Sabarimala Makaravilakku: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം; സന്നിധാനത്തും പരിസരത്തും വന്‍ തീര്‍ത്ഥാടക തിരക്ക്
Sabarimala Makaravilakku Today: സന്നിധാനത്തും പരിസരത്തും വൻ തീർത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് വലിയരീതിയിലുള്ള തീർത്ഥാടക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. ഇതിന്റെ ഭാഗമായി സന്നിധാനത്തും പരിസരത്തും വൻ തീർത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് വലിയരീതിയിലുള്ള തീർത്ഥാടക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം.
രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ല. മകരവിളക്കും മകരജ്യോതിയും കണ്ടുതൊഴാൻ ഒന്നരലക്ഷത്തോളം പേരെങ്കിലും എത്തുമെന്നാണ് കണക്ക്. മകരവിളക്ക് മഹോത്സവത്തിനായി ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് നട അടയ്ക്കുന്നത്.
ഇന്നേ ദിവസം അയപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. ഇത് പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് വിവധ ക്ഷേത്രങ്ങളും കടന്ന് ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചുള്ള രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്.
Also Read:മാനം കറുത്തു; ഇനി വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ
ഇന്ന് അവധി
അതേസമയം മകരവിളക്ക് മഹോത്സവം നടക്കുന്ന ഇന്ന് പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല എന്ന് കളക്ടറുടെ ഉത്തരവിലുണ്ട്. വ്യാഴാഴ്ചയും ജില്ലയിൽ തൈപ്പൊങ്കൽ പ്രമാണിച്ച് അവധിയാണ്.