‘ഇത് ഞങ്ങളുടെ ലോകം’ എന്ന ഡബ്ബ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം; ആരാണ് ശ്വേതാ ബസു?
ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ പ്രശസ്തയായ നടി ശ്വേത ബസു 'ഇത് ഞങ്ങളുടെ ലോകം' എന്ന ഡബ്ബ് ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതമാണ്. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയ താരമാണ് ശ്വേത ബസു.

'ഇത് ഞങ്ങളുടെ ലോകം' എന്ന ഡബ്ബ് ചിത്രത്തിലൂടെയാണ് ശ്വേതാ ബസു മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. 'കൊത്ത ബംഗരു ലോകം' എന്ന തെലുങ്ക് ചിത്രത്തിനെ മലയാളത്തിലേക്ക് ഡബ് ചെയ്തതാണ് 'ഇത് ഞങ്ങളുടെ ലോകം'. 2000 ന്റെ തുടക്ക കാലഘട്ടത്തിൽ തെലുങ്ക് ഡബ് സിനിമകൾക്ക് മലയാളത്തിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 'കൃഷ്ണ', 'ഹാപ്പി ബി ഹാപ്പി', തുടങ്ങിയ അല്ലു അർജുൻ ചിത്രങ്ങളും ഈ സമയത്താണ് പുറത്തിറങ്ങിയത്.

1991-ൽ ജാർഖണ്ഡിൽ ജനിച്ച ശ്വേതാ ബസു ഹിന്ദി, തെലുങ്ക്, തമിഴ് ചലച്ചിത്ര മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. സിനിമയിൽ അഭിനയിക്കാൻ ആരംഭിക്കുന്ന കാലത്തിൽ ശ്വേതാ ബസുവിന്റെ പേര് ശ്വേതാ പ്രസാദ് എന്നായിരുന്നു. പിന്നീടാണ് ശ്വേത പേരിനൊപ്പം അമ്മയുടെ നാമം കൂടെ ചേർത്തി ശ്വേതാ ബസു പ്രസാദ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2002-ൽ പുറത്തിറങ്ങിയ 'മക്ദി' എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തെ അവതരിപ്പിച്ച ശ്വേതയെ തേടി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും വന്നെത്തി.

2008-ൽ പുറത്തിറങ്ങിയ 'കൊത്ത ബംഗരു ലോകം' എന്ന ചിത്രത്തിലൂടെ തെലുങ്കിലും, 2011-ൽ ഇറങ്ങിയ 'രാ രാ' എന്ന ചിത്രത്തിലൂടെ തമിഴിലും ശ്വേത അരങ്ങേറ്റം കുറിച്ചു. ടെലിവിഷൻ പരമ്പര രംഗത്തും താരം സജീവമായിരുന്നു. 2018-ൽ ചലച്ചിത്ര നിർമാതാവായ രോഹിത് മിത്തനെ വിവാഹം കഴിച്ചു. അടുത്ത വർഷം 2019-ൽ ഇരുവരും ബന്ധം വേർപിരിഞ്ഞതായി അവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു.

ശ്വേത ബസു സിനിമ സീരിയലുകൾക്ക് പുറമെ വെബ് സീരീസുകളിലും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. താരത്തിന്റെ 'ഹോസ്റ്റേജസ്', 'ഹൈ', ക്രിമിനൽ ജസ്റ്റിസ്: അദൂര സച്ച്', 'റേ' തുടങ്ങിയ വെബ് സീരീസുകൾക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 2002-ൽ അഭിനയ ജീവിതം ആരംഭിച്ച താരം 22 വർഷത്തിനിപ്പുറവും സിനിമ മേഖലയിൽ സജീവമായി തന്നെ തുടരുന്നു.

2024-ലെ കണക്കനുസരിച്ച്, ശ്വേത ബസുവിന്റെ ആകെ ആസ്തി ഏകദേശം അഞ്ച് മില്യൺ ഡോളറാണ്. സിനിമകളും, സീരിയലുകളും, വെബ് സീരീസും കൂടാതെ ശ്വേത സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ബ്രാൻഡ് കൊളാബറേഷൻസ് നടത്തുന്നതിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്.