പാതയിൽ തണൽ തീർക്കുന്ന മഴമരങ്ങൾ…
പാതയോരങ്ങളിൽ തണൽവിരിച്ചു നിൽക്കുന്ന മഴമരങ്ങൾ എന്നും യാത്രക്കാരുടെ കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. മഴ നിന്നാലും പെയ്യുന്ന ഈ മരങ്ങൾ മൈമോസെ (Mimosae) സസ്യകുടുംബത്തിൽ പെട്ട ഒരു മരമാണ്. ഉറക്കംതൂങ്ങി മരമെന്നും ഇതിനു പേരുണ്ട്. 20-25 മീറ്റർ പൊക്കത്തിൽ പന്തലിച്ചു വളരുന്ന ഈ മരത്തിനുചുറ്റും സദാ ഈർപ്പം ഉള്ളതിനാലാണ് ഇത് മഴവൃക്ഷമായി അറിയപ്പെടുന്നത്.


ഈ വൃക്ഷത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണ്. വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാകെ ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്. ഇതിന്റെ പത്രവിതാനത്തിന് ഏതാണ്ടു 30 മീറ്റർ വ്യാസമുണ്ടാകും.

സംയുക്തപർണ്ണമാണ് ഇതിനുള്ളത്. ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തില്ല. എന്നാൽ ഇരുട്ടു വീഴുമ്പോഴും മഴയുള്ള സമയത്തും ഇലൾ മടങ്ങി തണ്ടിന്റെ വശങ്ങളിലേക്കു കിടക്കുന്നു. തന്മൂലം ഈ മരത്തിനെ ഉറക്കം തൂങ്ങിയെന്നു വിളിക്കുന്നു.

മഴക്കാലത്ത് ഇലകൾ കൂമ്പി നിൽക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. വൈകുന്നേരം ഇലകൾ കൂമ്പി നിൽക്കുന്നതിനാൽ 5 മണി മരം എന്ന പേരും ഇവയ്ക്കുണ്ട്. ഇതിന്റെ ചുവട്ടിൽ എപ്പോഴും നനവ് കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.