Christian Eriksen: തോല്‍ക്കാന്‍ മനസില്ലാത്ത ഡാനിഷ് പോരാളി; ക്രിസ്റ്റ്യൻ എറിക്‌സന്റെ തിരിച്ചുവരവ് കാത്ത് ആരാധകര്‍
Christian Eriksen Collapses Again vs Ukraine: നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ് ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യൻ എറിക്‌സൺ. എന്നാല്‍, ഇപ്പോള്‍ വീണ്ടുമൊരു പച്ചപ്പുല്‍മൈതാനത്ത്, യുക്രൈനെതിരായ മത്സരത്തിനിടയില്‍ ആ ഡാനിഷ് പോരാളി വീണ്ടും കുഴഞ്ഞുവീണു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ലോക ഫുട്‌ബോളിന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമാകുകയാണ്.
ഫുട്‌ബോള്‍ ഒരു കായിക വിനോദം മാത്രമല്ല, ചിലപ്പോള്‍ അത് അതിജീവനത്തിന്റെ കരുത്ത് വരച്ചുകാട്ടുന്ന ഒരു കാന്‍വാസായി മാറാറുണ്ട്. കളിമുറ്റത്ത് പന്ത് തട്ടുമ്പോള്‍ ആരാധകര്‍ കാണുന്നത് ഗോളുകളോ കളിതന്ത്രങ്ങളോ മാത്രമല്ല, താരങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തും കൂടിയാണ്. അത്തരത്തിലുള്ള അതിജീവനത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ് ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യൻ എറിക്‌സൺ. എന്നാല്‍, ഇപ്പോള്‍ വീണ്ടുമൊരു പച്ചപ്പുല്‍മൈതാനത്ത്, യുക്രൈനെതിരായ മത്സരത്തിനിടയില്‍ ആ ഡാനിഷ് പോരാളി വീണ്ടും കുഴഞ്ഞുവീണു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ലോക ഫുട്‌ബോളിന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമാകുകയാണ്.
ഡെന്മാര്‍ക്കിന്റെ മധ്യനിരയിലെ കരുത്തനായ ഈ 34-കാരന്‍ വെറുമൊരു മിഡ്ഫീല്‍ഡറല്ല. അയാള്‍ ടീമിന്റെ കളിതന്ത്രങ്ങള്‍ മെനയുന്ന പടക്കുതിരയാണ്. മിഡില്‍ഫാര്‍ട്ടിന്റെയും, അയാക്‌സിന്റെയും അക്കാദമികളിലൂടെ ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ച്, ടോട്ടനത്തിലും, ഇന്റര്‍ മിലാനിലും, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുമൊക്കെ തന്റെ കളിമികവ് കൊണ്ട് വിസ്മയം തീര്‍ത്ത താരം.
പന്തിന്മേലുള്ള മികച്ച കണ്‍ട്രോളും, ഏത് പ്രതിരോധക്കോട്ടകളെയും നിഷ്പ്രഭമാക്കുന്ന പാസുകളും, ഏത് ദിശയില്‍ നിന്നും വല കുലുക്കാന്‍ പോന്ന ഫ്രീകിക്കുകളും താരത്തെ ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കര്‍മാരില്‍ ഒരാളാക്കി മാറ്റി.
Also Read: FIFA World Cup 2026: വമ്പന്മാർ വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പിലെ തീപാറും പോരാട്ടങ്ങളുടെ തീയതികൾ
ഡെന്മാര്‍ക്കിന്റെ കരുത്തന്‍
ഡാനിഷ് ടൈനാമൈറ്റുകളുടെ വല്യേട്ടനാണ് എറിക്‌സണ്‍. ഡെന്മാര്‍ക്കിന്റെ ദേശീയ ടീമിനായി 150-ലധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം ആ രാജ്യത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. പലപ്പോഴും ഡെന്മാര്‍ക്ക് കൈവരിച്ച മുന്നേറ്റങ്ങളില്‍ എറിക്‌സണും ഒരു ഭാഗമായിരുന്നു. ജയിച്ചാലും തോറ്റാലും സൗമ്യമായ മുഖത്തോടെ സഹതാരങ്ങളെ ചേര്‍ത്തുപിടിക്കുന്ന, തോല്‍ക്കാന്‍ മനസില്ലാത്ത ആ പോരാളിയുടെ മനക്കരുത്താണ് ആരാധകരുടെ ഹൃദയത്തില്‍ എറിക്‌സണെ പ്രിയപ്പെട്ടവനാക്കുന്നത്.
