AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: എല്ലാം വളരെ പെട്ടെന്നായിരുന്നു; സ്പിൻ കുരുക്കിൽ തകർന്നടിഞ്ഞ് പാകിസ്താൻ

Pakistan Score vs India: പാകിസ്താനെ തടഞ്ഞുനിർത്തി ഇന്ത്യൻ സ്പിൻ ത്രയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഒരു ഘട്ടത്തിൽ പോലും മേൽക്കൈ നേടാൻ സാധിച്ചില്ല.

Asia Cup 2025: എല്ലാം വളരെ പെട്ടെന്നായിരുന്നു; സ്പിൻ കുരുക്കിൽ തകർന്നടിഞ്ഞ് പാകിസ്താൻ
ഇന്ത്യ - പാകിസ്താൻImage Credit source: BCCI X
abdul-basith
Abdul Basith | Updated On: 14 Sep 2025 21:53 PM

പാകിസ്താനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് നേടി. 40 റൺസെടുത്ത സഹിബ്സാദ ഫർഹാനാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. കുൽദീപ് യാദവ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ പാകിസ്താന് വിക്കറ്റ് നഷ്ടമായി. ആദ്യ പന്ത് വൈഡായെങ്കിലും അടുത്ത പന്തിൽ ഓപ്പണർ സെയിം അയൂബിനെ (0) ഹാർദിക് പാണ്ഡ്യ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ചു. ജസ്പ്രീത് ബുംറ എറിഞ്ഞ അടുത്ത ഓവറിൽ മുഹമ്മദ് ഹാരിസും (3) മടങ്ങി. ഇത്തവണ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്താണ് ഹാരിസ് പുറത്തായത്.

Also Read: Asia Cup 2025: ടോസ് ജയിച്ച് പാകിസ്താൻ; ഇന്ത്യ ഫീൽഡ് ചെയ്യും

മൂന്നാം വിക്കറ്റിൽ സഹിബ്സാദ ഫർഹാനും ഫഖർ സമാനും ചേർന്നപ്പോഴാണ് പാക് ഇന്നിംഗ്സിന് ജീവൻ വച്ചത്. ഇരുവരും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ അക്സർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 15 പന്തിൽ 17 റൺസ് റൺസ് നേടിയ സമാനെ അക്സർ പട്ടേൽ തിലക് വർമ്മയുടെ കൈകളിലെത്തിക്കുകയായിരുന്നു. അക്സറിനെതിരെ സ്റ്റെപ്പൗട്ട് ചെയ്ത് കൂറ്റൻ ഷോട്ടിന് ശ്രമിച്ച സമാന് പിഴയ്ക്കുകയായിരുന്നു.

ഇതോടെ പാകിസ്താന് വീണ്ടും തുടരെ വിക്കറ്റുകൾ നഷ്ടമായി. സൽമാൻ അലി ആഘയും (3) അക്സറിൻ്റെ ഇരയായി. സൽമാനെ അഭിഷേക് ശർമ്മ പിടികൂടുകയായിരുന്നു. ഹസൻ നവാസ് (5), മുഹമ്മദ് നവാസ് (0) എന്നിവരെ കുൽദീപ് യാദവ് മടക്കി. ഹസൻ നവാസിനെ അക്സർ പട്ടേൽ കൈപ്പിടിയിലൊതുക്കിയപ്പോൾ മുഹമ്മദ് നവാസ് വിക്കറ്റിന് മുന്നിൽ കുടുങ്ങി.

ഒരുവശത്ത് വിക്കറ്റുകൾ തുടരെ വീഴുമ്പോഴും പിടിച്ചുനിന്ന സഹിബ്സാദ ഫർഹാനെ (40) ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച കുൽദീപ് യാദവ് മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഫഹീം അഷ്റഫിനെ (11) വിക്കറ്റിന് മുന്നിൽ കുരുക്കിയ വരുൺ ചക്രവർത്തി തൻ്റെ ആദ്യ വിക്കറ്റ് നേടി. തുടരെ രണ്ട് ബൗണ്ടറികൾ നേടിയെങ്കിലും സുഫ്യാൻ മുഖീമിൻ്റെ (10) കുറ്റി പിഴുത് ബുംറ പ്രതികാരവും തൻ്റെ രണ്ടാം വിക്കറ്റും നേടി. അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ഷഹീൻ ഷാ അഫ്രീദിയാണ് പാകിസ്താനെ 120 കടത്തിയത്. 16 പന്തുകൾ നേരിട്ട ഷഹീൻ നാല് സിക്സറുകൾ സഹിതം 33 റൺസ് നേടി ക്രീസിൽ തുടർന്നു.