Navratri 2025: നവരാത്രി വ്രതം ഒമ്പത് ദിവസം അനുഷ്ഠിക്കാൻ കഴിഞ്ഞില്ലേ? ദേവീ പ്രീതിക്ക് ഈ കാര്യങ്ങൾ ചെയ്യൂ!
Navaratri 2025 Rituals: നവരാത്രി കാലത്ത് ദുർഗ്ഗയെ ആരാധിക്കുമ്പോൾ ചുവന്ന പായയിൽ ഇരുന്ന് ഭക്തിപൂർവ്വം ദേവിയുടെ നാമങ്ങൾ ജപിച്ചാൽ ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് പോസിറ്റിവിറ്റിയും ഊർജ്ജവും കൊണ്ടുവരുമെന്നാണ് വിശ്വാസം. നവരാത്രി ദിനങ്ങളിൽ ദുർഗ്ഗാ ചാലിസ ചൊല്ലുന്നത് മനസമാധാനം രോഗങ്ങളിൽനിന്നുള്ള മോചനം കടബാധ്യതയിൽ നിന്നുള്ള ആശ്വാസം എന്നിവ നൽകും.
ഒൻപത് രാത്രികളും പത്ത് പകലുകളും നീണ്ടുനിൽക്കുന്ന ഒരു ഹൈന്ദവ ആഘോഷമാണ് നവരാത്രി. ദുർഗ്ഗാദേവിയെ ആരാധിക്കുന്നതിനും തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ അനുസ്മരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനങ്ങൾ. വിവിധ ആചാരാനുഷ്ഠാനങ്ങളോടെയാണ് നവരാത്രി വിശ്വാസികൾ ആഘോഷിക്കുന്നത്. “ഒമ്പത് രാത്രികൾ” എന്നാണ് നവരാത്രി എന്ന വാക്കിനർത്ഥം.
സാധാരണയായി വർഷത്തിൽ നാല് നവരാത്രികൾ ആണ് ഉള്ളത്. അവയിൽ ശരത്കാലത്ത് വരുന്ന ശരദ് നവരാത്രിയാണ് ഏറ്റവും പ്രധാനപ്പെട്ടതും ആഘോഷമാക്കുന്നതും. ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവങ്ങളെയാണ് ആരാധിക്കുന്നത്. ആദ്യ ദിനത്തിൽ പാർവതി ദേവിയുടെ ആദ്യ രൂപമായ ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. പർവതരാജനായ ഹിമവാന്റെ പുത്രിയായ ശൈലപുത്രി ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്.
ALSO READ: നവരാത്രിയുടെ മൂന്നാം ദിനം പൂജിക്കാം ചന്ദ്രഘണ്ഡയെ…. പൂജയും പ്രാധാന്യവും ഐതിഹ്യവും ഇതാ…
ദേവിയുടെ ഒൻപത് ഭാവങ്ങൾ
തപസ്സിന്റെയും ത്യാഗത്തിന്റെയും രൂപമായ ബ്രഹ്മചാരിണിയെയാണ് രണ്ടാം ദിവസത്തിൽ ആരാധിക്കുന്നത്. മൂന്നാം ദിനത്തിൽ ചന്ദ്രഘണ്ട, നാലാം ദിനത്തിൽ കൂഷ്മാണ്ഡ, അഞ്ചാം ദിനത്തിൽ സ്കന്ദമാതാ, ആറാം ജിനത്തിൽ കാത്യായനി, ഏഴാം ദിനത്തിൽ ദുർഗ്ഗാദേവിയുടെ ഏറ്റവും ഭീകരമായ രൂപമായ കാളരാത്രിയെ ആരാധിക്കുന്നു. എട്ടാം ദിനത്തിൽ മഹാഗൗരി, ഒമ്പതാം ദിനത്തിൽ സിദ്ധിദാത്രി എന്നിങ്ങനെയാണ് ദേവിയുടെ ഒമ്പത് ഭാവങ്ങൾ.
നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി, വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും പ്രാധാന്യമുള്ള ദിവസമാണ്. ഈ വർഷം ഒക്ടോബർ 2നാണ് വിജയദശമി. സെപ്തംബർ 22നാണ് നവരാത്രി ആരംഭിച്ചത്. ഈ ഒമ്പത് ദിവസങ്ങളിവും വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. എന്നാൽ അതിന് എന്തെങ്കിലും കാരണത്താൽ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ ദേവീപ്രീതി നേടാവുന്നതാണ്.
നവരാത്രിയുടെ 9 ദിവസങ്ങളിലും ദേവിയെ ഭക്തിപൂർവ്വം ആരാധിക്കുക. ഈ ദിവസങ്ങളിൽ ദുർഗ്ഗാദേവിക്ക് ചെമ്പരത്തിപ്പൂക്കൾ സമർപ്പിക്കുന്നത് ആഗ്രഹിച്ച ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.
നവരാത്രി ദിനങ്ങളിൽ ദുർഗ്ഗാ ക്ഷേത്രം സന്ദർശിക്കുകയും ദേവിക്ക് പ്രസാദമായി വെറ്റില സമർപ്പിക്കുകയും ചെയ്യുന്നത് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ കരിയർ സംബന്ധമായ എല്ലാ തടസ്സങ്ങളും നീക്കും എന്നും, ജോലിയിൽ ഉയർച്ച ഉണ്ടാക്കുമെന്നും വിശ്വസിക്കുന്നു.
നവരാത്രി സമയത്ത് ദുർഗ്ഗാദേവിയെ ആരാധിക്കുമ്പോൾ ചുവന്ന പായയിൽ ഇരുന്ന് ഭക്തിപൂർവ്വം ദേവിയുടെ നാമങ്ങൾ ജപിച്ചാൽ ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് പോസിറ്റിവിറ്റിയും ഊർജ്ജവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
നവരാത്രി ദിനങ്ങളിൽ ദുർഗ്ഗാ ചാലിസ ചൊല്ലുന്നത് മനസമാധാനം രോഗങ്ങളിൽനിന്നുള്ള മോചനം കടബാധ്യതയിൽ നിന്നുള്ള ആശ്വാസം എന്നിവ നൽകും എന്നും വിശ്വസിക്കപ്പെടുന്നു.
ദുർഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താനുള്ള മന്ത്രം
നവരാത്രി ദിനങ്ങളിൽ ദുർഗാ ദേവിയെ പ്രസാദിപ്പിക്കാൻ, “ഓം ഹ്രീം ദുർഗ്ഗായൈ നമഃ” അല്ലെങ്കിൽ “സർവ്വ മാംഗള മാംഗല്യേ ശിവേ സാർവാർത്ഥ സാധികേ, ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ” എന്ന മന്ത്രങ്ങൾ ജപിക്കാം. ഇതുകൂടാതെ, നിങ്ങൾക്ക് ദേവിയുടെ പേരുകൾ ഓർമ്മിക്കുകയോ ദുർഗ്ഗ ചാലിസ പാരായണം ചെയ്യുകയോ ചെയ്യാം, അത് ദുർഗയുടെ അനുഗ്രഹം നൽകുമെന്നാണ് വിശ്വാസം.