Vaibhav Suryavanshi: ബാറ്റുപയോഗിച്ച് മാത്രമല്ല, പന്ത് കൊണ്ടും റെക്കോഡുണ്ടാക്കും വൈഭവ് സൂര്യവംശി, പുതിയ നേട്ടം
Vaibhav Suryavanshi Bowling Record: യൂത്ത് ടെസ്റ്റിലാണ് താരം മിന്നും നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. യൂത്ത് ടെസ്റ്റ് ചരിത്രത്തില്‍ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്

വീണ്ടും റെക്കോഡ് സ്വന്തമാക്കി വൈഭവ് സൂര്യവംശി. ഇന്ത്യ-ഇംഗ്ലണ്ട് അണ്ടര്‍ 19 മത്സരത്തിലാണ് നേട്ടം. ഇത്തവണ ബാറ്റ് കൊണ്ടല്ല, പന്ത് ഉപയോഗിച്ചാണ് വൈഭവ് റെക്കോഡ് കരസ്ഥമാക്കിയത് (Image Credits: PTI)

ആദ്യ യൂത്ത് ടെസ്റ്റിലാണ് താരം മിന്നും നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. യൂത്ത് ടെസ്റ്റ് ചരിത്രത്തില്‍ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് സ്പിന്നറായ താരം 45-ാം ഓവറിലാണ് വിക്കറ്റ് നേടിയത്.

ഓവറിലെ അവസാന പന്തില്‍ വൈഭവ് ഫുള്‍ ടോസ് എറിഞ്ഞു. ലോങ് ഓഫിലൂടെ ലോഫ്റ്റ് ചെയ്യാനായിരുന്നു ബാറ്ററായ ഷെയ്ക്കിന്റെ ശ്രമം. എന്നാല്‍ ഹെനില്‍ പട്ടേല്‍ മികച്ച രീതിയില്‍ ഇത് ക്യാച്ചെടുത്തു.

2019ല്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജോണ്‍സണിന്റെ വിക്കറ്റ് നേടി മനീഷി സ്വന്തമാക്കിയ റെക്കോഡാണ് വൈഭവ് പഴങ്കഥയാക്കിയത്. പാകിസ്ഥാന്റെ മഹ്‌മൂദ് മാലിക്കാണ് റെക്കോഡ് പട്ടികയില്‍ മുന്നിലുള്ള വിദേശതാരം. 1994ല്‍ ന്യൂസിലന്‍ഡിനെതിരെ വിക്കറ്റ് നേടുമ്പോള്‍ വെറും 13 വര്‍ഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.

ഏകദിന പരമ്പരയില്‍ ബാറ്റ് കൊണ്ട് താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റു കൊണ്ട് തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല. 13 പന്തില്‍ 14 റണ്‍സെടുത്ത് വൈഭവ് പുറത്തായി.