BTS Jungkook Birthday: ബിടിഎസ് ജങ്കൂക്കിന് ഇന്ന് 27-ാം പിറന്നാൾ; ആഘോഷാരവങ്ങളുമായി ലോകമെമ്പാടുമുള്ള ആർമികൾ
BTS Jungkook Birthday 2024: ബിടിഎസ് ജങ്കൂക്കിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ. ബിടിഎസ് ആർമി എന്നറിയപ്പെടുന്ന ബിടിഎസിന്റെ ആരാധകർ ലോകത്തിന്റെ പല കോണുകളിലായി പരിപാടികൾ സംഘടിപ്പിച്ചു.

ലോകമെമ്പാടും ആരാധകരുള്ള ലോകത്തിലെ ഏറ്റവും വലിയ ബോയ് ബാൻഡായ ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജങ്കൂക്കിന് ഇന്ന് 27-ാം പിറന്നാൾ. ഗോൾഡൻ മാങ്ഗനെ എന്നറിയപ്പെടുന്ന ജങ്കൂക്ക് നിലവിൽ നിർബന്ധിത സൈനിക സേവനത്തിലാണെങ്കിലും ബിടിഎസ് ആരാധകർ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി. പല രാജ്യങ്ങളിലായി പല രീതിയിലാണ് ജന്മദിനാഘോഷം ആരാധകർ സംഘടിപ്പിച്ചത്.

ബിടിഎസിന്റെ കമ്പനിയായ ബിഗ്ഹിറ്റ് എന്റെർറ്റൈന്മെന്റ്സ് എല്ലാ തവണയും അംഗങ്ങളുടെ പിറന്നാളിന് അവരുടെ ഒരു കൂട്ടം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തവണയും ആരാധകർക്ക് സമ്മാനമായി കമ്പനി ജങ്കൂക്കിന്റെ ചിത്രങ്ങൾ വീവേഴ്‌സ് വഴി പങ്കുവെച്ചിരുന്നു. കൂടാതെ ആരാധകർക്ക് കത്തെഴുതാനുള്ള സംവിധാനവും കമ്പനി ഒരുക്കാറുണ്ട്. ആരാധകർ മാത്രമല്ല ബിടിഎസിലെ മറ്റ് അംഗങ്ങളായ നംജൂൺ, ജെ-ഹോപ്പ് എന്നിവരും താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു. ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ ഒഴികെ മറ്റ് ആറ് പേരും ഇപ്പോൾ സൈനിക സേവനം നിർവഹിക്കുകയാണ്.

ജങ്കൂക്കിന്റെ പുതിയ ആൽബം 'ഗോൾഡൻ' പ്രചരിപ്പിക്കുന്നതിനായി യുകെ, യുഎസ് എന്നിവിടങ്ങളിലെ ആരാധകർ ഇന്ന് പ്രത്യേക ലൈറ്റ് ഷോ നടത്തി. ഫിലിപ്പൈൻസിൽ ബിടിഎസ് ആരാധകർ ജങ്കൂക്കിന്റെ പിറന്നാൾ പരിഗണിച്ച് രക്തദാന ക്യാമ്പുകൾ നടത്തി. ദക്ഷിണ കൊറിയയിലെ ആരാധകർ ഹൈബ് ഓഫീസിന് മുന്നിൽ താരത്തിന്റെ ഫ്ളക്സുകൾ നിരത്തി. ഇന്ത്യയിൽ ജങ്കൂക്കിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആരാധകർ ഒത്തുകൂടി താരത്തിന്റെ പാട്ടുകൾ വലിയ രീതിയിൽ സ്ട്രീം ചെയ്യുകയും, ബെംഗളൂരുവിൽ ബിടിഎസ് ജങ്കൂക്ക് നൈറ്റ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.

ജങ്കൂക്ക് തന്റെ ആദ്യ ഔദ്യോഗിക ഡോക്യൂമെന്ററിയായ 'ജങ്കൂക്ക്: ഐ ആം സ്റ്റിൽ' റിലീസിന് തയ്യാറെടുക്കുകയാണ്. 'ഗോൾഡൻ' ആൽബം റിലീസിന്റെ പിന്നിലെ തന്റെ എട്ട് മാസത്തെ കഷ്ടപ്പാടുകളും പരിശ്രമങ്ങളുമാണ് ഡോക്യൂമെന്ററിയിൽ. സെപ്റ്റംബർ 8ന് ഇത് ലോകമെമ്പാടും റിലീസ് ചെയ്യും. നിലവിൽ, ബിടിഎസ് താരങ്ങളായ ജങ്കൂക്കും ജിമിനും വിയും ഒരുമിച്ചുള്ള 'Are You Sure' എന്ന ട്രാവൽ ഷോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂയോർക്ക് എന്നീ സ്ഥലങ്ങളിൽ വെച്ചാണ് ഷോ ഷൂട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഷൂട്ട് ചെയ്ത ഷോ ഈ വർഷമാണ് പുറത്തിറക്കുന്നത്.

2023 ഡിസംബറിലാണ് ജങ്കൂക്ക് സൈനിക സേവനം ആരംഭിച്ചത്. മറ്റ് അംഗങ്ങളായ നംജൂൺ, വി, ജിമിൻ എന്നിവരും അതെ സമയത്താണ് സേവനത്തിൽ പ്രവേശിച്ചത്. ബിടിഎസിലെ മുതിർന്ന അംഗം ജിന്നിന്റെ സൈനിക സേവനം പൂർത്തിയായി. ജെ-ഹോപ്പും ഒക്ടോബറിൽ സേവനം പൂർത്തിയാക്കി മടങ്ങി വരും. ഷുഗ ഉൾപ്പടെയുള്ള മറ്റ് അംഗങ്ങളുടെ സേവനം 2025-ലാണ് പൂർത്തിയാവുക.