വെല്ലുവിളിയായി ആരോഗ്യപ്രശ്‌നങ്ങള്‍
2021 ജൂണിലെ ആ ഭീതിപ്പെടുത്തുന്ന ദിനം ആരാധകര്‍ ഒരിക്കലും മറക്കില്ല. യൂറോ കപ്പില്‍ ഫിന്‍ലാഡിനെതിരായ മത്സരത്തിനിടയില്‍ എറിക്‌സണ്‍ പെട്ടെന്ന് ഹൃദയസ്തംഭനം വന്ന് മൈതാനത്തേക്ക് വീണു. താരത്തിന്റെ തിരിച്ചുവരവിനായി ലോകം മനമുരുകി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ മെഡിക്കല്‍ സയന്‍സിന്റെ കരുത്തില്‍ ഐസിഡി എന്ന ഉപകരണം ഹൃദയത്തില്‍ ഘടിപ്പിച്ച് അദ്ദേഹം ജീവിതത്തിലേക്കും, ക്രമേണ മൈതാനത്തേക്കും തിരിച്ചെത്തി.
പിന്നെയും പച്ചപ്പുല്‍മൈതാനത്ത് അദ്ദേഹം വിസ്മയങ്ങള്‍ വരച്ചുകാട്ടി. എന്നാല്‍ വിധി വീണ്ടും കരുണയില്ലാതെ എറിക്‌സണെ വേട്ടയാടുകയാണ്. യുക്രൈനെതിരായ സൗഹൃദ മത്സരത്തിലും താരം കുഴഞ്ഞുവീണിരിക്കുന്നു. ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടില്‍ നിന്ന് തനിയെ നടന്നുനീങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചത് ആരാധകര്‍ക്ക് ആശ്വാസമായി. ആരോഗ്യം വീണ്ടെടുത്തുവരുന്നുവെന്ന റിപ്പോര്‍ട്ടുകളും സന്തോഷം പകരുന്നതാണ്. എറിക്‌സണ് ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
മത്സരത്തിനിടെ സംഭവിച്ചത്:
CRISTIAN ERICKSEN COLLAPSES ON PITCH “AGAIN”
INVESTIGATION NEEDED INTO WHY, WE ALL KNOW!@tv2danmark @denmarkdotdk @FOOTBALL @MEDICALEMMERGENCY @COLLAPSE pic.twitter.com/3sL0t4WJQq
— ULTIMATE SOCCER SHOW (YOUTUBE) PUNDIT & KRINEIN. (@SOCCERSTEVE01) June 7, 2026
ഭാവി ആശങ്കയില്‍
താരം സുഖംപ്രാപിച്ച് വരുന്നുണ്ടെങ്കിലും, രണ്ടാം തവണയും മൈതാനത്ത് കുഴഞ്ഞുവീണത് കരിയറിന് മുന്നില്‍ വലിയൊരു ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. ഇനിയൊരു തിരിച്ചുവരവ് എറിക്‌സണ് സാധ്യമാണോയെന്നാണ് ആരാധകരെ അലട്ടുന്ന ചോദ്യം. വീണ്ടുമൊരു തിരിച്ചുവരവ് താരത്തിന് എത്രത്തോളം സുരക്ഷിതമായിരിക്കുമെന്നാണ് കളിപ്രേമികളുടെ ആശങ്ക.
കളിമുറ്റത്തേക്ക് താരം തിരിച്ചെത്തിയാലും, ഇല്ലെങ്കിലും എറിക്‌സണ്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരിക്കും. മൈതാനത്ത് വീണതിനെക്കാള്‍, താരം പകര്‍ന്നുനല്‍കിയ ആത്മവിശ്വാസത്തിന്റെ തിളക്കമാണ് ആരാധകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നത്. ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം ആ ഹൃദയമിടിപ്പ് കളിപ്രേമികളുടെ ഉള്ളില്‍ എന്നും മുഴങ്ങിക്കൊണ്ടിരിക്കും.
English Summary
Christian Eriksen collapsed on the field during Denmark’s match against Ukraine. This marks the second time the talented Danish midfielder has suffered a health scare during play. He has had a remarkable career playing for top clubs like Tottenham and Manchester United. Fans and players worldwide are now deeply concerned about his future and overall health.