Tirumala Temple: തിരുപ്പതി ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള റീല്‍ ചിത്രീകരണം വേണ്ട; മുന്നറിയിപ്പ്
Tirumala Temple TTD Warning: ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല, ആത്മീയ അന്തരീക്ഷത്തെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. തിരുമല ഭക്തിയുടെയും ആരാധനയുടെയും മാത്രം സ്ഥലമാണെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുമല ക്ഷേത്രം റീല്‍ നിരോധനം
തിരുപ്പതി ക്ഷേത്രത്തിന് മുന്നില്‍ വെച്ചുള്ള റീല്‍ ചിത്രീകരണത്തിനെതിരെ തിരുമല-തിരുപ്പതി ദേവസ്വം. തിരുപ്പതി ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ആളുകള്‍ റീലുകള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതായി ടിടിഡിയുടെ ശ്രദ്ധയില്‍പ്പെട്ടു. തിരുപ്പതി പോലെയുള്ള പുണ്യമായ ഒരിടത്ത് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത് അനുചിതമാണെന്ന് ടിടിഡി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല, ആത്മീയ അന്തരീക്ഷത്തെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. തിരുപ്പതി ഭക്തിയുടെയും ആരാധനയുടെയും മാത്രം സ്ഥലമാണെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ടിടിഡിയുടെ മുന്നറിയിപ്പ്
ശ്രീവാരുവിന് ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളെ ബഹുമാനിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടിടിഡി, വിജിലന്‍സ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
തിരുപ്പതിയുടെ പവിത്രത ലംഘിക്കുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. തിരുപ്പതിയില്‍ വെച്ച് വീഡിയോ എടുക്കുന്നത് ഒഴിവാക്കി കൊണ്ട് ക്ഷേത്രത്തിന്റെ ആത്മീയ അന്തരീക്ഷവും പവിത്രതയും നിലനിര്‍ത്തുന്നതില്‍ സഹകരിക്കണമെന്ന് ടിടിഡി ഭക്തരോട് അഭ്യര്‍ത്ഥിച്ചു.