Champions Trophy 2025: ‘അവരെ കെട്ടിപ്പിടിക്കാനൊന്നും നിക്കണ്ട’; ഇന്ത്യൻ താരങ്ങളുമായി സൗഹൃദം വേണ്ടെന്ന് പാക് താരങ്ങളോട് ആരാധകൻ
Pakistan Players Friendship India: ഇന്ത്യൻ താരങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുള്ള ഇടമായി ചാമ്പ്യൻസ് ട്രോഫി കാണരുതെന്ന് പാകിസ്താൻ താരങ്ങളോട് ആരാധകൻ. ഇന്ത്യൻ താരങ്ങളുമായി സൗഹൃദം വേണ്ടെന്നും അവരെ ആലിംഗനം ചെയ്യരുതെന്നും ആരാധകൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ താരങ്ങളുമായി സൗഹൃദം വേണ്ടെന്ന് പാകിസ്താൻ ആരാധകൻ. പാകിസ്താനിൽ ചെന്ന് ചാമ്പ്യൻസ് ട്രോഫി മത്സരം കളിക്കാൻ തയ്യാറാവാതിരുന്നവരുമായി ചങ്ങാത്തം കൂടേണ്ടെന്നാണ് താരങ്ങളോട് ആരാധകൻ്റെ ആവശ്യം. പാകിസ്താൻ മാധ്യമപ്രവർത്തകനായ ഫരീദ് ഖാൻ പങ്കുവച്ച വിഡിയോയിലാണ് ആരാധകൻ്റെ ആവശ്യം. വിരാട് കോലി അടക്കമുള്ള ഇന്ത്യൻ താരങ്ങളെ ആലിംഗനം ചെയ്യരുതെന്നും ഇയാൾ വിഡിയോയിൽ ആവശ്യപ്പെടുന്നു.
“അവിടെ ഇന്ത്യൻ താരങ്ങളുമായി ഹൃദയഹാരിയായ നിമിഷങ്ങൾക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ അത് വേണ്ട. കോലിയുമായി ഇവർക്കൊക്കെ നല്ല സൗഹൃദമുണ്ട്. അത് വേണ്ട. ചാമ്പ്യൻസ് ട്രോഫി വരെ അതൊക്കെ മാറ്റിവെക്കണം. രോഹിത് ശർമ്മ മീറ്റപ്പിനായി പാകിസ്താനിലേക്ക് വരില്ല. ഇന്ത്യൻ ടീം വരില്ല.”- ആരാധകൻ പറയുന്നു.
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീം
സീനിയർ പേസർ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി കളിയ്ക്കുക. ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ. ബുംറയ്ക്കൊപ്പം ബാക്കപ്പ് ഓപ്പണറായി ഇംഗ്ലണ്ടിനെതിരായ ടീമിൽ ഉൾപ്പെട്ട യശസ്വി ജയ്സ്വാളും ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്താക്കി. നേരത്തെ ഇന്ത്യ സമർപ്പിച്ച പ്രാഥമിക പട്ടികയിൽ താരം ടീമിലുണ്ടായിരുന്നു. പേസർ ഹർഷിത് റാണ, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർ പകരം ചാമ്പ്യൻസ് ട്രോഫി ടീമിലെത്തി. ജയ്സ്വാളിനൊപ്പം പേസർ മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവർ റിസർവ് പട്ടികയിലാണ്.




പ്രാഥമിക ടീമിൽ നിന്ന് മാറ്റങ്ങൾ വരുത്താൻ ഫെബ്രുവരി 12 വരെയാണ് ക്രിക്കറ്റ് ബോർഡുകൾക്ക് ഐസിസി അനുവദിച്ചിരുന്ന സമയം. 11ന് ബിസിസിഐ സെൽസ്ക്ഷൻ കമ്മറ്റി അവസാനവട്ട ടീം പുറത്തുവിട്ടു. ബുംറ ചാമ്പ്യൻസ് ട്രോഫി കളിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ബുംറ ഉൾപ്പെട്ടു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം താരത്തെ രഹസ്യമായി ടീമിൽ നിന്ന് മാറ്റി. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലും ചാമ്പ്യൻസ് ട്രോഫിയിലും താരം കളിക്കുമെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി. എന്നാൽ, ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ ബുംറ പുറത്ത്. ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പകരം ടീമിലെത്തിയ ഹർഷിത് റാണ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലാണ് ഏകദിനത്തിൽ അരങ്ങേറിയത്. ഹർഷിത് റാണയ്ക്കൊപ്പം മുഹമ്മദ് ഷമിയും അർഷ്ദീപ് സിംഗുമാണ് ടീമിലെ മറ്റ് പേസർമാർ. രോഹിത് ശർമ്മ ടീം ക്യാപ്റ്റനാണ്. ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ.