Lauren Sanchez: ബഹിരാകാശത്തേക്കുള്ള യാത്ര മാറ്റിമറിച്ച ഡിസൈൻ; ജെഫ് ബെസോസിൻ്റെ ഭാര്യ അണിഞ്ഞ വെഡിങ് ഗൗൺ സ്പെഷ്യലാണ്
Speciality Of Lauren Sanchez Wedding Dress: ജെഫ് ബെസോസിൻ്റെ ഭാര്യ ലോറൻ സാഞ്ചസ് വിവാഹത്തിനണിഞ്ഞ വസ്ത്രം വളരെ സവിശേഷതയുള്ളതാണ്. ബഹിരാകാശത്തേക്കുള്ള യാത്രയാണ് ഈ ഡിസൈൻ മാറ്റിമറിച്ചത്.

ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസിൻ്റെ വിവാഹം കഴിഞ്ഞ മാസമായിരുന്നു. മുൻ ടെലിവിഷൻ അവതാരികയും പൈലറ്റുമായ ലോറൻ സാഞ്ചസിനെയാണ് ബെസോസ് ജീവിതപങ്കാളി ആക്കിയത്. വിവാഹദിവസം ലോറൻ അണിഞ്ഞ ഗൗൺ ഏറെ ശ്രദ്ധിക്കപ്പെട്ടു. (Image Courtesy- Social Media)

കഴിഞ്ഞ ഏപ്രിലിൽ സാഞ്ചസ് ഒരു ബഹിരാകാശയാത്ര നടത്തിയിരുന്നു. ബെസോസിൻ്റെ തന്നെ ബ്ലൂ ഒറിജിൻസ് സ്പേസ്ക്രാഫ്റ്റിലായിരുന്നു യാത്ര. ഈ യാത്ര തൻ്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഈ വിവാഹവസ്ത്രം തിരഞ്ഞെടുത്തതെന്നും ലോറൻ പറഞ്ഞു.

യാത്രയ്ക്ക് മുൻപ് മോഡേണും സ്ട്രാപ്‌ലെസുമായ വസ്ത്രം ധരിക്കാനാണ് അവർ തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രയ്ക്ക് ശേഷം താൻ ആരെന്ന് പ്രതിഫലിപ്പിക്കുന്ന വസ്ത്രമണിയാൻ തീരുമാനിക്കുകയായിരുന്നു. 180 ബട്ടണുകൾ ഉൾക്കൊള്ളുന്ന വസ്ത്രം പൂർത്തിയാക്കാൻ 900 മണിക്കൂറുകൾ വേണ്ടിവന്നു.

ആഡംബര വസ്ത്രനിർമാതാക്കളായ ഡോൾസ് ആൻഡ് ഗബ്ബാന ഡിസൈൻ ചെയ്ത വസ്ത്രമാണ് ലോറൻ വിവാഹദിനത്തിൽ അണിഞ്ഞത്. 1950ൽ പുറത്തിറങ്ങിയ ഹൗസ്ബോട്ട് എന്ന സിനിമയിൽ നടി സോഫിയ ലോറൻ അണിഞ്ഞ വസ്ത്രത്തിൽ നിന്നാണ് ഇതിനുള്ള പ്രചോദനം ലഭിച്ചത്.

ഓപ്ര വിൻഫ്രേ, ബിൽ ഗേറ്റ്സ് തുടങ്ങിയവർ വിവാഹച്ചടങ്ങിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ചില പ്രമുഖരും സംബന്ധിച്ചു. 2019 മുതൽ ബെസോസും ലോറനും ഡേറ്റിംഗിലാണ്. കഴിഞ്ഞ വർഷം എൻഗേജ്ഡായി.