Kerala School Sports Meet: തലസ്ഥാനത്ത് ഇനി കായിക മാമാങ്കം; സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം
67th State School Sports meet starts from Today: ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വർണക്കപ്പാണ് സമ്മാനമായി നൽകുന്നത്. കളരിപ്പയറ്റും ഇത്തവണ മത്സരയിനമാണ്.

സ്കൂൾ കായികമേള
തിരുവനന്തപുരം: അറുപ്പത്തേഴാം സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായാണ് കായിക മത്സരങ്ങൾ നടക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വർണക്കപ്പാണ് സമ്മാനമായി നൽകുന്നത്.
കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടന ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഐ എം വിജയൻ മന്ത്രി വി ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്.
കളരിപ്പയറ്റും ഇത്തവണ മത്സരയിനമാണ്. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി, പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച തീം സോങും ഇത്തവണ ഉണ്ട്. ജനറൽ, സ്പോർട്സ് സ്കൂളുകൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും ഇത്തവണ നൽകും. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങളാണ് കായിക മാമാങ്കത്തിന് എത്തുന്നത്.
ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളും കായികമേളയിൽ പങ്കെടുക്കും. ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികളാണ് മേളയുടെ ഭാഗമാകുന്നത്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിലുണ്ട്. ആയിരത്തോളം ഉദ്യോഗസ്ഥരും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകും.