5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy 2025: ആ സൂപ്പര്‍ താരം തന്ന എട്ടിന്റെ പണിയില്‍ നിന്ന് ബിസിസിഐ പാഠം പഠിച്ചു; പുതിയ ‘നിയന്ത്രണങ്ങള്‍’ പാലിച്ച് ഇന്ത്യന്‍ ടീം ഇന്ന് ദുബായിലേക്ക്‌

ICC Champions Trophy Indian Team : മുംബൈയില്‍ നിന്നാകും ടീം ദുബായിലേക്ക് പോകുന്നത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുടുംബാംഗങ്ങള്‍ ഒപ്പമില്ലാതെയാകും യാത്ര. 45 ദിവസത്തില്‍ താഴെയുള്ള പര്യടനങ്ങള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുവാദമില്ല. സ്വയം ചെലവ് വഹിച്ച് കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുപോകാം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷമാണ് പുതിയ നിയന്ത്രണം. ചാമ്പ്യന്‍സ് ട്രോഫി മുതല്‍ പ്രാബല്യത്തിലാകും.

ICC Champions Trophy 2025: ആ സൂപ്പര്‍ താരം തന്ന എട്ടിന്റെ പണിയില്‍ നിന്ന് ബിസിസിഐ പാഠം പഠിച്ചു; പുതിയ ‘നിയന്ത്രണങ്ങള്‍’ പാലിച്ച് ഇന്ത്യന്‍ ടീം ഇന്ന് ദുബായിലേക്ക്‌
ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ-ഫയല്‍ ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 15 Feb 2025 13:50 PM

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും, പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇന്ന് ദുബായിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നാകും ഇന്ത്യന്‍ ടീം ദുബായിലേക്ക് പോകുന്നത്. ബിസിസിഐയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുടുംബാംഗങ്ങള്‍ ഒപ്പമില്ലാതെയാകും യാത്ര. 45 ദിവസത്തില്‍ താഴെയുള്ള പര്യടനങ്ങള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ ബിസിസിഐയുടെ അനുവാദമില്ല. സ്വയം ചെലവ് വഹിച്ച് കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുപോകുന്നതില്‍ നിയന്ത്രണമില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷമാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്. ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ഇത് പ്രാബല്യത്തിലാകും.

താരങ്ങള്‍ ടീം ബസിലടക്കം യാത്ര ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ടീമിലെ ഒത്തൊരുമ വര്‍ധിപ്പിക്കാനാണ് പുതിയ നിര്‍ദ്ദേശങ്ങളെന്ന് വ്യാഖ്യാനമുണ്ടെങ്കിലും ഒരു സൂപ്പര്‍താരം നല്‍കിയ ‘എട്ടിന്റെ പണി’യാണ് ബിസിസിഐ പുതിയ നിയന്ത്രണങ്ങളിലേക്ക് പ്രേരിപ്പിച്ചത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഈ താരം 27ലധികം ബാഗുകളാണ് കൊണ്ടുപോയത്. ഇത്രയും ബാഗുകള്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ് ബിസിസിഐ വഹിക്കേണ്ടി വന്നു. താരത്തിന്റെ മാത്രമല്ല, കുടുംബാംഗങ്ങളുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും ലഗേജിന് വരെ ബിസിസിഐ പണം നല്‍കി. 250 കിലോയില്‍ കൂടുതല്‍ ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ചെലവ് വഹിക്കേണ്ട ബാധ്യതയേ ബിസിസിഐക്കുള്ളൂ. എന്നാല്‍ കുടുംബാംഗങ്ങളുടെയടക്കം ലഗേജ് തന്റെ ‘കണക്കി’ലാണ് താരം ഉള്‍പ്പെടുത്തിയത്. ഇതോടെയാണ് മുഴുവന്‍ ചെലവും ബിസിസിഐക്ക് വഹിക്കേണ്ടി വന്നത്.

Read Also : ധോണിയെ പോലെയെന്ന് ഒരു വിഭാഗം, എബിഡിയെ ഓര്‍മിപ്പിച്ചെന്ന് മറ്റു ചിലര്‍ ! റിച്ച ഘോഷിനെ വാഴ്ത്തി ആരാധകര്‍

ലക്ഷകണക്കിന് രൂപയാണ് ബിസിസിഐക്ക് ചെലവായതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിലും, ലഗേജിന്റെ കാര്യത്തിലുമടക്കം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഒരു താരത്തിന്റെ പരമാവധി 150 കിലോഗ്രാം വരെയുള്ള ലഗേജിന്റെ ചെലവ് ബിസിസിഐ വഹിക്കും. 150ന് മുകളില്‍ താരത്തിന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കേണ്ടി വരും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതില്‍ ഇളവ് തേടിയും ഒരു സൂപ്പര്‍താരം ബിസിസിഐ സമീപിച്ചിരുന്നെങ്കിലും ബോര്‍ഡ് വഴങ്ങിയില്ല. നിയന്ത്രണം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു നിലപാട്. ഈ സൂപ്പര്‍താരം ആരാണെന്ന് വ്യക്തമല്ല.