Diwali 2025 in Thuravoor Mahakshethram: ഒരേ നാലമ്പലത്തിൽ 2 മഹാവിഷ്ണു പ്രതിഷ്ഠകൾ! ദീപാവലി ആഘോഷത്തിൽ തുറവൂർ മഹാക്ഷേത്രം
Thuravoor Mahakshethram Diwali 2025: തുലാമാസത്തിലെ ദീപാവലിനാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന കൊടിയേറ്റ് ഉത്സവമാണ് തുറവൂരിൽ നടക്കുന്നത്. ദീപാവലി വലിയവിളക്കു ഉത്സവം നടക്കുക ഒക്ടോബർ 20നാണ്.
കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് ദീപാവലി വലിയ ഉത്സവമായി ആഘോഷിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തുറവൂർ മഹാക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഒക്ടോബർ 13 ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ദീപാവലി ഉത്സവങ്ങൾക്ക് കൊടികയറി. ബ്രഹ്മശ്രീ പുതുമന വാസുദേവൻ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ പുതുമന മധുസൂദനൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. 9 ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷം സമാപിക്കുക ഒക്ടോബർ 21നാണ്.
വിവിധ കലാപരിപാടികളും പ്രത്യേക പൂജകളും ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ ഉണ്ടാകും. ക്ഷേത്രത്തിലേത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ഈ ദിവസങ്ങളിൽ അന്നദാനം നൽകും. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ദീപാവലി വലിയ ഉത്സവമായി ആഘോഷിക്കാറില്ല. തുറവൂർ മഹാക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ പ്രതിഷ്ഠകൾ തന്നെയാണ്. തുല്യ പ്രാധാന്യത്തോടെ ഒരേ നാലമ്പലത്തിൽ സ്ഥിതി ചെയ്യുന്ന രണ്ടു മഹാവിഷ്ണു പ്രതിഷ്ഠകളാണ് തുറവൂർ മഹാക്ഷേത്രത്തിൽ. ഒന്ന് വടക്കേടത്തപ്പൻ എന്നാണ് അറിയപ്പെടുന്നത്.
ഉഗ്രഭാവത്തിലുള്ള വിഷ്ണുവിന്റെ അവതാരമായ നരസിംഹമൂർത്തിയുടെ പ്രതിഷ്ഠയാണ് ഇത്. അടുത്തത് തെക്കേടത്തപ്പൻ. മഹാ സുദർശനമൂർത്തി എന്നാണ് ഇത് അറിയപ്പെടുന്നത്. വിഷ്ണുവിന്റെ ആയുധമായ സുദർശനചക്രത്തിന്റെ മൂർത്തി ഭാവമാണ് ഇത്. വിഷ്ണുവിന്റെ അവതാരങ്ങളാണ് രണ്ടും. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി.
അതിനാൽ ആയിരിക്കാം തുറവൂരിലെ ഈ മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപാവലി അതീവ പ്രാധാന്യത്തോടെ കൊണ്ടാടുന്നത്. തുലാമാസത്തിലെ ദീപാവലിനാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന കൊടിയേറ്റ് ഉത്സവമാണ് തുറവൂരിൽ നടക്കുന്നത്. ദീപാവലി വലിയവിളക്കു ഉത്സവം നടക്കുക ഒക്ടോബർ 20നാണ്. അന്നേദിവസം ക്ഷേത്രവും പരിസരവും എല്ലാം ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് ദീപാരാധന നടത്തും. ഉത്സവത്തിലെ പ്രധാന ദിവസത്തെയാണ് ദീപാവലി വലിയവിളക്ക് എന്ന് വിശേഷിപ്പിക്കുന്നത്.