Eid al-Adha 2026: ബലിപെരുന്നാള്‍ നിറവില്‍ കേരളം, ത്യാഗസ്മരണയില്‍ വിശ്വാസികള്‍; പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാം
Bakrid Celebrated in Kerala with Prayer, Sacrifice and Festive Spirit: ആഘോഷിക്കാനുള്ള ഒരു ദിനം എന്നതിനപ്പുറം, ഏത് പ്രതിസന്ധിയിലും ദൈവ നിശ്ചയപ്രകാരം എല്ലാം ത്യജിക്കാന്‍ മനുഷ്യര്‍ തയാറാകണമെന്ന ആശയം ബലിപെരുന്നാള്‍ മുന്നോട്ടുവെക്കുന്നു. സ്‌നേഹവും കാരുണ്യവും എപ്പോഴും സഹജീവികളോട് ഉണ്ടാകണമെന്ന ഓര്‍മ്മപ്പെടുത്തലും ഈ ദിനം നടത്തുന്നുണ്ട്.
സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. കേരളത്തില്‍ എല്ലായിടത്തും വിപുലമായ പെരുന്നാള്‍ ആഘോഷങ്ങളാണ് നടക്കുക. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ഇമാമുമാരുടെ നേതൃത്വത്തില്‍ നടക്കും. പുലര്‍ച്ചെ മുതല്‍ തന്നെ പള്ളികളിലും മറ്റും പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. സാഹോദര്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാനായി എല്ലാ ബന്ധുവീടുകളിലും സുഹൃദ്ഭവനങ്ങളിലും വിശ്വാസികള്‍ ഇന്ന് സന്ദര്‍ശനം നടത്തും.
ഇസ്ലാമിക് കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയിലെ പത്താം ദിവസമാണ് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍. പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദൈവവിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം. പ്രിയപ്പെട്ട മകനം ദൈവകല്‍പ്പനയ്ക്ക് അനുസരിച്ച് ബലി നല്‍കാന്‍ തയാറായ ഇബ്രാഹിം നബിയുടെ ജീവിതമാണ് ഓരോ ബലിപെരുന്നാളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യത്തെ ആദരിച്ചുകൊണ്ട് മൃഗബലി നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ആഘോഷിക്കാനുള്ള ഒരു ദിനം എന്നതിനപ്പുറം, ഏത് പ്രതിസന്ധിയിലും ദൈവ നിശ്ചയപ്രകാരം എല്ലാം ത്യജിക്കാന്‍ മനുഷ്യര്‍ തയാറാകണമെന്ന ആശയം ബലിപെരുന്നാള്‍ മുന്നോട്ടുവെക്കുന്നു. സ്‌നേഹവും കാരുണ്യവും എപ്പോഴും സഹജീവികളോട് ഉണ്ടാകണമെന്ന ഓര്‍മ്മപ്പെടുത്തലും ഈ ദിനം നടത്തുന്നുണ്ട്.
സ്വന്തം കുടുംബത്തില്‍ ആഘോഷം കെങ്കേമമായി നടത്തുമ്പോള്‍ അയല്‍ക്കാരനെയും പാവപ്പെട്ടവനെയും സഹായിക്കാനുള്ള മനസും വിശ്വാസികള്‍ക്ക് ഉണ്ടാകണം. തന്റെ സന്തോഷത്തില്‍ മറ്റുള്ളവരെയും ഭാഗമാക്കാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്ന് ദൈവം നമ്മെ പഠിപ്പിക്കുന്നു. ജാതിമതഭേദമന്യേ മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യം ദൃഢമാക്കാന്‍ ബലിപെരുന്നാള്‍ പ്രയോജനപ്പെടുത്തണമെന്നും പണ്ഡിതര്‍ പറയുന്നു.
ഈ പുണ്യമാസത്തില്‍ തന്നെയാണ് മക്കയിലേക്ക് ഹജ്ജിനായി വിശ്വാസികള്‍ പോകുന്നതും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ മക്കയില്‍ വെച്ച് ഒരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കും. ഒരേമനസോടെ എല്ലാ വിശ്വാസികളും ഒത്തുചേരുന്ന ആ സംഗമഭൂമിയില്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നതും സര്‍വ്വചരാചരങ്ങളെയും കാത്തുസംരക്ഷിക്കണമേ നാഥാ എന്നായിരിക്കും.
പ്രിയപ്പെട്ടവര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരാം
ഭക്ഷണം കഴിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ആഘോഷമാക്കാന്‍ പോകുന്ന പെരുന്നാളിന് അല്‍പം മധുരം പകരാന്‍ ആശംസകളും നല്ല വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും വേണ്ടേ? ഈ ബലിപെരുന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാവുന്ന അടിപൊളി ആശംസകള്‍ നോക്കാം.
- ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലാകുന്ന ഈ ദിനത്തില്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് എല്ലാവിധ ആശംസകളും
- ഇബ്രാഹിം നബിയെ പോലെ ജീവിതത്തില്‍ എന്തിനെയും നേരിടാനും ത്യാഗം ചെയ്യാനുമുള്ള മനസ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ
- ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ കൂടെയുള്ളവനെ ചേര്‍ത്തുപിടിക്കാനും ശ്രമിക്കാം, ബലിപെരുന്നാള്‍ ആശംസകള്‍
- എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ബലിപെരുന്നാള്‍ ആശംസകള്‍
കേരളത്തില്‍ രണ്ട് ദിവസം അവധി
ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ രണ്ട് ദിവസം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. മെയ് 27ന് ബുധനായിരിക്കും ബക്രീദ് എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് മെയ് 28ലേക്ക് പെരുന്നാള്‍ മാറി. ഇതേതുടര്‍ന്ന് രണ്ട് ദിവസം അവധി നല്‍കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരും മതപണ്ഡിതരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
English Summary
Eid al-Adha 2026 Bakrid celebrations have begun across Kerala with prayers, sacrifice and festive gatherings. Believers are sharing Eid wishes and greetings with family, friends and loved ones as the spirit of faith and togetherness fills the day.