IPL 2025: ‘നിൻ്റെ മുടി പിടിച്ച് നിലത്തടിയ്ക്കും’; ദിഗ്‌വേഷ് റാഠിയുടെ നോട്ട്ബുക്ക് സെലബ്രേഷനിൽ കലിപ്പിച്ച് അഭിഷേക് ശർമ്മ
Abhishek Sharma Reaction To Digvesh Rathis Celebration: ദിഗ്‌വേഷ് റാഠിയുടെ നോട്ട്ബുക്ക് സെലബ്രേഷനോട് രൂക്ഷമായി പ്രതികരിച്ച് അഭിഷേക് ശർമ്മ. 'നിൻ്റെ മുടി പിടിച്ച് നിലത്തടിയ്ക്കും' എന്നായിരുന്നു അഭിഷേകിൻ്റെ ഭീഷണി.
ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്പിന്നർ ദിഗ്‌വേഷ് റാഠി വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തുന്ന നോട്ട്ബുക്ക് സെലബ്രേഷൻ വളരെ പ്രശസ്തമാണ്. ഈ സെലബ്രേഷൻ കാരണം രണ്ട് തവണ റാഠിയ്ക്ക് ഐപിഎൽ ഗവേണിങ് കമ്മറ്റി പിഴ വിധിയ്ക്കുകയും ചെയ്തു. അച്ചടക്ക നടപടി നേരിട്ടിട്ടും റാഠി സെലബ്രേഷൻ തുടർന്നു. എന്നാൽ, കഴിഞ്ഞ ദിവസം സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഇത് ചെറുതായൊന്ന് പാളി.
സൺറൈസേഴ്സ് ഓപ്പണർ അഭിഷേക് ശർമ്മയെ വീഴ്ത്തിയതിന് ശേഷമായിരുന്നു റാഠിയുടെ സെലബ്രേഷൻ. 20 പന്തിൽ 59 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന അഭിഷേകിനെ പുറത്താക്കിയത് അല്പം അഗ്രസീവായിത്തന്നെ റാഠി ആഘോഷിച്ചു. നോട്ട്ബുക്ക് സെലബ്രേഷനും നടത്തി. എന്നാൽ, ഇത് അഭിഷേകിന് ഇഷ്ടമായില്ല. അഭിഷേകും റാഠിയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് അമ്പയർമാരും ലഖ്നൗവിലെ മറ്റ് താരങ്ങളും ചേർന്ന് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. പോകുന്ന പോക്കിന് ‘നിൻ്റെ മുടി പിടിച്ച് നിലത്തടിയ്ക്കും’ എന്ന് അഭിഷേക് റാഠിയെ ഭീഷണിപ്പെടുത്തിയതായാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.




വിഡിയോ കാണാം
Abhishek Sharma up for a fight, with or without a bat 🤯
Digvesh Rathi – Abhishek Sharma#DigveshRathi #abhisheksharma #IPL2025 pic.twitter.com/yH7ZtiS9pQ
— Cricket Enthusiast (@tarunreddyoo7) May 19, 2025
മത്സരത്തിൽ സൺറൈസേഴ്സ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ പരാജയപ്പെടുത്തിയിരുന്നു. ആറ് വിക്കറ്റിനായിരുന്നു ഹൈദബാരാബിൻ്റെ ജയം. ഹൈദരാബാദ് നേരത്തെ തന്നെ പ്ലേ ഓഫിൽ നിന്ന് പുറത്തായിരുന്നു. ഹൈദരാബാദിനെ തോല്പിച്ചിരുന്നെങ്കിൽ ലഖ്നൗവിന് പ്ലേ ഓഫ് സാധ്യത നിലനിർത്താമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസ് നേടി. മിച്ചൽ മാർഷ് (39 പന്തിൽ 65) ആണ് ലഖ്നൗവിൻ്റെ ടോപ്പ് സ്കോറർ ആയത്. മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമ്മയുടെയും ഹെയ്ൻറിച് ക്ലാസൻ്റെയും (28 പന്തിൽ 47) മികവിൽ ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നു. 10 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു വിജയം.
ഐപിഎലിൽ ഇനി ബാക്കിയുള്ള ഒരു പ്ലേ ഓഫ് സ്പോട്ടിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമാണ് മത്സരിക്കുന്നത്. 12 മത്സരങ്ങളിൽ ഏഴ് ജയം സഹിതം 14 പോയിൻ്റുള്ള മുംബൈ പട്ടികയിൽ നാലാമതും ഇത്ര തന്നെ കളികളിൽ ആറ് ജയം സഹിതം 13 പോയിൻ്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്തുമാണ്. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾ ഇതിനകം പ്ലേ ഓഫിലെത്തി.