Dussehra Special : ഇവിടെ രാമനല്ല ദേവൻ, നാടിന്റെ മരുമകനായ രാവണന് പൂജ ചെയ്യുന്ന നാട്
Ravana worship at Mandore: ദുർമന്ത്രവാദത്തിൽ നിന്നും ദുരാത്മാക്കളിൽ നിന്നും ആളുകളെ രാവണൻ്റെ ക്ഷേത്രം സംരക്ഷിക്കുമെന്നും അവർ വിശ്വസിക്കുന്നു.

Ravana Worship
ജോധ്പുർ: എല്ലാവരും തിന്മയുടെ പ്രതീകമായി രാവണനെ കാണുമ്പോൾ അദ്ദേഹത്തെ പൂജിക്കുന്ന ഒരു സ്ഥലം ഇന്ത്യയിൽ തന്നെയുണ്ട്. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ മണ്ടോറിലുള്ള ചില ബ്രാഹ്മണ സമുദായങ്ങളാണ് രാവണനെ ദൈവമായി ആരാധിക്കുന്നത്.
മുദ്ഗൽ, ദാവേ ബ്രാഹ്മണർ അദ്ദേഹത്തെ മഹാനായ മനുഷ്യനും ജ്യോതിഷത്തിൻ്റെ പിതാവും ആയി കണക്കാക്കുന്നു. മണ്ഡോദരിയുടെ ജന്മസ്ഥലമായ മണ്ടോറിൽ, രാവണൻ ഒരു മരുമകനായിട്ടാണ് ആദരിക്കപ്പെടുന്നത്.
മണ്ടോറിലെ രാവണൻ ക്ഷേത്രത്തിൽ, ശിവനെ ആരാധിക്കുന്ന ആറടി ഉയരമുള്ള രാവണൻ്റെ പ്രതിമയുണ്ട്. ശിവൻ്റെ വലിയ ഭക്തനായതുകൊണ്ടാണ് ഈ ക്ഷേത്രം ശിവക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലത്ത് നിർമ്മിച്ചത്. രാജ്യമെമ്പാടും ദസറ ആഘോഷിക്കുമ്പോൾ, രാവണൻ്റെ അനുയായികൾ അദ്ദേഹത്തിൻ്റെ മരണത്തിൽ ദുഃഖം ആചരിക്കുന്ന ചടങ്ങുകൾ നടത്തുന്നു. ദസറയ്ക്ക് ശേഷം 12 ദിവസം നീണ്ടുനിൽക്കുന്ന ഈ ദുഃഖാചരണം ‘സൂതക്’ എന്നാണ് അറിയപ്പെടുന്നത്. ശ്രാദ്ധം, പിണ്ഡദാനം തുടങ്ങിയ കർമ്മങ്ങളും ഈ സമയത്ത് നടത്താറുണ്ട്.
ജ്യോതിഷത്തിൻ്റെ ഉപജ്ഞാതാവാണ് രാവണൻ എന്ന് വിശ്വസിക്കുന്ന ഇവർ ക്ഷേത്രത്തിൽ ജ്യോതിഷ ക്ലാസ്സുകളും നടത്തുന്നു. കൂടാതെ, ദുർമന്ത്രവാദത്തിൽ നിന്നും ദുരാത്മാക്കളിൽ നിന്നും ആളുകളെ രാവണൻ്റെ ക്ഷേത്രം സംരക്ഷിക്കുമെന്നും അവർ വിശ്വസിക്കുന്നു. തങ്ങളുടെ ഈ വിശ്വാസങ്ങൾ പൊതുസ്ഥലത്ത് പ്രകടിപ്പിക്കാൻ ഈ വിഭാഗക്കാർ ഇഷ്ടപ്പെടുന്നില്ല. രാവണനെ മറ്റ് ദൈവങ്ങളുമായി താരതമ്യം ചെയ്യുന്നത് മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയേക്കാം എന്നതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.