Ben Stokes: ‘ഇന്ത്യക്കെതിരെ കളിക്കാനായി മദ്യപാനം നിർത്തി’; നാല് മാസമായി തൊട്ടിട്ടില്ലെന്ന് ബെൻ സ്റ്റോക്സ്
Ben Stokes Stopped Drinking Since January: ജനുവരി മുതൽ താൻ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കാനാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പായി മദ്യപാനം നിർത്തിയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇക്കൊല്ലം ജനുവരി രണ്ട് മുതൽ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ലെന്നും സ്റ്റോക്സ് പറഞ്ഞു. ഇന്ത്യക്കെതിരായ പരമ്പരയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് താൻ ഇങ്ങനെ ഒരു മാറ്റം വരുത്തിയത് എന്നും അദ്ദേഹം അൺടാപ്പ്ഡ് പോഡ്കാസ്റ്റിൽ പറഞ്ഞു.
2024 ഓഗസ്റ്റിൽ ദി ഹണ്ട്രഡ് ടൂർണമെൻ്റിൽ കളിക്കെ താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി ഉണ്ടായിരുന്നു. 2024 ഡിസംബറിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വീണ്ടും ഇതേ പരിക്കേറ്റു. തുടർന്ന് സർജറിയ്ക്ക് വിധേയനായ സ്റ്റോക്സ് റിക്കവറിയിലായിരുന്നു. റിക്കവറിയ്ക്കിടെയാണ് മദ്യപാനം ഉപേക്ഷിക്കാൻ സ്റ്റോക്സ് തീരുമാനമെടുത്തത്.
“എൻ്റെ ആദ്യ പ്രധാന പരിക്കിന് ശേഷം അതിൻ്റെ ഞെട്ടൽ എൻ്റെ മനസിലുണ്ടായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് ഞാൻ ചിന്തിച്ചു. അന്തിന് കുറച്ചു ദിവസം മുൻപ് ഞാൻ മദ്യപിച്ചിരുന്നു. പരിക്കിന് അതൊരു കാരണമായിക്കാണുമോ എന്ന് ഞാൻ ആലോചിച്ചു. ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് തോന്നി. പൂർണമായും മദ്യം ഒഴിവാക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല. പക്ഷേ, ജനുവരി രണ്ട് മുതൽ ഞാൻ മദ്യപിച്ചിട്ടില്ല. റിക്കവറി കഴിഞ്ഞ് കളി പുനരാരംഭിക്കുന്നത് വരെ തീർച്ചയായും മദ്യപിക്കില്ലെന്ന് തീരുമാനിച്ചു.”- സ്റ്റോക്സ് പറഞ്ഞു.




ഇക്കൊല്ലം ജൂൺ- ഓഗസ്റ്റ് കാലയളവിലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുക. ജൂൺ 20ന് ഹെഡിംഗ്‌ലിയിലാണ് ആദ്യ മത്സരം. ജൂലായ് രണ്ടിന് എഡ്ജ്ബാസ്റ്റണിൽ അടുത്ത മത്സരം. ജൂലായ് 10, 23, 31 എന്നീ തീയതികളിൽ അടുത്ത മത്സരങ്ങൾ നടക്കും. യഥാക്രമം ലോർഡ്സ്, ഓൾഡ് ട്രാഫോർഡ്, കെന്നിങ്ടൺ ഓവൽ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഈ പരമ്പരയോടെയാണ് ഇന്ത്യയുടെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ ആരംഭിക്കുന്നത്. രോഹിത് ശർമ്മ വിരമിച്ചതിനാൽ പുതിയ ക്യാപ്റ്റന് കീഴിലാവും ഇന്ത്യ ഇംഗ്ലണ്ടിൽ ഇറങ്ങുക. ജസ്പ്രീത് ബുംറ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവരിൽ ഒരാളാവും പുതിയ ക്യാപ്റ്റൻ. കോലിയും കളി മതിയാക്കിയ സാഹചര്യത്തിൽ സായ് സുദർശൻ ടീമിലെത്തുമെന്നാണ് സൂചന.