World Paper Bag Day 2024: പേപ്പർ ബാഗിനുമുണ്ടൊരു ദിനം; ഈ ദിവസത്തിൻ്റെ പ്രാധാന്യം എന്താണ്?
World Paper Bag Day: ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. പേപ്പർ ബാഗുകളുടെ ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

എന്താണ് പേപ്പർ ബാഗ് ദിനം? എല്ലാവരുടെയും ഉള്ളിൽ ഉയരുന്ന ഒരു ചോദ്യം ഇതുതന്നെയാവും. എന്നാൽ ഇതിൻ്റെ പിന്നിലുമുണ്ടൊരു കഥ. എല്ലാ വർഷവും ജൂലെെ 12നാണ് ലോക പേപ്പർ ബാഗ് ദിനം (World Paper Bag Day) ആചരിച്ച് പോന്നത്. പേപ്പർ ബാഗുകളുടെ ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. ഈ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും അങ്ങേയറ്റം ഹാനികരമാണ്. അതിനാൽ തന്നെ, ഒറ്റത്തവണ ഉപയോഗിച്ച് നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകളുടെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പേപ്പർ ബാഗുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക പേപ്പർ ബാഗ് ദിനത്തിന്റെ പ്രധാന ലക്ഷ്യം. 1852-ൽ ഫ്രാൻസിസ് വോൾ എന്ന അമേരിക്കക്കാരനാണ് ആദ്യമായി പേപ്പർ ബാഗിൻ്റെ മെഷീൻ കണ്ടുപിടിക്കുന്നത്. പിന്നീട്, 1871-ൽ മറ്റൊരു പേപ്പർ ബാഗ് നിർമ്മാണ യന്ത്രകൂടി മാർഗരറ്റ് ഇ നൈറ്റ് എന്നയാൾ കണ്ടുപിടിച്ചു.

1883-ൽ, ചാൾസ് സ്റ്റിൽവെൽ ഒരു പേപ്പർ ബാഗ് മെഷീൻ രൂപകല്പന ചെയ്തു. പിന്നീട് 1912-ൽ വാൾട്ടർ ഡബ്‌നർ എന്നയാൾ കൊണ്ടുനടക്കാൻ എളുപ്പമുള്ള ഒരു ഹാൻഡിൽ ഉള്ള ഒരു പേപ്പർ ബാഗ് രൂപകൽപ്പന ചെയ്തു. അതിനുശേഷം, പേപ്പർ ബാഗുകളുടെ നിർമ്മാണത്തിൽ വളരെയധികം പരിഷ്കാരങ്ങളും മെച്ചപ്പെടുത്തലുകളും സംഭവിച്ചു.

ഉയർന്ന സാന്ദ്രത പോളിയെത്തിലീൻ, ലോ ഡെൻസിറ്റി പോളിയെത്തിലീൻ, അല്ലെങ്കിൽ ലീനിയർ ലോ ഡെൻസിറ്റി പോളിയെത്തിലീൻ പോലെയുള്ള പുനരുൽപ്പാദിപ്പിക്കാനാവാത്തതും പുനരുപയോഗിക്കാനാവാത്തതും ജൈവ-ഡീഗ്രേഡബിൾ അല്ലാത്തതുമായ വസ്തുക്കളാണ് പ്ലാസ്റ്റിക് ബാഗുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ പേപ്പർ ബാഗുകൾ നിർമ്മിക്കാൻ പുനരുപയോഗിക്കാവുന്നതും ബയോഡീഗ്രേഡബിളുമായ അസംസ്കൃത വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെതന്നെ പേപ്പർ ബാഗുകൾക്ക് വിലകുറവും പരിസ്ഥിതിക്ക് സുരക്ഷിതവുമായതുമാണ്. പേപ്പർ ബാഗുകൾ ബയോഡീഗ്രേഡബിൾ ആയതിനാൽ, പ്രകൃതിയെ സംരക്ഷിക്കുന്നതിൽ പേപ്പർ ബാഗുകൾക്ക് വലിയ പ്രാധാന്യമുണ്ട്.