Asia Cup 2025: ടോസ് ജയിച്ച് പാകിസ്താൻ; ഇന്ത്യ ഫീൽഡ് ചെയ്യും
Pakistan Will Bat Against India: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ബാറ്റ് ചെയ്യും. ടോസ് വിജയിച്ച പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
പാകിസ്താനെതിരായ ഏഷ്യാ കപ്പിൽ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ടോസ് ജയിച്ച പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല. ഇന്നത്തെ കളി വിജയിക്കുന്ന ടീമിന് നോക്കൗട്ട് ഘട്ടം ഉറപ്പിക്കാം.
തങ്ങളുടെ കഴിഞ്ഞ കളിയിൽ ഇരു ടീമുകളും വിജയിച്ചിരുന്നു. ഇന്ത്യ യുഎഇയെ 9 വിക്കറ്റിന് തകർത്തപ്പോൾ പാകിസ്താൻ ഒമാനെ 93 റൺസിന് കെട്ടുകെട്ടിച്ചു. സമീപകാലത്തായി ഇന്ത്യ കാഴ്ചവെക്കുന്ന ബ്രാൻഡ് ഓഫ് ക്രിക്കറ്റിന് മുന്നിൽ റീബിൽഡിങ് നടത്തിക്കൊണ്ടിരിക്കുന്ന പാകിസ്താന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് പൊതുവായ നിരീക്ഷണം.
ശുഭ്മൻ ഗിൽ മാത്രമാണ് ഇന്ത്യൻ ടീമിൽ പരമ്പരാഗത ശൈലിയുള്ള ടി20 ബാറ്റർ എന്ന് പറയാവുന്ന താരം. അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നീ മറ്റ് ബാറ്റർമാരൊക്കെ ആദ്യ പന്ത് മുതൽ ബൗണ്ടറിയ്ക്ക് ശ്രമിക്കുന്നവരാണ്. ഇത് പാകിസ്താൻ്റെ താരതമ്യേന യുവ ബൗളിംഗ് നിരയ്ക്ക് വെല്ലുവിളി ആയേക്കും.
ഫഖർ സമാനെ നാലാം നമ്പരിലേക്ക് മാറ്റിയുള്ള പരീക്ഷണം അത്ര വിജയമാണെന്ന് പറയാനാവില്ലെങ്കിലും സയിം അയൂബ്, മുഹമ്മദ് ഹാരിസ്, സൽമാൻ അലി ആഘ, ഷഹിബ്സാദ ഫർഹാൻ തുടങ്ങിയ ടോപ്പ് ഓർഡർ ശക്തമാണ്. രാജ്യാന്തര ക്രിക്കറ്റിൽ അത്ര മത്സരപരിചയമുള്ള താരങ്ങളല്ല ഇവർ. പക്ഷേ, മികച്ച താരങ്ങൾ.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇരു ടീമുകൾക്കും മാരകായുധങ്ങളുണ്ട്. കുൽദീപ് യാദവും വരുൺ ചക്രവർത്തിയും സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായും അക്സർ പട്ടേൽ സ്പിൻ ഓൾറൗണ്ടറായും ഇന്ത്യൻ ടീമിൽ കളിക്കുന്നു. അഭിഷേക് ശർമ്മയ്ക്ക് പാർട് ടൈം സ്പിൻ വഴങ്ങും. പാക് നിരയിൽ അബ്റാർ അഹ്മദ്, സുഫ്യാൻ മുഖീം എന്നിവരാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ. സൽമാൻ അലി ആഘ, മുഹമ്മദ് നവാസ് എന്നിവർ സ്പിൻ ഓൾറൗണ്ടർമാരാണ്.