IPL 2025: കളിക്കളത്തിലെ വികൃതിപ്പയ്യന്‍, ചോദിച്ച് പണി മേടിച്ച് ദിഗ്‌വേഷ് രാത്തി
Digvesh Rathi: ലഖ്‌നൗ-സണ്‍റൈസേഴ്‌സ് മത്സരത്തിലെ സംഭവവികാസങ്ങളാണ് നടപടിക്ക് കാരണം. അഭിഷേക് ശര്‍മയുടെ വിക്കറ്റ് സ്വന്തമാക്കിയത് രാത്തിയായിരുന്നു. ഇതിന് ശേഷമാണ് താരം തന്റെ പതിവ് 'നോട്ട്ബുക്ക്' സെലിബ്രേഷന്‍ പുറത്തെടുത്തത്

പ്രതീക്ഷിച്ചത് സംഭവിച്ചു. കളിക്കളത്തിലെ പരിധിവിട്ട പെരുമാറ്റങ്ങള്‍ തുടര്‍ക്കഥയാക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് രാത്തിക്കെതിരെ ഒടുവില്‍ ബിസിസിഐ കര്‍ശന നടപടിയെടുത്തു. ഒരു മത്സരത്തില്‍ നിന്ന് താരത്തിന് വിലക്കേര്‍പ്പെടുത്തി (Image Credits: PTI).

നേരത്തെ പിഴശിക്ഷകളില്‍ നടപടി ഒതുക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ 'വികൃതി' പതിവായതാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഇന്നലെ നടന്ന ലഖ്‌നൗ-സണ്‍റൈസേഴ്‌സ് മത്സരത്തിലെ സംഭവവികാസങ്ങളാണ് നടപടിക്ക് കാരണം.

സണ്‍റൈസേഴ്‌സ് താരം അഭിഷേക് ശര്‍മയുടെ വിക്കറ്റ് സ്വന്തമാക്കിയത് രാത്തിയായിരുന്നു. ഇതിന് ശേഷമാണ് താരം തന്റെ പതിവ് 'നോട്ട്ബുക്ക്' സെലിബ്രേഷന്‍ പുറത്തെടുത്തത്. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

തുടര്‍ന്ന് സഹതാരങ്ങളെത്തിയാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ചുമത്തി. അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. അഭിഷേക് ശര്‍മയ്ക്ക് 25 ശതമാനം പിഴയും, ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു.

കൂടുതല്‍ ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതാണ് രാത്തിയുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഐപിഎല്‍ 2025 സീസണില്‍ പലതവണ ലഖ്‌നൗ താരം നടപടിക്ക് വിധേയനായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും താന്‍ പഠിക്കില്ലെന്ന് വ്യക്തമാക്കുകയാണ് താരം.