5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Carlos Alcaraz Won French Open Trophy : ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ അൽക്കാരസിന് കന്നിമുത്തം; കലാശപ്പോരിൽ വീണത് അലക്സാണ്ടർ സ്വരേവ്

Carlos Alcaraz Won French Open Trophy : ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ വീഴ്ത്തി ഫ്രഞ്ച് ഓപ്പൺ കിരീടം സ്പാനിഷ് താരം കാർലോസ് അൽകാരസിന്. അൽകാരസിൻ്റെ കന്നി ഫ്രഞ്ച് ഓപ്പൺ ആണിത്.

Carlos Alcaraz Won French Open Trophy : ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ അൽക്കാരസിന് കന്നിമുത്തം; കലാശപ്പോരിൽ വീണത് അലക്സാണ്ടർ സ്വരേവ്
Carlos Alcaraz Won French Open Trophy (Image Coutsey – Reuters)
Follow Us
abdul-basithtv9-com
Abdul Basith | Published: 10 Jun 2024 11:24 AM

റോളണ്ട് ഗാരോസിൽ സ്പാനിഷ് വസന്തം. കരിയറിൽ ആദ്യമായി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കി. പുരുഷ സിംഗിൾസിലാണ് അൽകാരസിൻ്റെ നേട്ടം. ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ വീഴ്ത്തിയാണ് അൽകാരസ് കന്നി ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയത്. അൽകാരസിൻ്റെ കരിയറിലെ മൂന്നാം ഗ്രാൻഡ് സ്ലാം ആണിത്.

നാല് മണിക്കൂറും 19 മിനിട്ടും നീണ്ടുനിന്ന, അഞ്ച് സെറ്റുകൾ നീണ്ട എപിക് ത്രില്ലർ പോരിനൊടുവിലാണ് അൽകാരസ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യ സെറ്റ് 6-2 എന്ന സ്കോറിന് അൽകാരസ് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റ് അതേ സ്കോറിന് സ്വരേവ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. ഒടുവിൽ സെറ്റ് 5-7 എന്ന സ്കോറിന് സ്വരേവ് നേടി. എന്നാൽ, അവസാന രണ്ട് സെറ്റുകളിൽ സ്വരേവിനെ നിഷ്പ്രഭനാക്കിക്കളഞ്ഞ അൽകാരസ് 6-1, 6-2 എന്ന സ്കോറിൽ സെറ്റുകളും മത്സരവും പിടിച്ചെടുത്തു. സ്കോർ 6-2, 2-6, 5-7, 6-1, 6-2.

Read Also: T20 World Cup Pakistan USA: യുഎസ്എ അടുത്ത റൗണ്ടിലേക്കും പാകിസ്താൻ പുറത്തേക്കും; ടി20 ലോകകപ്പിൽ ട്വിസ്റ്റ്?

ഇതിഹാസതാരം റാഫേൽ നദാലിനെ അട്ടിമറിച്ച് ആരംഭിച്ച സ്വരേവിന് പക്ഷേ, ഫൈനൽ കടമ്പ കടക്കാനായില്ല. കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം ഫൈനലാണ് സ്വരേവ് കളിച്ചത്. രണ്ടിലും കിരീടം നേടാൻ താരത്തിന് സാധിച്ചില്ല. 2020 യുഎസ് ഓപ്പൺ ഫൈനലിൽ കലാശപ്പോരിന് അർഹത നേടിയ സ്വരേവ് അന്ന് ഡൊമിനിക്ക് തീമിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

സെമിയിലും ഫൈനലിലും തുടരെ അഞ്ച് സെറ്റുകൾ കളിച്ച് കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് അൽകാരസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കിയത്. 2017ൽ ഇതിഹാസതാരം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിൻ്റെ സെമിയിലും ഫൈനലിലും അഞ്ച് സെറ്റുകൾ വീതം കളിച്ച് ചാമ്പ്യനായിരുന്നു. ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തോടെ മൂന്ന് വ്യത്യസ്ത പ്രതലങ്ങളിൽ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അൽകാരസിനു ലഭിച്ചു. 21 വയസുകാരനായ താരം 2022ൽ ഹാർഡ് കോർട്ടിൽ യുഎസ് ഓപ്പൺ കിരീടവും 2023ൽ പുൽ കോർട്ടിൽ വിംബിൾഡൺ കിരീടവും നേടിയിരുന്നു.

Latest News