞ്ഞു. ഇനി എനിക്കൊന്നും തെളിയിക്കേണ്ടതില്ല."- രോഹിത് ശർമ്മ സഹീർ ഖാനോട് പറയുന്നത് ഈ വിഡിയോയിൽ കാണാം. ഏത് കാര്യവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ സംസാരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും സമീപകാലത്ത് തൻ്റെ ഫോമുമായി ബന്ധപ്പെട്ടുയരുന്ന വിമർശനങ്ങളോടാണ് രോഹിത് ശർമ്മയുടെ പ്രതികരണമെന്ന് ആരാധകർ പറയുന്നു.

പോയിൻ്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയൻ്റ്സും യഥാക്രമം 6, 7 സ്ഥാനങ്ങളിലാണ്. ഇരു ടീമുകളും മൂന്ന് മത്സരം വീതം കളിച്ചു. രണ്ട് കളി പരാജയപ്പെട്ടു. ഒരു കളി വിജയിക്കുകയും ചെയ്തു. രണ്ട് പോയിൻ്റ് വീതമാണ് ഇരു ടീമിനും ഉള്ളത്. അതുകൊണ്ട് തന്നെ ഇരു ടീമുകൾക്കും ഇന്ന് വിജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ലഖ്നൗവിൻ്റെ തട്ടകമായ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയ് ഏകന സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇതുവരെ ഫോമിലെത്തിയിട്ടില്ലാത്ത ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനും മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മയ്ക്കും ഇന്നത്തെ മത്സരം വളരെ നിർണായകമാണ്.

പഞ്ചാബിനെതിരായ ആദ്യ കളി റണ്ണൊന്നുമെടുക്കാതെ പുറത്തായ പന്ത് ഹൈദരാബാദിനെതിരായ രണ്ടാമത്തെ മത്സരത്തിൽ 15 പന്തിൽ നിന്ന് 15 റൺസ് നേടി. പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ കളി അഞ്ച് പന്തിൽ രണ്ട് റൺസാണ് പന്ത് നേടിയത്. രോഹിത് ആവട്ടെ, 0, 8, 13 എന്നിങ്ങനെയാണ് നേടിയ സ്കോറുകൾ.